കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ആർഎംപി സ്ഥാനാർഥിയായി മത്സരിക്കുന്ന മുഹമ്മദ് ഷുഹൈബിന് യുഡിഎഫ് പിന്തുണയില്ല. പന്തീരാങ്കാവ് യുഎപിഎ കേസ് പ്രതി അലന്റെ പിതാവാണ് ഷുഹൈബ്. കോഴിക്കോട് കോർപറേഷനിലെ വലിയങ്ങാടി വാർഡിലാണ് ഷുഹൈബ് ആർഎംപി സ്ഥാനാർഥിയായി മത്സരിക്കുന്നത്. എന്നാൽ, ഇത് യുഡിഎഫിന് വ്യക്തമായ മേധാവിത്വമുള്ള മേഖലയാണെന്നും അതുകൊണ്ടാണ് ഷുഹൈബിനെ പിന്തുണയ്‌ക്കാൻ സാധിക്കാത്തതെന്നും കെപിസിസി നേതാക്കൾ വ്യക്തമാക്കി.

തനിക്ക് യുഡിഎഫിന്റെ പിന്തുണ ലഭിക്കുമെന്ന് ഷുഹൈബ് അവകാശപ്പെട്ടിരുന്നു. വലിയങ്ങാടിയിൽ സിപിഎം അല്ല എൽഡിഎഫിനുവേണ്ടി മത്സരിക്കുന്നത്. കോഴിക്കോട് തന്നെ സിപിഎം മത്സരിക്കുന്ന ഏതെങ്കിലും സീറ്റിൽ ഷുഹൈബ് മത്സരിക്കുകയായിരുന്നു ഉചിതമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

Read Also: താമര അടയാളത്തിൽ വോട്ട് ചോദിച്ച് കൊറോണ; ഇത് ചെറിയ കളിയല്ല

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ് ഷുഹൈബ്. അലന്റെ അറസ്റ്റിന് പിന്നാലെയാണ് ഷുഹൈബ് സിപിഎമ്മുമായി അകൽച്ചയിലാകുന്നത്. പിന്നീട് സിപിഎമ്മുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല. പന്തീരാങ്കാവ് യുഎപിഎ കേസിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അലന്റെ കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. അലനും താഹയ്‌ക്കുമെതിരെ യുഎപിഎ ചുമത്തിയ പൊലീസ് നടപടിക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും വിമർശനമുന്നയിച്ചിരുന്നു.

പന്തീരാങ്കാവ് യുഎപിഎ കേസിൽ തടവിലായിരുന്ന അലനും താഹയും സെപ്‌റ്റംബർ 11 നാണ് ജയിൽമോചിതരായത്. യുഎപിഎ കേസിൽ പത്ത് മാസത്തിനു ശേഷമാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചതിൽ സന്തോഷമെന്നും പിന്തുണ നൽകിയ മാധ്യമങ്ങൾക്ക് നന്ദി ഉണ്ടെന്നും അലനും താഹയും പറഞ്ഞു.

2019 നവംബർ ഒന്നിനാണ് ഇരുവരെയും കോഴിക്കോട് പന്തീരാങ്കാവിൽ വച്ച് പൊലീസ് പിടികൂടിയത്. തുടർന്ന് യുഎപിഎ ചുമത്തി കേസെടുത്തു. ഇരുവരുടെയും വീടുകളിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് രേഖകളും ലഘുലേഖയും ബാനറും വിവരങ്ങളടങ്ങിയ പെൻഡ്രൈവും കണ്ടെത്തിയതായി പൊലീസ് അവകാശപ്പെട്ടിരുന്നു.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.