ന്യൂഡല്‍ഹി: നടിയും ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമാ മാലിനിക്കെതിരെ എഫ്‌ഐആര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിനാണ് നടപടി. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ അജേഹി വില്ലേജില്‍ ഹേമാ മാലിനി പൊതുയോഗം നടത്തിയതാണ് പരാതിക്ക് കാരണം. എതിര്‍ സ്ഥാനാര്‍ഥികള്‍ വൃന്ദാവന്‍ പൊലീസ് സ്റ്റേഷനില്‍ ഹോമാ മാലിനിക്കെതിരെ പരാതി നല്‍കിയിരുന്നു.
ഈ ആഴ്ച മുതലാണ് ഹേമാ മാലിനി തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചത്. ഗോതമ്പ് പാടത്ത് കൊയ്യാന്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയിലും ഹേമാ മാലിനി പ്രചാരണം നടത്തിയിരുന്നു. പാടത്ത് തൊഴിലാളികള്‍ക്കിടയില്‍ കൊയ്ത്തരിവാളും പിടിച്ച് നില്‍ക്കുന്ന ചിത്രം നിരവധി ട്രോളുകള്‍ക്കും കാരണമായി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളടക്കം ഹേമാ മാലിനിയെ ട്രോളി രംഗത്തെത്തിയിരുന്നു.
നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയില്ലെങ്കില്‍ അത് രാജ്യത്തിന് ആപത്താകുമെന്ന് ബിജെപി നേതാവും നടിയുമായ ഹേമ മാലിനി പറഞ്ഞത് വാർത്തയായിരുന്നു. മോദി രാജ്യത്ത് അഴിമതിയില്ലാതാക്കിയത് പ്രതിപക്ഷത്തെ വല്ലാതെ നിരാശരാക്കിയെന്നുമാണ് ഹേമാ മാലിനി ഉത്തര്‍പ്രദേശില്‍ പറഞ്ഞത്.
മോദിജി വീണ്ടും അധികാരത്തിലെത്തണം. നമുക്ക് മുന്‍പില്‍ മറ്റ് വഴികളില്ല. മോദിയല്ലാതെ മറ്റാരെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നത് രാജ്യത്തിന് അപകടമാണ്. അതുകൊണ്ടാണ് മോദിജി വീണ്ടും അധികാരത്തിലെത്താന്‍ ബിജെപി പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്‌നിക്കുന്നതെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഹേമ മാലിനി പറഞ്ഞു.