തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് വിജയരാഘവന് താക്കീത് നല്‍കിയത്. ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകരുതെന്നും ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് വിജയരാഘവന്‍ നടത്തിയ പരാമര്‍ശമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍ നിരീക്ഷിച്ചു. വിജയരാഘവന്‍ ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായും താക്കീതില്‍ വ്യക്തമാക്കുന്നു.

Read More: ‘എനിക്ക് നീതി ലഭിച്ചില്ല’; വനിത കമ്മീഷനെതിരെ രമ്യ ഹരിദാസ്

പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.വി.അന്‍വറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് വിജയരാഘവന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ”സ്ഥാനാർഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെൺകുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല,” ഇതായിരുന്നു എ വിജയരാഘവന്‍റെ വാക്കുകള്‍. കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ പാണക്കാട് തങ്ങളെ കാണാന്‍ നിരനിരയായി വന്നുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞായിരുന്നു വിജയരാഘവന്റെ അധിക്ഷേപ പരാമര്‍ശം.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.