കൊച്ചി: ഒരാൾ ഒന്നിലധികം വോട്ട് ചെയ്യുന്നില്ലന്ന് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതിയുടെ നിർദേശം. ഇരട്ട വോട്ട് തടയുന്നതിന് കമ്മിഷൻ സമർപ്പിച്ച മാർഗരേഖ കോടതി അംഗീകരിച്ചു. വോട്ടർ പട്ടികയിൽ വ്യാജ – ഇരട്ട വോട്ടുകൾ വ്യാപകമായി ചേർത്തിട്ടുണ്ടെന്നും അത്തരം വോട്ടർമാർ വോട്ട് ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

ബൂത്ത് ലെവൽ ഓഫിസർമാർ നേരിട്ട് വിടുകളിൽ എത്തി ഇരട്ട വോട്ടർമാരെ തിരിച്ചറിഞ്ഞ് പട്ടിക തയാറാക്കുമെന്നും ഈ പട്ടിക വോട്ടർ പട്ടികയ്ക്കൊപ്പം പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകുമെന്നും പട്ടികയിലുള്ള ആരെങ്കിലും എത്തിയാൽ നടപടി ഉണ്ടാവുമെന്നുമാണ് കമ്മിഷൻ കോടതിയെ അറിയിച്ചത്.

Read More: ‘കേരളത്തിൽ ലക്ഷക്കണക്കിന് ഇരട്ടവോട്ടുകൾ;’ വിശദ വിവരങ്ങളുമായി ‘ഓപ്പറേഷൻ ട്വിൻസ്’ (Operation Twins)

കമ്മിഷന്റെ ഈ മാർഗരേഖ കോടതി അംഗീകരിക്കുകയായിരുന്നു. സംസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് 3.17 ലക്ഷം ഇരട്ട വോട്ടുകൾ ഉണ്ടന്നാണ് കമ്മിഷന് പരാതി നൽകിയത്. എന്നാൽ പരിശോധനയിൽ 38,586 ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നാണ് കമ്മിഷൻ അറിയിച്ചത്.

വോട്ടർ പട്ടികയിൽ 4.34 ലക്ഷം ക്രമരഹിത വോട്ടർമാരുണ്ടെന്നും സിപിഎം ചായ്‌വുള്ള ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നുമാണ് ചെന്നിത്തലയുടെ ആരോപണം.

ഇരട്ട വോട്ട് മരവിപ്പിക്കണമെന്നും ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് നിർദേശം നൽകണമെന്നുമാണ് ആവശ്യം. എന്നാൽ സംസ്ഥാനത്ത് 38,586 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്തിയതെന്നും ഇരട്ട വോട്ട് തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Read More: ഇരട്ടവോട്ടുകള്‍ 38,586 മാത്രം; വോട്ടര്‍പട്ടികയില്‍ ഇനി മാറ്റം സാധ്യമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ ഇനി മാറ്റം വരുത്താനാകില്ലെന്നും കമ്മിഷൻ കോടതിയെ അറിയിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികൾ മുഴുവൻ അസംബ്ലി മണ്ഡലങ്ങളിൽ നിന്നുമായി തിങ്കളാഴ്ച വരെ സമർപ്പിച്ച 3,16, 671 വോട്ടുകൾ പരിശോധിച്ചെന്നും ഇതിൽ 38,586 എണ്ണത്തിൽ മാത്രമാണ് ഇരട്ടിപ്പ് കണ്ടെത്തിയതെന്നും കമ്മിഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പോസ്റ്റൽ വോട്ടുകൾ സ്ട്രോങ് റൂമിൽ സൂക്ഷിക്കണം

കൊച്ചി: പോസ്റ്റൽ വോട്ടുകൾ വിവിപാറ്റ് രശീത് യന്ത്രങ്ങൾക്കൊപ്പം സ്ട്രോങ് റൂമിൽ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്. പോസ്റ്റൽ ബാലറ്റ് പെട്ടികൾ സീൽ ചെയ്യുമ്പോൾ സ്ഥാനാർത്ഥിയുടേയോ ഏജന്റിന്റേയോ സാന്നിധ്യമുണ്ടാവണമെന്നും നടപടികൾ വിഡിയോയിൽ ചിത്രീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.

യു ഡി എഫ് സ്ഥാനാർത്ഥികളായ  കെ.മുരളീധരൻ, ആനാട് ജയൻ, ദീപക് ജോയി എന്നിവരുടെ ഹർജി പരിഗണിച്ചാണ് ഉത്തരവ്. ഓരോ  മണ്ഡലത്തിലും കുറഞത് ഏഴായിരം പോസ്റ്റൽ വോട്ടുകളുണ്ടന്നും ഇവ നിർണായകമാണന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.