ന്യൂഡൽഹി: ബിഹാറിലെ മുസാഫർപൂരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പോളിങ്ങിനിടെ ഇല‌ക്ട്രോണിക് വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങൾ സ്വകാര്യ ഹോട്ടലിൽ നിന്നും കണ്ടെത്തി. പോളിങ് ബൂത്തിന് സമീപത്തുള്ള സ്വകാര്യ ഹോട്ടലിൽ നിന്നാണ് അഞ്ച് യന്ത്രങ്ങൾ കണ്ടെത്തിയത്. ബൂത്തിലെത്തിച്ച യന്ത്രങ്ങൾക്ക് തകരാർ സംഭവിച്ചാൽ പകരം ഉപയോഗിക്കുന്നതിനായി സൂക്ഷിച്ചിരുന്നതാണ് ഇവയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ നൽകുന്ന സൂചന.

സെക്‌ടർ മജിസ്ട്രേറ്റ് അവ്‌ദേഷ് കുമാറിന്റെ പക്കൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. മുസാഫർപൂരിലെ ഒരു ബൂത്ത് സന്ദർശിച്ച് തിരികെ വരുന്ന വഴി തന്റെ ഡ്രൈവർ വോട്ട് ചെയ്യാനായി വാഹനം നിർത്തിയെന്നും തുടർന്നാണ് താൻ യന്ത്രങ്ങളുമായി ഹോട്ടലിൽ പ്രവേശിച്ചതെന്നുമാണ് അവ്‌ദേഷിന്റെ വിശദീകരണം. എന്നാൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ വോട്ടിങ് യന്ത്രങ്ങളുമായി സ്വകാര്യ ഹോട്ടലിലേക്ക് കയറിയെന്ന വാർത്ത അറിഞ്ഞതോടെ പ്രതിഷേധവുമായി പാർട്ടിക്കാർ രംഗത്തെത്തി.

Read: അഞ്ചാം ഘട്ട വോട്ടെടുപ്പ്; 62.56 ശതമാനം പോളിങ് രേഖപ്പെടുത്തി

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. തുടർന്ന് സബ് ഡിവിഷണൽ ഓഫീസർ കുന്തൻ കുമാർ സ്ഥലത്തെത്തുകയും യന്ത്രങ്ങൾ കസ്‌റ്റഡിയിലെടുക്കുകയും ചെ‌യ്‌തു. രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ശ്രമമമാണ് ഇതിന് പിന്നിലെന്നും സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഉദ്യോഗസ്ഥന് സബ് ഡിവിഷണൽ ഓഫീസർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.