
എകെജി, ഇഎംഎസ്, വിഎസ് ഈ പേരുകള്‍ക്കു തുടര്‍ച്ചയായി ഇദേഹത്തെ പിവി എന്നു വിളിച്ചു തുടങ്ങാന്‍ പല കാരണങ്ങളും ഉണ്ട്. ഒന്ന്, ഈ വന്‍ പ്രചാരകരായ മുന്‍ഗാമികളുടെ സര്‍വ്വ വിദ്യയും പ്രയോഗിച്ചു ജയിക്കേണ്ട ഒരു തിരഞ്ഞെടുപ്പാണിത്. അതിലും ചെറിയ ഒന്ന്, വെള്ള വസ്ത്രം ധരിച്ചു പോതുവേദിയില്‍ വരുന്ന അവസാന ഇടതു നേതാക്കളില്‍ ഒരാളായിരിക്കാം പിണറായി വിജയന്‍.
വര്‍ണ്ണ ശബളിമയെല്ലാം സ്ഥാനാര്‍ഥികള്‍ക്ക്. തിരുവനന്തപുരത്തു നിന്നു എറണാകുളം വരെ ഉള്ള ഹൈവേയില്‍ ഏഴും എട്ടും വ്യത്യസ്ത ഷര്‍ട്ടുകളില്‍ ഇടതു സ്ഥാനാര്‍ഥികളുടെ കളര്‍ പോസ്റ്ററുകള്‍ കാണാം. ഷര്‍ട്ടിന്റെ നിറത്തോട് ചേര്‍ന്ന കര മുണ്ടുകളും. വോട്ടര്‍മാര്‍ക്കു മുഷിയുന്നുണ്ടോ എന്നറിയില്ല. വെളുത്ത കടലാസ്സും കറുപ്പ് മഷിയുമായി വരക്കാനിറങ്ങുന്ന ഞങ്ങള്‍ക്കു പിണറായി സഖാവാണ് എളുപ്പം.
സരളമായ രേഖാ ചിത്രത്തിനിണങ്ങാത്ത ഒന്നും സഖാവില്‍ ഇല്ല. സദസ്സിനെ നോക്കി ലഘുവായ കൈവീശല്‍, അമിത് ഷാ എന്നു പറയുമ്പോള്‍ അറിയാതെ ചുരുട്ടിപ്പോവുന്ന മുഷ്ടി, വയനാടിന്‍റെ ദിശയിലേക്ക് അവജ്ഞയോടെ ഒരു കൈചൂണ്ടല്‍ – ഇത്രയോക്കെയേ ഉള്ളു അംഗ ഭാഷ. നിന്ന നില്പില്‍ ഒരു മോഡലിനെ എന്ന പോലെ സമയമെടുത്ത് വരച്ചെടുക്കാം. മൊത്തം രൂപം കാഴ്ച്ചയില്‍ കിട്ടുക പക്ഷേ അസാദ്ധ്യം. കൂറ്റന്‍ ഉച്ചഭാഷിണികളുടെ മറവില്‍ ഒരു ശബ്ദസ്രോതസ്സ്. അത്ര തന്നെ.
മേപ്പയൂര്‍ തൊട്ടു പയ്യന്നൂര്‍ വരെയുള്ള പൊതുയോഗങ്ങളില്‍ കൃത്യ സമയത്ത് കുമിഞ്ഞു കൂടിയ ജനാവലി മിക്കവാറും നാല്പതു മിനിറ്റു നല്ല വെയിലത്ത് വേദിയുടെ ദിശയിലേക്ക് തിരിഞ്ഞു നിന്ന് പ്രസംഗം കേള്‍ക്കുന്നു. നേതാവിന്റെ നിര്‍ബ്ബന്ധം കാണപ്പെടണം എന്നതിലുപരി കേള്‍ക്കപ്പെടണം എന്നാണ് എന്ന് തോന്നുന്നു. പ്രചാരണം അവസാനിച്ചു പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ അശരീരിയുടെ ആജ്ഞാശക്തി ഫലിക്കുമോ?
Read in English: Kerala Chief Minister Pinarayi Vijayan on campaign mode, as seen by E P Unny