ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ സിപിഎം ഒരു സഖ്യത്തിനും ഇല്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സഖ്യം തിരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ ബിജെപി വിരുദ്ധ, തൃണമൂൽ കോൺഗ്രസ് വിരുദ്ധ വോട്ടുകളാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

റാഫേല്‍ വിഷയം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാണെന്ന്  കേന്ദ്രസര്‍ക്കാര്‍ കള്ളം പറയുകയാണ്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പ്രതികാര മനോഭാവത്തോടുകൂടിയാണ് മോഡി സര്‍ക്കാര്‍  പെരുമാറുന്നത്. ഫെബ്രുവരി 19 ന് അധ്യാപക- സര്‍വകലാശാല സംഘടനകളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.

ബംഗാളില്‍ ബിജെപി വിരുദ്ധ-തൃണമൂല്‍ വിരുദ്ധ വോട്ടുകളാണ് മുഖ്യം. അതിനായി ബംഗാളില്‍ പ്രവര്‍ത്തനം സംഘടിപ്പിക്കും.  പശു കടത്തിന്റെ പേരില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അഞ്ച് പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കാനുളള ശ്രമമാണ്. ഇത് പിൻവലിക്കണം.

വിജയസാധ്യതയാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന ഘടകം. തെരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യം നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല. സംസ്ഥാനങ്ങളില്‍ മതനിരപേക്ഷ കക്ഷികളുമായി ധാരണയുണ്ടാക്കും.

ലോക്‌സഭയില്‍ സിപിഐ എമ്മിന്റെയും ഇടത് പാര്‍ട്ടികളുടേയും ശക്തി വര്‍ധിപ്പിക്കണമെന്നാണ് തീരുമാനം. സംസ്ഥാന തലത്തില്‍ സഖ്യം വേണോ വേണ്ടയോ എന്നത് സംസ്ഥാന കമ്മിറ്റികൾ തീരുമാനിക്കും.  കേന്ദ്ര കമ്മറ്റിയായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മൂന്ന് തവണ മത്സരിച്ചവർക്ക് വീണ്ടും മത്സരിക്കാൻ അവസരം നൽകേണ്ടെന്നാണ് തീരുമാനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ