ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ബിഎസ്പി അധ്യക്ഷ മായാവതിക്കും വിലക്ക് ഏര്‍പ്പെടുത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ശരിവച്ച് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരിലാണ് യോഗിക്ക് മൂന്ന് ദിവസവും മായാവതിക്ക് രണ്ടു ദിവസവും കമ്മീഷന് വിലക്ക് ഏര്‍പ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ അധികാരം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തകമാത്രമാണ് ചെയ്തതെന്ന് സുപ്രീംകോടതി നരീക്ഷിച്ചു. ഇന്ന് രാവിലെ ആറ് മണി മുതലാണ് ഇരുവര്‍ക്കും എതിരായ വിലക്ക് നിലവില്‍ വന്നത്. ഈ കാലയളവില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലോ റാലികളിലോ ഇരുവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കില്ല.
Read More: പെരുമാറ്റച്ചട്ട ലംഘനം; യോഗി ആദിത്യനാഥിനും മായാവതിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
സഹാരന്‍പൂരില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ ‘മുസ്ലീം സഹോദരീ സഹോദരന്മാരേ, നിങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. മുസ്ലിങ്ങളുടെ വോട്ടുകള്‍ ഭിന്നിക്കരുത്’, എന്ന് പ്രസംഗിച്ചതിനാണ് മായാവതിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.
മീററ്റിലെ റാലിയിലാണ് യോഗി ”അലി’, ”ബജ്രംഗ്ബലി’ പരാമര്‍ശങ്ങള്‍ നടത്തിയത്. അലിയും (ഇസ്ലാമിലെ നാലാം ഖലീഫ) ബജ്രംഗ്ബലിയും (ഹനുമാന്) തമ്മിലുള്ള പോരാട്ടമാണ് ലോക്സഭ തിരഞ്ഞെടുപ്പെന്ന രീതിയിലായിരുന്നു യോഗിയുടെ പ്രസംഗം. ഇതു ഹിന്ദു-മുസ്ലിം വേര്‍തിരിവ് സൃഷ്ടിക്കുന്ന പരാമര്‍ശമാണെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ഇതേതുടര്‍ന്ന് യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമീഷന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.