കോട്ടയം: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകൾ ആവശ്യപ്പെട്ടതായി കേരള കോൺഗ്രസ് നേതാവ് കെഎം മാണി.യുഡിഎഫ് തങ്ങളുടെ ആവശ്യം പരിഗണിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സീറ്റ് വിഷയത്തിൽ തർക്കത്തിനില്ലെന്ന് കെഎം മാണി വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിൽ കൂടിയാലോചനകളിലുടെ പ്രായോഗികവും രമ്യവുമായ പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോൺഗ്രസ് പാർട്ടി ചെയർമാൻ പി ജെ ജോസഫ് രണ്ട് സീറ്റെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ്. നിലവിൽ കോട്ടയം സീറ്റിൽ മത്സരിക്കുന്ന കേരള കോൺഗ്രസിന് ജയസാധ്യതയുളള ചാലക്കുടി സീറ്റോ, ഇടുക്കി സീറ്റോ വേണമെന്നാണ് ആവശ്യം.

കേരളാ കോൺഗ്രസിന് മുമ്പ് മൂന്ന് സീറ്റുകൾ കിട്ടിയപ്പോൾ മൂന്നിലും ജയിച്ചിട്ടുണ്ടെന്ന് പറഞ്ഞ ജോസഫ്, അത് ഇത്തവണയും ആവ‍ർത്തിക്കുമെന്നും വ്യക്തമാക്കി. ഈ മാസം 12 ന് നടക്കുന്ന ഉഭയകക്ഷി ച‍ർച്ചയിൽ പ്രതീക്ഷയുണ്ടെന്നാണ് പി ജെ ജോസഫ് പറയുന്നത്.

സീറ്റ് ചോദിച്ചെന്ന കെഎം മാണിയുടെ വെളിപ്പെടുത്തലിനോട് വിയോജിക്കാതെയാണ് കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ മുരളീധരൻ പ്രതികരിച്ചത്. സീറ്റ് ചോദിക്കുന്നത് സമ്മർദ്ദമല്ലെന്ന് പറഞ്ഞ അദ്ദേഹം ഓരോ പാർട്ടിക്കുമുള്ള സീറ്റ് ചോദിക്കാനുളള അവകാശം ഉണ്ടെന്നും പറഞ്ഞു. മുന്നണിയെ തങ്ങളായിട്ട് പ്രതിസന്ധിയിലാക്കില്ലെന്നാണ് മാണിയുടെ നിലപാട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ