ന്യൂഡൽഹി: മോദി സർക്കാരിന്റെ കാലാവധി പൂർത്തിയാകാൻ ആഴ്ചകൾ മാത്രം ശേഷിക്കെ പൊതുതിരഞ്ഞെടുപ്പിനുളള തീയതി ഉടൻ പ്രഖ്യാപിച്ചേക്കും. മാർച്ച് ആദ്യ വാരം തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടായേക്കും. സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഏപ്രിൽ, മെയ് മാസങ്ങളിൽ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കാമെന്നും മീണ വ്യക്തമാക്കി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുളള പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 2.54 കോടി പേരാണ് സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്.
നാമനിർദ്ദേശ പത്രിക പിൻവലിക്കാനുളള അവസാന തീയതി വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ എല്ലാവർക്കും സാധിക്കും. അതേസമയം, കാലാവധി പൂർത്തിയാക്കാൻ മാസങ്ങൾ മാത്രം ബാക്കിയുള്ള മോദി സർക്കാർ അവസാന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്.
ആദായ നികുതി പരിധിയിൽ നിന്ന് അഞ്ച് ലക്ഷം വരെ വരുമാനമുളളവരെ ഒഴിവാക്കിയ കേന്ദ്രം ഇടത്തരം കുടുംബങ്ങളെയാകെ കൈയിലെടുക്കാനുളള തന്ത്രമാണ് പയറ്റിയത്. ഇതിന് പുറമെ, രാജ്യത്തെ കാർഷിക മേഖലയ്ക്ക് വേണ്ടി മാത്രം 75000 കോടി രൂപയാണ് നീക്കിവച്ചത്. പ്രതിരോധ രംഗത്ത് ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ മൂന്ന് ലക്ഷം കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.