തിരുവനന്തപുരം: കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്ക് തപാൽ ബാലറ്റ് ലഭിച്ചില്ലെന്ന പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമാണ് അന്വേഷിക്കുകയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ മാധ്യമങ്ങളെ അറിയിച്ചു.
കാസർകോട് ബേക്കൽ പൊലീസ് സ്റ്റേഷനിലെ യുഡിഎഫ് അനുഭാവികളായ 33 പേർക്ക് ബാലറ്റ് കിട്ടിയില്ലെന്നാണ് പരാതി. യുഡിഎഫ് അനുഭാവികളായ പൊലീസുകാര്‍ ജില്ലാ കലക്ടർക്ക് ഇത് സംബന്ധിച്ച് പരാതി നല്കി.
ബേക്കൽ പൊലീസ് സ്റ്റേഷനിൽ ആകെ 44 പൊലീസുകാരാണ് തപാൽ ബാലറ്റിന് അപേക്ഷിച്ചിരുന്നത്. എന്നാൽ, 11 പേർക്ക് മാത്രമാണ് തപാൽ ബാലറ്റ് കിട്ടിയത്. എസ്ഐ, എഎസ്ഐ, സീനിയർ പൊലീസ് ഓഫീസർ, വനിതാ ഓഫീസർ എന്നിവർക്കാണ് ബാലറ്റ് കിട്ടാതിരുന്നത്.
തപാല്‍ വോട്ടുകളില്‍ തിരിമറി നടന്നതായി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പൊലീസിന്റെ തപാല്‍ വോട്ടുകളില്‍ തിരിമറി കാട്ടിയതുമായി ബന്ധപ്പെട്ട് പൊലീസ് കമാന്‍ഡോയെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. അസോസിയേഷന് നേതാവിന്റെ ആവശ്യപ്രകാരം തപാല്‍ ബാലറ്റ് ശേഖരിക്കുന്നതായി ശബ്ദസന്ദേശം പ്രചരിപ്പിച്ച ശ്രീപത്മനാഭ എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
ശബ്ദസന്ദേശമയച്ച വൈശാഖിനെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കുകയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐആര്‍ ബറ്റാലിയനിലെ പൊലീസുകാരായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ്കുമാര്‍, മണിക്കുട്ടന് എന്നിവര്‍ക്കെതിരേയും അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
തപാൽ വോട്ടിങ്ങില്‍ തിരിമറി കണ്ടെത്തിയിട്ടുണ്ടെങ്കിലും ബാലറ്റുകള്‍ റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തുക പ്രായോഗികമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ വകുപ്പുകളുടെയും ബാലറ്റുകള്ക്കിടയില്നിന്ന് പൊലീസിന്റെ മാത്രം കണ്ടെടുക്കുക ശ്രമകരമാണ്.