scorecardresearch
Latest News

പാർലമെന്റിൽ തിളങ്ങിയത് മുല്ലപ്പളളിയും ബിജുവും; പിന്നിലായത് കുഞ്ഞാലിക്കുട്ടി

കേരളത്തിൽ നിന്നുളള 20 എംപിമാരിൽ 11 പേരും ഒരൊറ്റ സ്വകാര്യ ബില്ലിന് പോലും അനുമതി തേടിയില്ല

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയിട്ടില്ല. എന്നാൽ രാഷ്ട്രീയ പാർട്ടികളെല്ലാം തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളിലാണ്. സ്ഥാനാർത്ഥികളാരാകും ആര് വിജയിക്കുമെന്നെല്ലാമുളള ചർച്ചകൾ സജീവമായി ഉയർന്നുകഴിഞ്ഞു. പക്ഷെ എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ പാർലമെന്റിൽ നിങ്ങളുടെ എംപി എത്രത്തോളം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന്?

പാർലമെന്റ് നിയമനിർമ്മാണ സഭയാണ്. അതിനാൽ തന്നെ തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളുടെ പ്രഥമ കർത്തവ്യം കൃത്യമായി പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുകയെന്നതും നിയമനിർമ്മാണ പ്രവർത്തനങ്ങളിൽ തങ്ങളുടെ കടമ നിറവേറ്റുകയെന്നതുമാണ്.

കേരളത്തിൽ നിന്ന് 2014  ൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 20 അംഗങ്ങളിൽ 12 പേരും കോൺഗ്രസ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളായിരുന്നു. എട്ട് പേർ ഇടതുപക്ഷത്തിന്റെ പ്രതിനിധികളുമായിരുന്നു.

വടകര ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച മുല്ലപ്പളളി രാമചന്ദ്രനാണ് അംഗങ്ങളിൽ പ്രായം കൊണ്ട് മുതിർന്നയാൾ. 74 വയസ് തികഞ്ഞ അദ്ദേഹം ഇപ്പോൾ കെപിസിസി അദ്ധ്യക്ഷനാണ്. ആലത്തൂരിൽ നിന്നുളള പാർലമെന്റ് അംഗം പികെ ബിജുവാണ് കേരളത്തിൽ നിന്നുളള ഏറ്റവും പ്രായം കുറഞ്ഞ അംഗം. 44 കാരനായ ബിജു മുതൽ 74 കാരനായ മുല്ലപ്പളളി രാമചന്ദ്രൻ വരെ 16ാം ലോക്സഭയിൽ  എത്രത്തോളം തിളങ്ങിയെന്നതിന്റെ കണക്കാണ് താഴെ.  ഇന്നവസാനിക്കുന്ന ബജറ്റ് സമ്മേളനത്തിലെ കണക്കുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഹാജറിൽ മുന്നിൽ മുല്ലപ്പളളി

പാർലമെന്റിലേക്ക് തിരഞ്ഞെടുത്തയച്ച അംഗങ്ങളുടെ ഹാജർ എല്ലായ്‌പ്പോഴും പ്രധാന്യത്തോടെയാണ് ജനം ഉറ്റുനോക്കിയിട്ടുളളത്. മുത്തലാഖ് ബിൽ അവതരിപ്പിച്ചപ്പോൾ ഹാജരാകാതിരുന്ന പികെ കുഞ്ഞാലിക്കുട്ടി കേട്ട പഴി തന്നെ അതിനുദാഹരണം. 16ാം ലോക്സഭയിൽ 2019 ലെ ഇടക്കാല ബജറ്റ് സെഷനിലൊഴികെ ആകെ 292 ദിവസങ്ങളിലാണ് സഭ സമ്മേളിച്ചിട്ടുളളത്.

കേരളത്തിൽ നിന്നുളള എംപിമാരിൽ പാർലമെന്റിൽ ഏറ്റവും കൂടുതൽ ഹാജരുളളത്  മുല്ലപ്പളളി രാമചന്ദ്രനാണ്.  94 ശതമാനമാണ് മുല്ലപ്പളളിയുടെ ഹാജർ. ഏറ്റവും പുറകിൽ മുസ്ലിം ലീഗ് ദേശീയ അദ്ധ്യക്ഷനായ പികെ കുഞ്ഞാലിക്കുട്ടിയാണ്. സഭയിൽ 47 ശതമാനം മാത്രമാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജർ.  ഇ.അഹമ്മദിന്റെ മരണത്തെ തുടർന്ന് മലപ്പുറത്ത് 2017 ഏപ്രിൽ മാസത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 1.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കുഞ്ഞാലിക്കുട്ടി ജയിച്ചത്. 2018 മൺസൂൺ സെഷനിൽ 35 ശതമാനം ഹാജർ മാത്രമാണ് അദ്ദേഹം നേടിയത്.

ആലത്തൂർ എംപി പി.കെ.ബിജു 88 ശതമാനം ഹാജറുമായി രണ്ടാം സ്ഥാനത്തും ഇടുക്കി എംപി ജോയ്സ് ജോർജ്, കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രൻ എന്നിവർ 87 ശതമാനം ഹാജറുമായി മൂന്നാം സ്ഥാനത്തുമാണ്. ശശി തരൂർ (86), എംബി രാജേഷ് (83), കെസി വേണുഗോപാൽ (82), ഇടി മുഹമ്മദ് ബഷീർ (81), സിഎൻ ജയദേവൻ(81) എന്നിവരാണ് 80 ശതമാനത്തിന് മുകളിൽ ഹാജരുളളവർ. പട്ടികയിൽ ഇന്നസെന്‍റ്, ഇ അഹമ്മദ്, എംഐ ഷാനവാസ്, പികെ കുഞ്ഞാലിക്കുട്ടി എന്നിവർക്കൊഴികെ എല്ലാവർക്കും 70 ശതമാനത്തിന് മുകളിൽ ഹാജരുണ്ട്.

ചർച്ചകളിൽ താരമായി പികെ ബിജു

പാർലമെന്റിൽ ഏറ്റവും കൂടുതൽ ചർച്ചകളിൽ പങ്കെടുത്തത് പികെ ബിജുവാണ്. 319 ചർച്ചകളിലാണ് അദ്ദേഹം പങ്കെടുത്തത്. കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആർഎസ്‌പി നേതാവ് എൻകെ പ്രേമചന്ദ്രനാണ് രണ്ടാമത്. 290 ചർച്ചകളിൽ അദ്ദേഹം പങ്കെടുത്തു. ജോയ്‌സ് ജോർജ്ജ് എംപി 282 ലും  എംബി രാജേഷ് എംപി 230 എണ്ണത്തിലും പങ്കെടുത്തിട്ടുണ്ട്. 221 ചർച്ചകളിൽ പങ്കെടുത്ത എ സമ്പത്ത് അഞ്ചാം സ്ഥാനത്ത്.

സിപിഎമ്മിന്റെ ലോക്സഭാ കക്ഷി നേതാവ് പി കരുണാകരൻ (197), മുല്ലപ്പളളി രാമചന്ദ്രൻ(162), പികെ ശ്രീമതി(162), കെസി വേണുഗോപാൽ (132), ജോസ് കെ മാണി(109) എന്നിവരാണ് നൂറിലേറെ ഡിബേറ്റുകളിൽ പങ്കെടുത്തത്. മലപ്പുറത്തെ പ്രതിനിധീകരിച്ച ഇ അഹമ്മദ് 14 ഡിബേറ്റുകളിലും പികെ കുഞ്ഞാലിക്കുട്ടി ഏഴ് ഡിബേറ്റുകളിലും പങ്കെടുത്തുവെന്നാണ് കണക്ക്. നാല് സെഷനുകളിൽ പങ്കെടുത്തിട്ടും ചർച്ചകളിലെ പങ്കാളിത്തത്തിലും പിന്നിൽ കുഞ്ഞാലിക്കുട്ടിയാണ്.

ചോദ്യം ചോദിക്കാൻ മിടുക്കൻ ആന്റോ

കേരളത്തിൽ നിന്നുളള അംഗങ്ങളിൽ, പത്തനംതിട്ട എംപി ആന്റോ ആന്റണിയാണ് 16ാം ലോക്സഭയിൽ ഏറ്റവും കൂടുതൽ ചോദ്യം ചോദിച്ചത്. 649 ചോദ്യങ്ങളാണ് അദ്ദേഹത്തിന്റെ പേരിലുളളത്. മുല്ലപ്പളളി രാമചന്ദ്രൻ 636 ചോദ്യങ്ങളുമായി രണ്ടാമതും പികെബിജു 571 ചോദ്യങ്ങളുമായി മൂന്നാമതുമാണ്.

എംബി രാജേഷ്-569, ജോയ്‌സ് ജോർജ്ജ്-531, കൊടിക്കുന്നിൽ സുരേഷ്-531, പികെ ശ്രീമതി-502, ശശി തരൂർ-471, എൻകെ പ്രേമചന്ദ്രൻ-465, സിഎൻ ജയദേവൻ 391, ജോസ് കെ മാണി-372, എ സമ്പത്ത് 370, കെസി വേണുഗോപാൽ 347, എംകെ രാഘവൻ 335, ഇടി മുഹമ്മദ് ബഷീർ 313, പി കരുണാകരൻ 305 എന്നിങ്ങനെ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. ഇ അഹമ്മദ് 53 ചോദ്യങ്ങളും അദ്ദേഹത്തിന് പകരക്കാരനായി ലോക്സഭയിലെത്തിയ കുഞ്ഞാലിക്കുട്ടി 74 ചോദ്യങ്ങളുമാണ് ചോദിച്ചത്. അഞ്ച് വർഷത്തിനിടെ മലപ്പുറം മണ്ഡലത്തിൽ നിന്നുളള ചോദ്യങ്ങളുടെ എണ്ണം 127.

ബിൽ അവതരിപ്പിക്കാൻ കേമൻ തരൂർ

ഇന്ത്യൻ പാർലമെന്റിന്റെ ഏറ്റവും വലിയ ന്യൂനതകളിലൊന്ന് സ്വകാര്യ ബില്ലുകൾ ചർച്ച ചെയ്യാൻ സമയം കണ്ടെത്തുന്നില്ലെന്നതാണ്. സ്വകാര്യ ബില്ലുകൾ വളരെയേറെ പ്രാധാന്യമുളളവയാണ്. അംഗങ്ങൾ സ്വന്തം നിലയ്ക്ക് നിർദ്ദേശിക്കുന്ന വിഷയങ്ങളിൽ വിശദമായ ചർച്ച നടത്തി നിയമഭേദഗതികളും നിയമനിർമ്മാണങ്ങളും നടപ്പിലാക്കേണ്ടതാണ്.

പാർലമെന്റിൽ ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി തേടിയവരിൽ മുന്നിൽ ശശി തരൂരാണ്. 16 ബില്ലുകളാണ് അദ്ദേഹം മുന്നോട്ട് വച്ചത്. പക്ഷെ ഒന്ന് പോലും സഭയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഇവയിൽ രാജ്യദ്രോഹക്കുറ്റം ഭേദഗതി ബില്ലും, സംസ്ഥാന തലസ്ഥാനങ്ങളിൽ ഹൈക്കോടതി ബെഞ്ചുകൾ സ്ഥാപിക്കുന്നതിനുളള ബില്ലും ഗാർഹിക തൊഴിലാളി ക്ഷേമ ബില്ലും വധശിക്ഷ ഇല്ലാതാക്കുന്നതിനുളള ബില്ലും സ്ത്രീകളുടെ ലൈംഗികാവകാശ ബില്ലും ഓൺലൈൻ ഗെയിം നിയന്ത്രണ ബില്ലും ഉൾപ്പെട്ടിട്ടുണ്ട്.

മുല്ലപ്പളളി രാമചന്ദ്രനും എംകെ രാഘവനും 15 ബില്ലുകൾക്കും പി കരുണാകരൻ 13 ബില്ലുകൾക്കും നിർദ്ദേശം സമർപ്പിച്ചു. നഴ്‌സുമാരുടെ ജോലിക്ക് ബോണ്ട് പോലുളള വ്യവസ്ഥകൾ ഏർപ്പെടുത്തുന്നത് ഒഴിവാക്കാനുളള നിയമനിർമ്മാണത്തിനാണ് ആന്റോ ആന്റണി ശ്രമിച്ചത്. സുപ്രീം കോടതിയുടെ സ്ഥിരബെഞ്ച് തിരുവനന്തപുരത്ത് വേണമെന്നതടക്കം അഞ്ച് സ്വകാര്യ ബില്ലുകളാണ് എ സമ്പത്ത് എംപിയുടേത്.

ഭരണഘടനയുടെ 15, 16 ആർട്ടിക്കിളുകൾ ഭേദഗതി ചെയ്യുകയെന്നതാണ് ഇടി മുഹമ്മദ് ബഷീർ മുന്നോട്ട് വച്ച നാല് സ്വകാര്യ ബില്ലുകളിൽ ഒന്ന്. കാർഷിക വിഷയങ്ങളിൽ ഊന്നിയുളളതാണ് ജോയ്‌സ്‌ ജോർജ്ജ് എംപിയുടെ സ്വകാര്യ ബിൽ നിർദ്ദേശങ്ങൾ. ദേശീയ ഹരിത ട്രൈബ്യൂണൽ നിയമ ഭേദഗതിക്കും, ഭരണഘടനയുടെ 253ാം ആർട്ടിക്കിളിന്റെ ഭേദഗതിക്കും ഇദ്ദേഹം നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്.

വന്യ മൃഗങ്ങളുടെയും പാമ്പുകളുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുക, കേരളത്തിന് പ്രത്യേക സാമ്പത്തിക സഹായം നൽകുക, യുപിഎസ്‌സി നിയമ ഭേദഗതി, മരുന്ന് വില നിയന്ത്രണ ബിൽ എന്നിവയാണ് എം.രാഘവൻ മുന്നോട്ട് വച്ച സ്വകാര്യ ബിൽ  നിർദ്ദേശങ്ങളിലുളളത്.

രാജ്യദ്രോഹക്കുറ്റ നിയമഭേദഗതി, സ്ത്രീകൾക്കുളള ഗർഭകാല ആനുകൂല്യങ്ങൾ, മാരക കീടനാശിനികൾക്ക് നിരോധനം ഏർപ്പെടുത്തുക, കാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ, ജോലി ചെയ്യുന്ന ആനകളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പി കരുണാകരൻ എംപി സമർപ്പിച്ച സ്വകാര്യ ബിൽ നിർദ്ദേശങ്ങളിലുളളത്.

കേരളത്തിൽ നിന്നുളള 20 ൽ 11 അംഗങ്ങളും സ്വകാര്യ ബിൽ അവതരിപ്പിക്കാൻ മുന്നോട്ട് വന്നിട്ടില്ല. അവരിൽ  സിഎൻ ജയദേവൻ, ഇ അഹമ്മദ്, ഇന്നസെന്റ്, ജോസ് കെ മാണി, കെസി വേണുഗോപാൽ, കെവി തോമസ്, എംബി രാജേഷ്, എംഐ ഷാനവാസ്, പികെ ബിജു, പികെ കുഞ്ഞാലിക്കുട്ടി, പികെ ശ്രീമതി എന്നിവരുണ്ട്.

രണ്ട് സഭകളിലും അവതരിപ്പിച്ച് ഒരു സ്വകാര്യ ബില്ല് ഏറ്റവും ഒടുവിൽ പാസായത് 1970 ലാണ്. ഇതടക്കം 14 സ്വകാര്യ ബില്ലുകൾ മാത്രമാണ് പാർലമെന്റിന്റെ ഇരുസഭകളിലും പാസായത്. അതിൽ തന്നെ അഞ്ചെണ്ണം രാജ്യസഭയിൽ നിന്നുളളതുമായിരുന്നു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: General election 2019 kerala mps performance in 16 loksabha