ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുെണ്ടന്ന പരാമര്‍ശത്തില്‍ മാലേഗാവ് സ്ഫോടന കേസിലെ പ്രതിയും ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രഗ്യ സിംഗ് ഠാക്കൂറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്. മൂന്ന് ദിവസത്തേക്കാണ് വിലക്ക്. പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതോടെയാണ് വിലക്ക്.
വിവാദ പരാമര്‍ശങ്ങള്‍ ഒന്നിനെ പുറകെ ഒന്നായി നടത്തിയ വാര്‍ത്തകളില്‍ നിറയുകയാണ് പ്രഗ്യാ സിങ്. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ തനിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്നും അതില്‍ അഭിമാനിക്കുകയാണ് താനെന്നുമായിരുന്നു പ്രഗ്യാ സിങ് പറഞ്ഞതു. 2008ല്‍ നടന്ന മാലെഗാവ് സ്ഫോടനക്കേസില്‍ ജയിലിലായ പ്രഗ്യാ സിങ് ഇപ്പോള്‍ ജാമ്യത്തിലാണ്.
EC bars BJP Bhopal candidate Pragya Singh Thakur from campaigning for three days starting 6 am tomorrow. Thakur's remark that she is proud of Babri Masjid's demolition was found violative of the Model Code of Conduct. pic.twitter.com/DMHoF7uR7I
— ANI (@ANI) May 1, 2019
ആജ് തക്കിന് നല്കിയ അഭിമുഖത്തിലാണ് പ്രഗ്യാ സിങ്ങിന്റെ വിവാദ പ്രസ്താവന. ‘ബാബറി മസ്ജിത് തകര്‍ത്തതില്‍ എന്തിനാണ് നാം ഖേദിക്കുന്നത്? വാസ്തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നു. രാമക്ഷേത്രത്തിനു ചുറ്റും ചില മാലിന്യങ്ങള്‍ ഉണ്ടായിരുന്നു, ഞങ്ങള്‍ അത് നീക്കം ചെയ്തു. ഇത് നമ്മുടെ രാജ്യത്തിന്റെ ആത്മാഭിമാനത്തിന് ഉണര്‍വേകി. അവിടെ നമ്മള് ഒരു വലിയ രാമക്ഷേത്രം പണിയും.’
‘കോണ്‍ഗ്രസ് ഈ രാജ്യം 70 വര്‍ഷം ഭരിച്ചു. എന്നിട്ടവര്‍ എന്താണ് ചെയ്തതെന്നു നോക്കൂ. നമ്മുടെ ക്ഷേത്രങ്ങള്‍ പോലും സുരക്ഷിതമല്ല. ഒത്തുകൂടി ബാബറി മസ്ജിത് തകര്‍ക്കുക വഴി ഈ രാജ്യത്തിന്റെ ആത്മാഭിമാനത്തെയാണ് ഹിന്ദുക്കള്‍ ഉണര്‍ത്തിയത്. ഈ രാജ്യത്തല്ലെങ്കില്‍ പിന്നെ എവിടെയാണ് രാമക്ഷേത്രം പണിയുക?’ പ്രഗ്യാ സിങ് പറഞ്ഞിരുന്നു.
ബാബറി മസ്ജിത് തകര്‍ത്ത സ്ഥലത്ത് എന്തുകൊണ്ടാണ് ഇനിയും രാമക്ഷേത്രം നിര്‍മ്മിക്കാത്തത് എന്ന് ചോദിച്ചപ്പോള്‍, ഭാരതീയ ജനതാ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം രാമക്ഷേത്രം ഒരു രാഷ്ട്രീയ പ്രശ്നമല്ലെന്ന് പ്രഗ്യാ സിങ് പ്രതികരിച്ചിരുന്നു.
നേരത്തെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ത് കര്‍ക്കറെയ്ക്കെതിരായ പ്രസ്താവനയിലും പ്രഗ്യയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. മാലെഗാവ് സ്ഫോടനക്കേസില്‍ തന്നെ പ്രതി ചേര്‍ത്തതിനെ തുടര്‍ന്ന് താന്‍ ശപിച്ചതു കൊണ്ടാണ് 26/11 മുംബൈ ഭീകരാക്രമണത്തില്‍ ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കറെ കൊല്ലപ്പെട്ടതെന്ന പ്രഗ്യാ സിങ്ങിന്റെ പ്രസ്താവനയ്ക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചത്. ഹേമന്ത് കര്‍ക്കറയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ പ്രഗ്യ സിംഗിനെതിരെ മധ്യ പ്രദേശ് പൊലീസ് കേസെടുത്തിരുന്നു.