ന്യൂഡല്‍ഹി: അനുമതി ഇല്ലാതെ റാലി നടത്തിയതിന് ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാർഥിയും ആയ ഗൗതം ഗംഭീറിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. ഏപ്രിൽ 25ന് ഡല്‍ഹിയിലെ ജംഗ്പുരയില്‍ നടത്തിയ റാലി തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കഴിഞ്ഞ മാസമാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. പിന്നീട് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നും ഗംഭീറിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിന് വേണ്ടി അര്‍വീന്ദര്‍ സിങ് ലൗലിയും എഎപിക്ക് വേണ്ടി അതിഷിയും ആണ് ഇവിടെ മത്സരിക്കുന്നത്.
ഡൽഹിയിൽ നിന്നും ജനവിധി തേടുന്ന സ്ഥാനാർഥികളിൽ എറ്റവും സമ്പന്നൻ ഗൗതം ഗംഭീർ ആണ്. കഴിഞ്ഞ ദിവസം നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഗംഭീർ തന്റെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയത്. 147 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് ഗംഭീർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. 349 സ്ഥാനാർഥികളിലാണ് ഗംഭീര്‍ ഒന്നാമതെത്തുന്നത്.
Read: ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഡൽഹി സ്ഥാനാർഥികളിൽ സമ്പന്നരിൽ മുന്നിൽ ഗൗതം ഗംഭീർ
12.40 കോടിയാണ് 2017-2018 വർഷത്തിലെ വരുമാനമായി ഗംഭീർ രേഖപ്പെടുത്തിയിരിക്കുന്നത്. ഭാര്യ നടാഷ ഗംഭീറിന് 6.15 ലക്ഷം വരുമാനമുണ്ടെന്നും ഇൻകം ടാക്സ് റിട്ടേൺ രേഖകൾ പ്രകാരം വ്യക്തമാക്കുന്നു. ഡൽഹിയിലെ ഭാരാകമ്പ റോഡ് മോഡേൺ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പുർത്തിയാക്കിയ ഗംഭീർ ഹിന്ദു കോളേജില്‍ യുജി കോഴ്സിന് ചേർന്നെങ്കിലും പൂർത്തിയാക്കാൻ ആയില്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഒരു ബൈക്കുൾപ്പെടെ അഞ്ച് വാഹനങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ടെന്ന് വെളിപ്പെടുത്തുന്നു.