പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച നേട്ടമുണ്ടാകുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്രീധരൻ പൊന്നാനിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു. “എനിക്ക് നല്ലോണം വോട്ട് വരും. ഒരു ഭയവുമില്ല. ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകും. പാലക്കാട് വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കാൻ സാധിക്കും,” ശ്രീധരൻ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ മൂന്ന് ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഒരു കോടി 41 ലക്ഷം സ്ത്രീ വോട്ടര്‍മാരും ഒരു കോടി 32 ലക്ഷം പുരുഷവോട്ടര്‍മാരും 290 ട്രാന്‍സ്‌ജെൻഡേഴ്‌സുമാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. 40,771 പോളിങ് ബൂത്തുകള്‍, 3.5 ലക്ഷം ഉദ്യോഗസ്ഥര്‍, 60,000 പൊലീസുകാര്‍, 140 കമ്പനി കേന്ദ്രസേന എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ സജ്ജമായിരിക്കുന്നത്.
നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്.