കോഴിക്കോട്: സംവിധായകൻ രഞ്ജിത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്തിൽ രഞ്ജിത്ത് എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ട്. മത്സരിക്കാൻ തയ്യാറാണെന്ന് രഞ്ജിത്ത് സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

സിറ്റിങ് എംഎൽഎ പ്രദീപ് കുമാറിന് പകരമാണ് കോഴിക്കോട് നോർത്തിൽ രഞ്ജിത്തിനെ കളത്തിലിറക്കുന്നത്. പാര്‍ട്ടിക്ക് പുറത്തുള്ള പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് രഞ്ജിത്തിന്റെ പേര് സിപിഎം പരിഗണിച്ചത്.

ഇടതുപക്ഷ സഹയാത്രികനാണ് രഞ്ജിത്ത്. പിണറായി സർക്കാരിനെ പ്രകീർത്തിച്ച് പലപ്പോഴായി രഞ്ജിത്ത് നടത്തിയ പ്രസ്‌താവനകളെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോവിഡ് പ്രതിരോധത്തിൽ സർക്കാരിന്റെ പ്രവർത്തനം മികച്ചതാണെന്ന് രഞ്ജിത്ത് പ്രശംസിച്ചിരുന്നു. താൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ആഴ്‌ച രഞ്ജിത്ത് പറഞ്ഞത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ നടത്തിയിട്ടില്ല.

Read Also: ബലാത്സംഗക്കേസിലെ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് കോടതി; വിവാദം

അതേസമയം, പ്രദീപ് കുമാറടക്കം കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ നാല് സിറ്റിങ് എംഎല്‍എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല. ഇതുസംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായെന്നാണ് വിവരം. കോഴിക്കോട് നോർത്തിൽ കെഎസ്‌യു അധ്യക്ഷന്‍ കെ.എം.അഭിജിത്തിനെ സ്ഥാനാർഥിയാക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. എം.ടി.രമേശ് ആയിരിക്കും ബിജെപി സ്ഥാനാർഥിയെന്നാണ് സൂചന.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.