ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്‌ലി, രവിശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. ഇന്ത്യയെ കുറിച്ചുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ ഇനിയും മികച്ച രാജ്യമാക്കാനാണ് മോദിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പുകഴ്ത്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗംഭീര്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിറ്റിങ് എംപി മീനാക്ഷി ലേഖിയെ മാറ്റി പകരം ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.

മീനാക്ഷി ലേഖിയെ ഡല്‍ഹിയിലെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റി മത്സരിപ്പിക്കുകയും ഇവരുടെ മണ്ഡലത്തില്‍ ഗംഭീറിനെ മത്സരിപ്പിക്കാനുമാണ് ബിജെപി ആലോചിക്കുന്നത്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ പെടുന്ന രാജേന്ദ്ര നഗര്‍ സ്വദേശിയാണ് ഗംഭീര്‍. ബിജെപി നിലപാടുകളെ സ്വാഗതം ചെയ്യുന്ന ഗംഭീര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശക്തമായിരുന്നു.

2014ല്‍ അമൃത്‍സറില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ‌്‌ലിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗൗതം ഗംഭീര്‍ സജീവമായിരുന്നു. ഈ വര്‍ഷം പത്മശ്രീ പുരസ്കാരവും ഗംഭീറിനെ തേടിയെത്തി.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.