പത്തനംതിട്ട: ശബരിമല വിഷയത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സംരക്ഷിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് പിണറായി വിജയന്‍ പറഞ്ഞു. കാണിക്കയിടാന്‍ പാടില്ലെന്ന് പറഞ്ഞതും സ്ത്രീകളെ ആക്രമിച്ചതും ആരാണെന്നും പിണറായി ചോദിച്ചു. എല്ലാം സംഘപരിവാറാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെത്തിയ തീര്‍ത്ഥാടകര്‍ തൃപ്തരായിരുന്നുവെന്നും ശബരിമല ഉത്സവം തകര്‍ക്കണം എന്നതായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യമെന്നും എന്നാല്‍ ആ അജണ്ട പൊളിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

തീര്‍ത്ഥാടനം മുടക്കാന്‍ ചിലര്‍ ശ്രമിച്ചു. സര്‍ക്കാര്‍ അത് തടയുകയായിരുന്നു. എന്നാല്‍ പലരും തെറ്റിദ്ധാരണ പരത്തുകയാണ് ഇപ്പോഴെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശബരിമല നാടിന്റെ തര്‍ത്ഥാടന കേന്ദ്രമാണെന്നും ദേവസ്വം ബോര്‍ഡില്‍ കുറവ് വന്ന തുക സര്‍ക്കാരാണ് നല്‍കിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. കോണ്‍ഗ്രസ് മുത്തലാഖ് ബില്ലിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനേയും പിണറായി വിജയന്‍ വിമര്‍ശിച്ചു. നിലപാടിലെ വീഴ്ച എന്നായിരുന്നു അദ്ദേഹം നീക്കത്തെ വിമര്‍ശിച്ചത്. കേരളത്തില്‍ പലയിടത്തും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.