കൊച്ചി: സംസ്ഥാനത്ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആറ്റിങ്ങള്‍ സ്വദേശി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.

നശിക്കാന്‍ സാധ്യതയില്ലാത്ത വസ്തുക്കള്‍ പരസ്യ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഒരു കാലത്തും നശിക്കാതെ കിടക്കുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാലാണ് കോടതിയുടെ ഇടപെടല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന കോടതി ഉത്തരവ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാകും. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റ് സാധ്യതകള്‍ തേടേണ്ടി വരും.

ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ദുരുപയോഗം ചൂണ്ടിക്കാട്ടി മറ്റൊരു ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെയും കേന്ദ്ര സര്‍ക്കാരിനെയും മലിനീകരണ ബോര്‍ഡിനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും എതിര്‍കക്ഷികളാക്കി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് സമയത്ത് പൊതുനിരത്തുകള്‍ കയ്യേറുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ബാഹുല്യം വളരെ കൂടുതലാണ്. ഇത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടല്‍.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.