കൊച്ചി: രാജ്യം ഇനി ആര് ഭരിക്കണം എന്ന ചോദ്യം ശക്തമായി ഉയർന്നിരിക്കുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുൻപേ അണിയറയിൽ രാഷ്ട്രീയ സഖ്യങ്ങൾ പോരാട്ടത്തിനായി തയ്യാറാവുകയാണ്. കേരളത്തിൽ ഇടത് – വലത് സഖ്യങ്ങൾക്ക് പുറമെ, ബിജെപിയും ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ രംഗത്തുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാമതൊരു റാലിക്കായി കേരളത്തിലെത്തുമെന്നതാണ് ബിജെപി ക്യാംപിൽ നിന്നുളള വാർത്ത. ജനുവരി 27 ന് തൃശൂർ റാലിക്കുശേഷം ഒരുതവണ കൂടി പ്രധാനമന്ത്രി കേരളത്തിലെത്തും. കൊല്ലത്തു ചൊവ്വാഴ്ച എൻഡിഎ റാലിയിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ രണ്ടാമത്തെ റാലി തൃശൂരിലാണ്. മൂന്നാമത്തെ റാലിയുടെ തീയതിയും സ്ഥലവും നിശ്ചയിച്ചിട്ടില്ല.
ഫെബ്രുവരി പകുതിയോടെ നരേന്ദ്ര മോദി വീണ്ടും കേരളത്തിലെത്താനാണ് സാധ്യത. ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്നോടിയായി രാജ്യത്ത് 100 റാലികളിലാണു പ്രധാനമന്ത്രി സംസാരിക്കുക. 27നു തൃശൂരിൽ യുവമോർച്ചയുടെ സംസ്ഥാന റാലിയിലാണു പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
അതേസമയം, യുഡിഎഫ് – എൽഡിഎഫ് മുന്നണികൾ അണിയറ ഒരുക്കങ്ങൾക്ക് ശേഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരേ സമയത്ത് ഇറങ്ങുന്നുവെന്നതാണ് മറ്റൊരു സവിശേഷത. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും നേതൃയോഗങ്ങൾ ഇന്നലെയാണ് നടന്നത്.
യുഡിഎഫ് നേതൃയോഗത്തിൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ട് ഘടകകക്ഷികൾ രംഗത്തെത്തി. തുടക്കത്തിലേ തർക്കം വേണ്ടെന്ന ധാരണയിൽ ഇടതുമുന്നണി സീറ്റ് ചർച്ച നീട്ടിവച്ചു. കേരള കോൺഗ്രസ് മാണി വിഭാഗം രണ്ട് സീറ്റെന്ന ആവശ്യമാണ് മുന്നോട്ട് വച്ചത്. ഇടുക്കി സീറ്റിലാണ് കേരള കോൺഗ്രസിന്റെ (ജേക്കബ്) വിഭാഗത്തിന്റെ കണ്ണ്. അടുത്ത യോഗത്തിൽ എത്ര സീറ്റ് വേണമെന്ന് പറയാമെന്നാണ് മുസ്ലിം ലീഗ് പറഞ്ഞത്.
യുഡിഎഫിൽ രാഷ്ട്രീയ കക്ഷികൾ സ്വന്തം നിലയ്ക്കാണ് ജാഥകൾ സംഘടിപ്പിക്കുന്നത്. എന്നാൽ മേഖല ജാഥയെന്ന രീതിയിൽ നിന്ന് ഇടതുമുന്നണി മാറിചിന്തിച്ചില്ല. സിപിഎം,–സിപിഐ നേതാക്കൾ നയിക്കുന്ന മേഖല ജാഥ എന്ന പതിവ് രീതിയാണ് ഇക്കുറിയും. എല്ലാ കക്ഷികളിലെയും അംഗങ്ങൾ രണ്ടു ജാഥകളുടെയും നേതൃനിരയിൽ ഉണ്ടാവും.