ന്യൂഡല്‍ഹി: വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് തീരുമാനമെടുക്കും. വിവിപാറ്റില്‍ പൊരുത്തക്കേട് വന്നാല്‍ ആ നിയമസഭാ മണ്ഡലത്തിലെ എല്ലാ വിവിപാറ്റ് രസീതുകളും എണ്ണണമെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കമ്മീഷന് ഇന്ന് തീരുമാനം അറിയിച്ചേക്കും. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. കഴിഞ്ഞ ദിവസമാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
കോണ്‍ഗ്രസ് അടക്കമുള്ള 22 പാര്‍ട്ടികളിലെ പ്രതിപക്ഷ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഇന്നലെ വെെകീട്ടാണ് കണ്ടു. വിവിപാറ്റ് രസീതുകളും ഇവിഎമ്മിലെ വോട്ടുകളും നൂറ് ശതമാനം പൊരുത്തപ്പെടണമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഓരോ നിയോജക മണ്ഡലങ്ങളിലെയും അഞ്ച് വീതം പോളിങ് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ എണ്ണുന്നത് ഇവിഎമ്മിലെ (വോട്ടിങ് യന്ത്രം) വോട്ടുകള്‍ എണ്ണുന്നതിന് മുന്‍പ് വേണമെന്നും അവസാന റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞ ശേഷം വിവിപാറ്റുകള്‍ എണ്ണുന്നത് അനുവദിക്കരുതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.
വിവിപാറ്റ് മെഷീനുകളിലെ വോട്ടുകള്‍ ആദ്യം എണ്ണണം. ഇതില്‍ എന്തെങ്കിലും പൊരുത്തക്കേടുകള്‍ വരികയാണെങ്കില്‍ ആ നിയോക മണ്ഡലത്തിലെ എല്ലാ വിവിപാറ്റുകളും എണ്ണണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ച വിഷയങ്ങള്‍ നാളെ ചര്‍ച്ച ചെയ്യുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചതായും പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസമായി തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇക്കാര്യങ്ങള്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എന്നും കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്വി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ജനഹിതം മാനിക്കണമെന്നും അതില്‍ ക്രമക്കേടുകള്‍ പാടില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു പറഞ്ഞു.
50 ശതമാനം വോട്ടു രസീതുകൾ എണ്ണുകയാണെങ്കിൽ ഫലപ്രഖ്യാപനത്തിന് ഒമ്പത് ദിവസമെങ്കിലും വേണ്ടിവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വാദിച്ചതിനെ തുടർന്നാണ് ഒരു മണ്ഡലത്തിലെ അഞ്ച് യന്ത്രങ്ങളുടെ രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ഏഴ് ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം നാളെയാണ് അറിയുക. നാളെ രാവിലെ എട്ട് മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ വിജയികളെ അറിയാം.