കണ്ണൂര്‍: കള്ളവോട്ട് ആരോപണം തള്ളി മന്ത്രി ഇ.പി.ജയരാജന്‍. തിരഞ്ഞെടുപ്പ് ദിവസമോ അത് കഴിഞ്ഞോ ബൂത്ത് ഏജന്റുമാർ പരാതി പറഞ്ഞോ എന്ന് മന്ത്രി ഇ.പി.ജയരാജന്‍ ചോദിച്ചു. ചെയ്തത് ഓപ്പണ്‍ വോട്ടാണ്. എന്ത് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് കള്ളവോട്ടാണെന്ന് പറഞ്ഞതെന്ന് അറിയില്ലെന്നും ഇ.പി.ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

“എന്റെ പ്രദേശത്താണ് സംഭവം നടന്നത്. ചെയ്തത് ഓപ്പണ്‍ വോട്ട് തന്നെയാണ്. സ്വന്തം വോട്ട് ചെയ്ത ആള്‍ തന്നെയാണ് ഓപ്പണ്‍ വോട്ട് ചെയ്തത്. സ്വന്തം വോട്ട് ചെയ്ത ആള്‍ക്ക് ഓപ്പണ്‍ വോട്ട് ചെയ്യാന്‍ പാടില്ലെന്നാണോ?. ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കള്ളവോട്ട് ചെയ്തത് യുഡിഎഫാണ്.” – ഇ.പി.ജയരാജന്‍ പറഞ്ഞു.

Read More: ‘കള്ള വോട്ട്, ബൂത്ത് പിടിത്തം, അക്രമങ്ങള്‍, വോട്ട് മറിക്കല്‍’; ആരോപണ പ്രത്യാരോപണങ്ങളുമായി സ്ഥാനാര്‍ഥികള്‍

ഓപ്പണ്‍ വോട്ട് ചെയ്തവര്‍ അത് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുള്ളതാണ്. മാത്രമല്ല, അവര്‍ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കള്ളവോട്ട് നടന്നത് സ്ഥിരീകരിച്ച് നേരത്തെ വാർത്താസമ്മേളനം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് കള്ളവോട്ട് ആരോപണത്തെ തള്ളി കണ്ണൂരിൽ നിന്നുള്ള മന്ത്രി കൂടിയായ ഇ.പി.ജയരാജൻ രംഗത്തെത്തിയത്.

Read More: എം.എൻ.വിജയനൊപ്പം ഫുട്ബോൾ കളിച്ച കോവൂർ കുഞ്ഞുമോൻ; വീണ്ടും നാക്ക് പിഴച്ച് ഇ.പി.ജയരാജൻ

കണ്ണൂരില്‍ പിലാത്തറ 19ാം നമ്പര്‍ ബൂത്തില്‍ കളളവോട്ട് നടന്നതായി ടിക്കാറാം മീണ അറിയിച്ചു. സുമയ്യ, സലീന, പദ്മിനി എന്നിവര്‍ രണ്ട് തവണ വോട്ട് ചെയ്തു. ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്ന സിപിഎം വാദവും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ തളളി. കളളവോട്ട് ചെയ്തവര്‍ക്കെതിരെ കേസെടുക്കാനും വരണാധികാരിയോട് അദ്ദേഹം നിര്‍ദേശിച്ചു. ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കലക്ടര്‍ അന്വേഷണം നടത്തണം.

Read More: സെൻകുമാറിനെതിരെ ആഞ്ഞടിച്ച് ഇപി ജയരാജനും ഗണേഷ് കുമാറും

കളളവോട്ടിന് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തോ എന്നാണ് അന്വേഷിക്കുന്നത്. പിലാത്തറ ബൂത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം. കള്ളവോട്ട് ചെയ്തതു സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നൽകാൻ നടപടി ആരംഭിച്ചതായും ടിക്കാറാം മീണ അറിയിച്ചു. കണ്ണൂരിൽ നിന്ന് പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. കാസർകോട്ടു നിന്നുള്ള റിപ്പോർട്ടും ഉടൻ പ്രതീക്ഷിക്കുന്നു. കുറ്റം ചെയ്തുവെന്ന് തെളിഞ്ഞാൽ ഇന്ത്യൻ ശിക്ഷാ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കള്ളവോട്ടു ചെയ്തുവെന്ന വാർത്തകളെ കമ്മീഷൻ ഗൗരവത്തോടെയാണ് കാണുന്നത്. ഈ വിധത്തിൽ വിഷയത്തെ അന്വേഷിച്ച് വസ്തുനിഷ്ഠമായ റിപ്പോർട്ട് നൽകാനാണ് ജില്ലാ കലക്ടർമാരോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.