കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്തകളെ പൂർണ്ണമായും തള്ളാതെ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. സ്ഥാനാര്‍ഥിയാകാന്‍ കോൺഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില്, ആ കാര്യം അപ്പോള്‍ ആലോചിക്കാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ആര് മല്‍സരിക്കണം എന്നത് സംബന്ധിച്ച് ഒരു ചർച്ചയും പാർട്ടിയിൽ ആരംഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ നിശ്ചയിക്കുക ഘടകകക്ഷികളുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ച ശേഷമാകും. അതിനാൽ തന്നെ സ്ഥാനാർത്ഥിയെ സംബന്ധിച്ച കാര്യങ്ങൾ സീറ്റ് വിഭജന സമയത്ത് ചർച്ച ചെയ്യും.
എന്നാൽ കോട്ടയം ലോക്സഭാ സീറ്റ് കോൺഗ്രസിന്റേതല്ല, മറിച്ച് കേരള കോൺഗ്രസിന്റേതാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം ഉമ്മൻ ചാണ്ടി മത്സരിക്കുമോയെന്ന കാര്യം കേരളത്തിന്റെ ചുമതലയുളള എഐസിസി നേതാവ് മുകുൾ വാസ്നികും നിഷേധിച്ചിട്ടില്ല. വിജയസാധ്യത പരിഗണിച്ചാവും സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയെന്നാണ് മുകുൾ വാസ്നിക് വ്യക്തമാക്കിയത്.
കോട്ടയത്ത് ഉമ്മൻചാണ്ടി മികച്ച സ്ഥാനാർഥിയാണെന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിന് കെ പിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രൻ മറുപടി പറഞ്ഞത്. എന്നാൽ ഐ ഗ്രൂപ്പിന്റെ അമരക്കാരനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു.