കൊച്ചി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മമത്സരിക്കാനില്ലെന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗം എംഎ ബേബി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ നേതാക്കൾ മത്സരിക്കുമെന്ന വാർത്ത വെറും അഭ്യൂഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളുടെ പ്രാതിനിധ്യമാണ് കൂടുതൽ വേണ്ടത്. യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം ഉളള പട്ടിക ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ കൊല്ലം സീറ്റിൽ ആർഎസ്പി നേതാവ് എൻകെ പ്രേമചന്ദ്രനോട് മത്സരിച്ച ബേബി പരാജയപ്പെട്ടിരുന്നു. പ്രകാശ് കാരാട്ടും എംഎ ബേബിയും ഭൃന്ദാ കാരാട്ടും അടക്കമുളളവരെ സ്ഥാനാർത്ഥി പട്ടികയിലേക്ക് പരിഗണിക്കുന്നതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ ഉണ്ടായിരുന്നു.

ഇടതുമുന്നണിയിൽ ഇതുവരെ സീറ്റ് ചർച്ചകൾ ആരംഭിച്ചിട്ടില്ല. അവസാനം ചേർന്ന ഇടതുമുന്നണി യോഗത്തിൽ പുതുതായി മുന്നണിയിൽ ഉൾപ്പെടുത്തിയ രാഷ്ട്രീയ കക്ഷികൾക്ക് സ്വാഗതം അറിയിക്കുകയാണ് ചെയ്തത്. സീറ്റ് വിഭജനവും സ്ഥാനാർത്ഥി നിർണ്ണയവും ഇനി വരുന്ന യോഗങ്ങളിലേ ഉണ്ടാകൂ എന്നാണ് എൽഡിഎഫ് നേതാക്കൾ വ്യക്തമാക്കിയത്.

അതേസമയം യുഡിഎഫിൽ കൊല്ലം ലോക്സഭാ മണ്ഡലത്തിൽ എൻകെ പ്രേമചന്ദ്രനെ ആർഎസ്‌പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ആലപ്പുഴയിൽ സംഘടനാ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ആയി സ്ഥാനക്കയറ്റം കിട്ടിയ സിറ്റിങ് എംപി കെസി വേണുഗോപാലിന് വേണ്ടി ചുവരെഴുത്തുകൾ ആരംഭിച്ചു. ഔദ്യോഗികമായി സ്ഥാനാർത്ഥി പട്ടികയും സീറ്റ് വിഭജനവും യുഡിഎഫിൽ പൂർത്തിയാകും മുൻപേയാണിത്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.