‘പോസ്റ്റൽ വോട്ടുകളിലും വ്യാപക കൃത്രിമത്വം’; ചെന്നിത്തല പരാതി നൽകി

കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: പോസ്റ്റൽ വോട്ടുകളിലും കൃത്രിമത്വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരാൾക്കു തന്നെ അനവധി വോട്ടുകൾ സൃഷ്ടിച്ചുകൊണ്ടുള്ള വോട്ടർ പട്ടികയിലെ തിരിമറിക്കു പുറമെ പോസ്റ്റൽ വോട്ടുകളിലും വ്യാപകമായ കൃത്രിമത്വം നടന്നിരിക്കുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. എട്ടു വർഷം മുൻപ് മരിച്ചവരും അപേക്ഷിക്കാത്തവരും പോസ്റ്റൽ വോട്ടിൽ ഉൾപ്പെട്ടത് തിരിമറിയുടെ ഭാഗമായാണ്. ഇത് സംബന്ധിച്ച് തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകി.

കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. ജനഹിതം അട്ടിമറിക്കുന്നതിനായി ഇടത് അനുകൂല സംഘടനകളിൽപ്പെട്ടെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് വ്യാപകമായ തിരിമറി നടന്നിരിക്കുന്നത്. സിപിഎമ്മാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല. പോസ്റ്റല്‍ വോട്ടുകള്‍ പലയിടത്തും സീല്‍ഡ് ബാലറ്റ് ബോക്‌സുകളിൽ അല്ല ശേഖരിക്കുന്നത്. ഇവ കൊണ്ടുവയ്ക്കുന്ന സ്ട്രോങ് റൂമുകളില്‍ പലയിടത്തും സിസിടിവി ക്യാമറകള്‍ ഇല്ല. ഇടതുപക്ഷ സര്‍വീസ് സംഘടനകളില്‍പ്പെട്ടവര്‍ ഈ ബാലറ്റുകളില്‍ കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.

“80 വയസ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുകയാണ്. വന്‍ തോതില്‍ കൃത്രിമമാണ് ഇതില്‍ നടക്കുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ മാത്രം പോസ്റ്റല്‍ വോട്ടിനുള്ള ലിസ്റ്റില്‍ മരിച്ചു പോയ എട്ടു പേരുടെ പേരുകള്‍ കടന്നുകൂടിയിട്ടുണ്ട്. എട്ടു വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ പേരും രണ്ടു വര്‍ഷം മുന്‍പ് മരിച്ച ഒരാളുടെ പേരും ഉണ്ട്. പോസ്റ്റല്‍ വോട്ടിന് അപേക്ഷിക്കാത്ത പലരുടെയും പേരുകളുണ്ട്. ഇതുസംബന്ധിച്ച് വി.എസ്.ശിവകുമാറിന്റെ ഇലക്ഷന്‍ ഏജന്റ് പി.കെ.വേണുഗോപാല്‍ ജില്ലാ കലക്‌ടർക്ക് പരാതി നല്‍കിയിട്ടുണ്ട്,” ചെന്നിത്തല പറഞ്ഞു

Read Also: മരിച്ചുപോയ ആള്‍ക്കും ഇരട്ട വോട്ട്; 450 ല്‍അധികം ഇരട്ട വോട്ടുകള്‍

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത വിജയം ലഭിച്ചതിന്റെ പ്രധാന കാരണം വോട്ടര്‍ പട്ടികയിലെ വ്യാജവോട്ടുകളും പോസ്റ്റല്‍ വോട്ടുകളിലെ തിരിമറിയുമാണെന്ന് ചെന്നിത്തല പറഞ്ഞു. സാമാന്യ ജനങ്ങളുടെ പൊതുബോധത്തെ അട്ടിമറിച്ചുകൊണ്ടാണ് ഇടതുമുന്നണി തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം നേടിയത്. അതിന് കാരണം ഈ അട്ടിമറിയാണ്. ഒരോ മണ്ഡലത്തിലും പതിനായിരത്തിലേറെ വ്യാജവോട്ടര്‍മാരാണുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.

കോവിഡ് രോഗികളുടെയും ക്വാറന്റെെനിൽ കഴിഞ്ഞിരുന്നവരുടെയും വോട്ടുകള്‍ കഴിഞ്ഞ തവണ ശേഖരിച്ചിരുന്നു. അതിലും വന്‍ തിരിമറി നടന്നു. വ്യാപകമായി കള്ളവോട്ട് ചേര്‍ത്തതിലൂടെ ജനഹിതം അട്ടിമറിക്കുക മാത്രമല്ല ജനങ്ങളെ വഞ്ചിക്കുക കൂടിയാണ് സിപിഎമ്മും ഇടതുമുന്നണിയും ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇത്തവണ ഏതായാലും അത് നടക്കില്ലെന്നും സ്വതന്ത്രവും നിഷ്‌പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Fake vote postal vote ramesh chennithala kerala election 2021

Next Story
മരിച്ചുപോയ ആള്‍ക്കും ഇരട്ട വോട്ട്; 450 ല്‍അധികം ഇരട്ട വോട്ടുകള്‍Kerala Assembly Election 2021, കേരള നിയമസഭ തിരഞ്ഞെടുപ്പ്, Kazhakkoottam, കഴക്കൂട്ടം, double vote, ഇരട്ട വോട്ട്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com