ന്യൂഡൽഹി: ബിജെപി ദേശീയ നേതാക്കൾക്ക് കർണാടകയിലെ ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ യെഡിയൂരപ്പ 1800 കോടി നൽകിയെന്ന് കോൺഗ്രസിന്റെ ആരോപണം. കാരവാൻ മാഗസിനെ ഉദ്ധരിച്ച് കോൺഗ്രസ് ദേശീയ വക്താവ് രരൺദീപ് സിങ് സുർജേവാലയാണ് ആരോപണവുമായി രംഗത്ത് വന്നത്.

കാരവാൻ മാഗസിന്റെ “യെഡിയൂരപ്പ ഡയറീസ്” എന്ന റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ബിജെപി നേതാക്കൾക്കെതിരെ കോൺഗ്രസ് നേതാവ് ആരോപണങ്ങളുമായി രംഗത്ത് വന്നത്. കർണാടകത്തിൽ മുഖ്യമന്ത്രിയാക്കാൻ വേണ്ടിയാണ് യെഡിയൂരപ്പ ഇത്രയും തുക മുടക്കിയതെന്നാണ് ആരോപണം.  കർണാടകയിൽ മൂന്ന് തവണ മുഖ്യമന്ത്രിയായിരുന്നു ബി.എസ്.യെഡിയൂരപ്പ.

2007 നവംബർ 12 ന് അധികാരമേറ്റുവെങ്കിലും ഏഴ് ദിവസത്തിന് ശേഷം രാജിവച്ചു. പിന്നീട് 2008 ൽ മെയ് 30 ന് അധികാരത്തിലേറെയെങ്കിലും 2011 ജൂലൈ 31 ന് അസുഖബാധിതനായതിനെ തുടർന്ന് രാജിവച്ചു. 2018 ലെ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ ഏറ്റവും വലിയ ഒറ്റക്കകക്ഷിയായ ബിജെപി അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രിയായി ചുമതലയേറ്റത് യെഡിയൂരപ്പയായിരുന്നു. 2018 മെയ് 17 ന് സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായ അദ്ദേഹത്തിന് പക്ഷെ, സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവാതെ മെയ് 19 ന് തന്നെ രാജിവയ്‌ക്കേണ്ടി വന്നു.

യെഡിയൂരപ്പയുടെ കൈപ്പടയിലുളളതാണ് ഡയറിയെന്നും കോൺഗ്രസ് ആരോപിക്കുന്നു.  രാജ്‌നാഥ് സിങ് മുതൽ അരുൺ ജെയ്റ്റ്‌ലി വരെ വിവിധ നേതാക്കൾക്ക് പണം കൈമാറിയെന്നാണ് കോൺഗ്രസ് പുറത്തുവിട്ട രേഖകളിൽ വ്യക്തമാക്കുന്നത്. “ഇത് സത്യമാണോ അല്ല കളളമാണോ? യെഡിയൂരപ്പയുടെ ഒപ്പിട്ടുളള ഈ ഡയറിക്കുറിപ്പ് 2017 മുതൽ ആദായ നികുതി വകുപ്പിന്റെ കൈവശമായിരുന്നു. അങ്ങിനെയെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിയും ബിജെപിയും ഈ കാര്യം അന്വേഷിക്കാതിരുന്നത്?” സുർജേവാല ചോദിക്കുന്നു.

എൽ.കെ.അഡ്വാനിക്ക് 50 കോടി, രാജ്‌നാഥ് സിങ് – 100 കോടി, നിതിൻ ഗഡ്‌കരി – 150 കോടി, മുരളി മനോഹർ ജോഷി- 50 കോടി, ജഡ്‌ജിമാർക്ക് 250 കോടി, അഭിഭാഷകർക്ക് (കേസിനുളള ഫീസ്)- 50 കോടി, അരുൺ ജെയ്റ്റ്‌ലി – 150 കോടി, നിതിൻ ഗഡ്‌കരിയുടെ മകന്റെ വിവാഹത്തിന് – 10 കോടി, ബിജെപി ദേശീയ കമ്മിറ്റിക്ക് – 1000 കോടി എന്നിങ്ങനെയാണ് കോൺഗ്രസ് പത്രസമ്മേളനത്തിൽ വിതരണം ചെയ്ത ഡയറിക്കുറിപ്പിന്റെ പകർപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

കോൺഗ്രസ് ആരോപണത്തിന് മറുപടി നൽകാൻ കേന്ദ്ര നിയമ മന്ത്രിയും ബിജെപി നേതാവുമായ രവിശങ്കർ പ്രസാദ് വൈകിട്ട് നാലിന് മാധ്യമങ്ങളെ കാണും.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.