/indian-express-malayalam/media/media_files/uploads/2019/05/Counting-1.jpg)
ന്യൂഡൽഹി: കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് കോവിഡ് വാക്സിനുകളും സ്വീകരിച്ചതിനുള്ള തെളിവുകളോ ഹാജരാക്കുന്നവർക്ക് മാത്രമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനം അനുവദിക്കൂയെന്ന് കമ്മിഷൻ വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന കേരളത്തിനു പുറമെ, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും മേയ് രണ്ടിനാണു തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. വോട്ടെണ്ണൽ ദിനത്തിൽ പാലിക്കാനള്ള വിശദമായ കോവിഡ് പ്രോട്ടോക്കോൾ നിർദേശങ്ങൾ കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Read More: ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങും, ലോക്ക്ഡൗൺ വേണ്ട; മന്ത്രിസഭാ തീരുമാനം
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശിക്കുന്നതിനായി അപേക്ഷകർ 48 മണിക്കൂറിനുള്ളിൽ (ഏപ്രിൽ 30നോ മേയ് ഒന്നിനോ) ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വോട്ടെണ്ണൽ ദിവസത്തിനു മുമ്പായി സ്ഥാനാർത്ഥികൾക്കും അവരുടെ കൗണ്ടിങ് ഏജന്റുമാർക്കും വേണ്ടി ആർടി-പിസിആർ അല്ലെങ്കിൽ റാപിഡ് ആന്റിജൻ ടെസ്റ്റ് സൗകര്യങ്ങൾ ക്രമീകരിക്കാൻ കമ്മിഷൻ എല്ലാ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ചുമതല നൽകി.
സ്ഥാനാർത്ഥിക്കോ അവരുടെ ഏജന്റുമാരിൽ ആർക്കെങ്കിലുമോ രോഗബാധ കണ്ടെത്തിയാൽ പകരം മറ്റൊരാളെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കു നിയോഗിക്കണം. “കോവിഡ് 19 പോലുള്ള പനി, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുള്ള ആരെയും വോട്ടെണ്ണൽ ഹാളിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല,” കമ്മിഷന്റെ നിർദേശങ്ങളിൽ പറയുന്നു.
വോട്ടെണ്ണൽ കേന്ദ്രവുമായി ബന്ധപ്പെട്ട മറ്റ് നിർദേശങ്ങൾ
- എല്ലാ കൗണ്ടിങ് ഉദ്യോഗസ്ഥർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കുംം മാസ്കുകൾ, ഹാൻഡ് സാനിറ്റൈസറുകൾ, ഫെയ്സ് ഷീൽഡുകൾ, കയ്യുറകൾ എന്നിവ നൽകണം
- വോട്ടെണ്ണൽ കേന്ദ്രം സാമൂഹിക അകലം ഉറപ്പാക്കുന്നതും നന്നായി വായുസഞ്ചാരമുള്ളതുമായ ഇടമായിരിക്കണം.
- ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളും വിവിപാറ്റ് മെഷിനുകളും വഹിക്കുന്ന കണ്ടെയ്നറുകൾ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് അണുവിമുക്തമാക്കണം
- സ്ഥാനാർത്ഥികൾക്കും അവരുടെ കൗണ്ടിങ് ഏജന്റുമാർക്കും പിപിഇ കിറ്റുകൾ നൽകണം. രണ്ട് കൗണ്ടിംഗ് ഏജന്റുകൾക്കിടയിൽ ഇരിക്കുന്ന ഒരു ഏജന്റ് പിപിഇ ധരിച്ച് ഇരിക്കുന്ന തരത്തിൽ വോട്ടിങ് കേന്ദ്രത്തിനുള്ളിൽ ഇരിപ്പിടം ക്രമീകരിക്കണം
- തപാൽ ബാലറ്റുകളുടെ എണ്ണത്തിന്റെ മേൽനോട്ടത്തിനായി അധിക റിട്ടേണിങ് ഓഫീസർമാരെ നിയമിക്കാം. ആവശ്യമെങ്കിൽ തപാൽ ബാലറ്റുകൾ പ്രത്യേക ഹാളിൽ എണ്ണാം
- ഓരോ പോളിങ്ങ് കേന്ദ്രത്തിലും എടുക്കുന്ന മുൻകരുതലുകൾ സംബന്ധിച്ച് ബന്ധപ്പെട്ട ആരോഗ്യ അധികാരികളിൽനിന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഒരു കോവിഡ് കംപ്ലയൻസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.