ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് കമ്മീഷന്‍ ആദിത്യനാഥിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിക്ക് നോട്ടീസ് അയച്ചത്. പരാതിയില്‍ 24 മണിക്കൂറിനുളളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം.

Read More: മുസ്‌ലിം ലീഗ് വൈറസാണെന്ന് യോഗി ആദിത്യനാഥ്; അറിവില്ലായ്മ കൊണ്ടെന്ന് കുഞ്ഞാലിക്കുട്ടി

ഏപ്രില്‍ 19ന് ഉത്തര്‍പ്രദേശിലെ സാംബലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് യോഗി വിവാദ പരാമര്‍ശം നടത്തിയത്. മണ്ഡലത്തിലെ എസ്പി സ്ഥാനാര്‍ഥിയെ ഉദ്ദേശിച്ചായിരുന്നു പരാമര്‍ശം. വര്‍ഗീയ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 72 മണിക്കൂര്‍ വിലക്ക് അവസാനിച്ചതിന് പിന്നാലെയായിരുന്നു ഇത്.

മീററ്റിലെ റാലിയിലാണ് യോഗി ”അലി’, ”ബജ്രംഗ്ബലി’ പരാമര്‍ശങ്ങള്‍ നടത്തിയത്. അലിയും (ഇസ്ലാമിലെ നാലാം ഖലീഫ) ബജ്രംഗ്ബലിയും (ഹനുമാന്‍) തമ്മിലുള്ള പോരാട്ടമാണ് ലോക്സഭ തിരഞ്ഞെടുപ്പെന്ന രീതിയിലായിരുന്നു യോഗിയുടെ പ്രസംഗം. ഇതു ഹിന്ദു-മുസ്ലിം വേര്‍തിരിവ് സൃഷ്ടിക്കുന്ന പരാമര്‍ശമാണെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ഇതേതുടര്‍ന്ന് യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയും പിന്നാലെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ വിലക്ക് സുപ്രീം കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.

Read More: ‘മോദി സേന’ പരാമർശം; യോഗി ആദിത്യനാഥിന് താക്കീതുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇന്ത്യന്‍ സൈന്യത്തെ മോദി സേന എന്ന് വിശേഷിപ്പിച്ചതിന്റെ പേരിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദിത്യനാഥിനെ താക്കീത് ചെയ്തിരുന്നു. ഗാസിയാബാദിലും ഗ്രേറ്റര്‍ നോയിഡയിലും തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിക്കുമ്പോഴാണ് യോഗി ആദിത്യനാഥ് ‘മോദി സേന’ എന്ന പരാമര്‍ശം നടത്തിയത്. ഭീകരവാദത്തിനും ഭീകരവാദികള്‍ക്കും നേരെ കോണ്‍ഗ്രസിനുള്ളത് മൃദുസമീപനമാണെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി. ‘കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ബിരിയാണി വിളമ്പുകയാണ് ചെയ്തത്.

അവര്‍ മസൂദ് അസ്ഹറിനെപ്പോലെയുള്ള ഭീകരരുടെ പേരിനൊപ്പം ജി എന്ന് ചേര്‍ത്ത് അവരെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍, മോദിജിയുടെ സേന ഭീകരര്‍ക്ക് നേരെ വെടിയുണ്ടകളും ബോംബും വര്‍ഷിച്ചു’. യോഗി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തുകയായിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടത്.

Read More: യോഗിക്കും മായാവതിക്കും തിരിച്ചടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് സുപ്രീംകോടതി ശരിവച്ചു

എന്നാല്‍ താന്‍ നടത്തിയ പരാമര്‍ശത്തില്‍ തെറ്റൊന്നും ഇല്ലെന്നും മോദിയുടെ സേന എന്നതിലൂടെ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ സേന എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സേന പ്രവര്‍ത്തിച്ചത്, അതിനാല്‍ താന്‍ ഉപയോഗിച്ച പരാമര്‍ശത്തില്‍ യാതൊരു പിശകും ഇല്ലെന്നായിരുന്നു ആദിത്യനാഥിന്റെ വിശദീകരണം.

നേരത്തേ ആദിത്യനാഥിനൊപ്പം ബിഎസ്പി നേതാവ് മായാവതിക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. സഹാരന്‍പൂരില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ‘മുസ്ലീം സഹോദരീ സഹോദരന്‍മാരേ, നിങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മുസ്ലിങ്ങളുടെ വോട്ടുകള്‍ ഭിന്നിക്കരുത്’, എന്ന് പ്രസംഗിച്ചതിനാണ് മായാവതിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇരുവർക്കും മൂന്ന് ദിവസമാണ് വിലക്ക് ഏർപ്പെടുത്തിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ അധികാരം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തകമാത്രമാണ് ചെയ്തതെന്നായിരുന്നു അന്നത്തെ സുപ്രീംകോടതി നരീക്ഷണം.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.