ഭോപ്പാല്‍: മുംബൈ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെക്കെതിരായ പരാമര്‍ശത്തില്‍ മലേഗാവ് സ്ഫോടന കേസ് പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സാധ്വി പ്രഗ്യാ സിങ്ങിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. സാധ്വി പ്രഗ്യാ സിങ്ങിനോട് 24 മണിക്കൂറിനകം മറുപടി നല്‍കണമെന്ന് നോട്ടീസില്‍ നിര്‍ദേശിച്ചിട്ടുണ്ട്. പെരുമാറ്റ ചട്ടം ലംഘിച്ചെന്നാണ് ഭോപ്പാൽ വരണാധികാരി നോട്ടീസിൽ പറയുന്നത്.
വിവാദ പരാമർശത്തിൽ പ്രഗ്യാ സിങ് നേരത്തെ മാപ്പ് പറഞ്ഞിരുന്നു. ”രാജ്യത്തിന്റെ ശത്രുക്കളാണ് ഇതില്‍ നിന്നും ഗുണമുണ്ടാക്കുന്നതെന്ന് തോന്നുന്നു. അതുകൊണ്ട് ഞാനെന്റെ പ്രസ്താവന പിന്വലിക്കുകകയാണ്. മാപ്പ് ചോദിക്കുന്നു. എന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു അത്” പ്രഗ്യ സിങ് പറഞ്ഞു. ഭീകരവാദികളുടെ വെടിയുണ്ട കൊണ്ടാണ് അദ്ദേഹം മരിച്ചത്. അദ്ദേഹം തീര്‍ച്ചയായും രക്തസാക്ഷിയാണെന്നും പ്രഗ്യ പറഞ്ഞു.
Read More: സാധ്വിയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് ഹര്‍ജി
”ഞാന്‍ ഹേമന്ത് കര്‍ക്കറെയെ വിളിച്ചു. എനിക്കെതിരെ തെളിവൊന്നുമില്ലെങ്കില്‍ എന്നെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തെളിവു കൊണ്ടു വരുമെന്നും എന്നെ വിടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിങ്ങള്‍ നശിച്ചു പോകുമെന്ന് ഞാന്‍ ശപിച്ചു” പ്രഗ്യ സിങ് നടത്തിയ പരാമർശം ഇതാണ്.