Lok Sabha Election 2019 Results: ബംഗളൂരു: കർണാടകയിലെ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജിതനായ പ്രകാശ് രാജ് പ്രതികരണവുമായി രംഗത്ത്. തന്റെ മുഖത്തേറ്റ അടിയാണ് ഈ പരാജയമെന്ന് അദ്ദേഹം പ്രതികരിച്ചു.
“എന്റെ കരണത്തേറ്റ ശക്തമായ അടി. കൂടുതൽ അധിക്ഷേപങ്ങളും, ട്രോളും, അവമതിയും എന്റെ വഴിയേ വരുമായിരിക്കും. പക്ഷെ ഞാൻ എന്റെ നിശ്ചയദാര്‍ഢ്യത്തില്‍ ഉറച്ചു നിൽക്കും. മതേതര ഇന്ത്യക്കായുളള എന്റെ പോരാട്ടം തുടരും. മുന്നോട്ടുള്ള കഠിന യാത്ര തുടങ്ങിയിട്ടേയുള്ളൂ. എനിക്കൊപ്പം ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാവർക്കും നന്ദി. ജയ് ഹിന്ദ്.”, പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
a SOLID SLAP on my face ..as More ABUSE..TROLL..and HUMILIATION come my way..I WILL STAND MY GROUND ..My RESOLVE to FIGHT for SECULAR INDIA will continue..A TOUGH JOURNEY AHEAD HAS JUST BEGUN ..THANK YOU EVERYONE WHO WERE WITH ME IN THIS JOURNEY. …. JAI HIND
— Prakash Raj (@prakashraaj) May 23, 2019
ജനുവരി 1നാണ് പ്രകാശ് രാജ് രാഷ്ട്രീയത്തിലേക്കുളള പ്രവേശനം പ്രഖ്യാപിച്ചത്. പത്രിക പ്രഖ്യാപിക്കും മുമ്പേ അദ്ദേഹം പ്രചരണവും ആരംഭിച്ചിരുന്നു. ബിജെപിക്കും സംഘപരിവാർ രാഷ്ട്രീയത്തിനുമെതിരെ കർണാടക നിയമസഭ തെരഞ്ഞെടുപ്പിലുൾപ്പെടെ പ്രചാരണം നടത്തിയ പ്രകാശ് രാജിന് പുതിയ റോൾ പാളിപ്പോവുകയായിരുന്നു. പൊതിയുന്ന ആൾക്കൂട്ടവും പടം പിടുത്തവും വോട്ടാകുമെന്ന് തുടക്കത്തിൽ തന്നെ പ്രതീക്ഷ വെച്ചെങ്കിലും തോല്‍ക്കുകയായിരുന്നു.
Read More: തൃശൂര് അവിടെ തന്നെ വച്ചിട്ടുണ്ട് കേട്ടോ; ട്രോള്‍
ബെംഗളൂരു സെന്‍ട്രലില്‍ പ്രകാശ്‌രാജിന്റെ വോട്ട് നില തുടക്കം മുതല്‍ തന്നെ കുറവായിരുന്നു. രാവിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിയ അദ്ദേഹം മൂന്ന് റൗണ്ട് വോട്ടെണ്ണല്‍ പിന്നിട്ടപ്പോഴും തന്റെ മാത്രം ലീഡ് നില ഉയരാത്തതില്‍ പ്രതിഷേധിച്ച് സ്ഥലം വിട്ടിരുന്നു.
രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിന്റെ ചിത്രം വ്യക്തമാകുമ്പോള്‍ കേവല ഭൂരിപക്ഷം ഉറപ്പാക്കി എൻഡിഎ വീണ്ടും അധികാരത്തിലേക്ക്. എക്സിറ്റ് പോൾ ഫലങ്ങളെയും അതിശയിക്കുന്ന പ്രകടനവുമായി 2014ലെ നേട്ടത്തെയും കടത്തിവെട്ടിയാണ് എൻഡിഎ മുന്നേറ്റം. 350ന് അടുത്ത് സീറ്റുകളുമായാണ് നരേന്ദ്ര മോദി സർക്കാർ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്.