Election results 2019: ഭോപ്പാല്‍: വിവാദങ്ങള്‍ക്കിടയിലും ഭോപ്പാലില്‍ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിന് വിജയം. രണ്ട് വട്ടം മുഖ്യമന്ത്രിയായിരുന്ന, കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ദിഗ് വിജയ് സിങ്ങിനെയാണ് പ്രഗ്യ പരാജയപ്പെടുത്തിയത്. മൂന്ന് ലക്ഷത്തി അറുപത്തി മൂവ്വായിരത്തി തൊള്ളായിരത്തി മൂപ്പത്തിമൂന്ന് വോട്ടുകൾക്കായിരുന്നു വിജയം.
പ്രചരണഘട്ടത്തില്‍ പരസ്പരം വാക് പോരിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന സ്ഥാനാര്‍ത്ഥികളായിരുന്നു പ്രഗ്യാ സിങ്ങും ദിഗ് വിജയ് സിങ്ങും. പ്രഗ്യാ സിങ്ങിന്റെ വിവാദ പ്രസ്താവനകളും രാജ്യം കണ്ടു. കഴിഞ്ഞ 30 കൊല്ലത്തോളമായി ബിജെപിയുടെ ശക്തി കേന്ദ്രമാണ് ഭോപ്പാല്‍. അതിനാല്‍ ജനം പ്രഗ്യാ സിങ്ങിനൊപ്പം നില്‍ക്കുകയായിരുന്നു.
അതേസമയം, കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ മൂന്ന് എംഎല്‍എമാരെ കോണ്‍ഗ്രസിന് ലഭിച്ചതും ഭോപ്പാലില്‍ നിന്നുമായിരുന്നു. ബാക്കിയുള്ള അഞ്ച് സീറ്റുകളിലും ബിജെപി ജയിച്ചെങ്കിലും വോട്ട് ശത്മാനത്തില്‍ കുറവുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് മുതലെടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.
ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിക്കുന്നവര്‍ക്കുള്ള പ്രതീകാത്മക മറുപടിയാണ് പ്രഗ്യാസിങ്ങിന്റെ സ്ഥാനാര്‍ത്ഥിത്വമെന്നായിരുന്നു നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.
അതേസമയം, ബിജെപി വീണ്ടും അധികാരത്തിലേക്കെന്ന് വ്യക്തമാക്കുന്നതാണ് ലീഡ് നില. ഏറ്റവും ഒടുവിലെ വിവരം പ്രകാരം രാജ്യത്ത് 343 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നുണ്ട്. യുപിഎ 84 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ 115 സീറ്റുകളിലും ലീഡ് ചെയ്യുന്നു.