കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസന്നമായ പരാജയം ഭയന്ന് മമത തന്നെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നു മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ മധുരാപൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പശ്ചിമ ബംഗാള്‍ പൊലീസ് പ്രതിമ തകര്‍ത്ത സംഭവത്തിലെ തെളിവുകളില്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും മോദി പറഞ്ഞു.

”പ്രതിമ തകര്‍ത്തത് തൃണമൂല്‍ ഗുണ്ടകളാണ്. ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് അവരാണ്. തൃണമൂലിന്റെ ഗുണ്ടകളെ രക്ഷിക്കാന്‍ തെളിവില്ലാതാക്കാന്‍ നോക്കുകയാണ് പൊലീസ്. തൃണമൂലുകാര്‍ ബംഗാളിനെ നരകമാക്കി”, പ്രതിമ തകര്‍ത്തവര്‍ക്ക് തക്ക ശിക്ഷ നല്‍കണമെന്നും മോദി പറഞ്ഞു.

ചൊവ്വാഴ്ച ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കൊല്‍ക്കത്ത റാലിക്കിടെ വ്യാപക അക്രമമാണ് അരങ്ങേറിയത്. ആക്രമണത്തിനിടെ ബംഗാള്‍ നവോത്ഥാന നായകന്‍ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെടുകയായിരുന്നു.

”ആസന്നമായ പരാജയത്തില്‍ ദീദിയ്ക്ക് നിയന്ത്രണം നഷ്ടമായിരിക്കുകയാണ്. ഭയം കാരണം അവരെന്നെ അഴിക്കുള്ളിലാക്കുമെന്ന് ഭീഷണിപ്പെടുത്തുകയാണ്” മമതയും ബന്ധുവായ അഭിഷേക് ബാനര്‍ജിയും ബംഗാളിനെ കൊള്ളയടിക്കുകയാണെന്നും മോദി പറഞ്ഞു.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മോദിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് തൃണമൂലും കോണ്‍ഗ്രസും നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ സഹോദരനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മമത ബാനര്‍ജി പറഞ്ഞു. പക്ഷപാതമില്ലാതെ പ്രവര്‍ത്തിക്കേണ്ടവരാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍, ഇപ്പോള്‍ കമ്മീഷന്‍ ബിജെപിക്ക് പൂര്‍ണ്ണമായി വില്‍ക്കപ്പെട്ട പോലെയാണെന്നും മമത തുറന്നടിച്ചു.

ബംഗാളിലെ സംഭവങ്ങളില്‍ തൃണമൂലിനും തനിക്കും പിന്തുണ പ്രഖ്യാപിച്ച പ്രതിപക്ഷ നേതാക്കള്‍ക്ക് മമത ബാനര്‍ജി നന്ദി പറഞ്ഞു. ഭരണഘടനയ്ക്ക് നേരെ വ്യക്തമായ ആക്രമണമാണ് ബിജെപി നടത്തുന്നതെന്നും മമത ആരോപിച്ചു.

രാജ്യത്തിന് മുഴുവന്‍ ഒരേയൊരു മുദ്രാവാക്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ യുപിയില്‍ പറഞ്ഞിരുന്നു. ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ തുടരണമെന്നാണ് രാജ്യത്തെ ജനങ്ങളുടെ മുദ്രാവാക്യമെന്നും മോദി യുപിയില്‍ പറഞ്ഞു. എട്ട് സീറ്റുള്ളവരും 10 സീറ്റുള്ളവരും 20 സീറ്റുള്ളവരും പ്രധാനമന്ത്രിയാകാന്‍ സ്വപ്‌നം കാണുകയാണ്. എന്നാല്‍, ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്ന മുദ്രാവാക്യമാണ് രാജ്യത്തെ ജനങ്ങള്‍ക്കുള്ളതെന്നും മോദി തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചു.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പരസ്പരം കൈ കോര്‍ത്ത് നില്‍ക്കുന്ന ചിത്രങ്ങളാണ് എല്ലായിടത്തും. എന്നാല്‍, പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിലാണ് അവരൊക്കെ. സഖ്യത്തെ കുറിച്ച് മറന്ന് സ്വന്തം അധികാരത്തെ കുറിച്ച് മാത്രമാണ് പ്രതിപക്ഷ നേതാക്കള്‍ ഇപ്പോള്‍ ചിന്തിക്കുന്നതെന്നും മോദി പറഞ്ഞു.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.