കൊച്ചി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിളിച്ച് പരിഹസിച്ചുകൊണ്ട് സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’യുടെ എഡിറ്റോറിയല്‍. ‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്’ എന്ന തലക്കെട്ടോടെയാണ് ഇന്നത്തെ ദേശാഭിമാനിയുടെ എഡിറ്റോറിയല്‍.

അമേഠിയില്‍ പരാജയഭീതികൊണ്ടാണ് രാഹുല്‍ വയനാട് മത്സരിക്കുന്നത് എന്ന ബിജെപി വിമര്‍ശനത്തെ അതേപടി പകര്‍ത്തിയ രീതിയിലാണ് ദേശാഭിമാനിയുടെ എഡിറ്റോറിയല്‍. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനിയോട് മത്സരിച്ചപ്പോള്‍ രണ്ട് ലക്ഷം വോട്ടിന്റെ കുറവാണ് രാഹുലിന് ഉണ്ടായതെന്നും അതിനാല്‍ ഇത്തവണയും അങ്ങനൊരു സാഹചര്യമുണ്ടായാല്‍ നാണംകെട്ട തോല്‍വി ഉറപ്പാണെന്നും ദേശാഭിമാനി ദിനപത്രത്തിന്റെ എഡിറ്റോറിയലില്‍ പറയുന്നു.

Also Read: ‘പപ്പു സ്ട്രൈക്ക്’ പ്രയോഗം അനുചിതം; ജാഗ്രത കുറവുണ്ടായിന്ന് വിശദീകരണവുമായി ദേശാഭിമാനി

മത്സരിച്ച് ജയിക്കാന്‍ കോണ്‍ഗ്രസിന് മറ്റൊരു സുരക്ഷിത മണ്ഡലം ഉത്തരേന്ത്യയിലില്ല. അതിനാലാണ് ഇന്ദിര ഗാന്ധിയെയും സോണിയ ഗാന്ധിയെയും അനുകരിച്ച് രാഹുല്‍ വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത്. ഉത്തരേന്ത്യ പോലെ ദക്ഷിണേന്ത്യയും കോണ്‍ഗ്രസിന് മരുഭൂമിയാണെന്നും ദേശാഭിമാനി എഡിറ്റോറിയലില്‍ കുറിച്ചിരിക്കുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുമ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കുമെന്ന് പറയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്നും എഡിറ്റോറിയലില്‍ ചോദിക്കുന്നു. രാഹുല്‍ അമേഠിയില്‍ മത്സരിച്ചപ്പോള്‍ ഉത്തരേന്ത്യയില്‍ പോയിട്ട് ഉത്തര്‍പ്രദേശില്‍ പോലും ഒരു തരംഗവുണ്ടായില്ല എന്ന വസ്തുതയും ദേശാഭിമാനി ചൂണ്ടിക്കാണിക്കുന്നുണ്ട്.

Read More: ‘കേരളത്തില്‍ നിന്ന് മത്സരിച്ചാല്‍ അത് ബിജെപിക്കെതിരായ മത്സരമാണെന്ന് ആരെങ്കിലും പറയുമോ?’: പിണറായി വിജയന്‍</a

രാഹുല്‍ ഗാന്ധി ഗതികേടിന്റെ ഭാഗമായാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്നും ദേശാഭിമാനി പറയുന്നുണ്ട്. വയനാട്ടില്‍ ന്യൂനപക്ഷത്തിന്റെ വോട്ടിലാണ് രാഹുലിന്റെ കണ്ണ്. കേരളത്തിലെ ന്യൂനപക്ഷത്തെ പറ്റിക്കാനുള്ള ചെപ്പടിവിദ്യയാണ് രാഹുലിന്റെ സ്ഥാനാര്‍ഥിത്വം. രാജ്യത്ത് ബിജെപിയെ വെള്ളവും വളവും നല്‍കി വളര്‍ത്തിയത് കോണ്‍ഗ്രസാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ രാഹുല്‍ മുസ്‌ലിം ലീഗിന്റെ കാലില്‍ വീഴുകയാണെന്നും ദേശാഭിമാനി വിമര്‍ശിക്കുന്നു.

ബിജെപിയെയാണ് രാഹുല്‍ ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ അദ്ദേഹം മത്സരിക്കേണ്ടത് കേരളത്തില്‍ അല്ല. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. രാഹുല്‍ ഇവിടെ മത്സരിക്കുമ്പോള്‍ അത് ഇടതുപക്ഷത്തോടുള്ള മത്സരമാകും. അങ്ങനെയുള്ള ഒരു നേതാവിന് എങ്ങനെയാണ് ബിജെപിയെ ദേശീയമായി നേരിടാന്‍ സാധിക്കുക. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ശോചനീയമാകുമെന്നതിന്റെ സൂചനയാണ് വയനാട്ടിലെ സ്ഥാനാര്‍ഥിത്വം നല്‍കുന്നത്. ബിജെപിയെ അവരുടെ തട്ടകത്തില്‍ നേരിടാനുള്ള വീറും വാശിയും കാണിക്കാതെ ഒളിച്ചോടുന്ന രാഷ്ട്രീയ തന്ത്രം അദ്ദേഹം ഒരു പരാജയപ്പെട്ട രാഷ്ട്രീയക്കാരനാണെന്നതിന്റെ പ്രഖ്യാപനമാണെന്നും ആലങ്കാരികമായി പറഞ്ഞാല്‍ ഒരു പപ്പു സ്‌ട്രൈക്ക് ആണ് കോണ്‍ഗ്രസിന്റേതെന്നും ദേശാഭിമാനി എഡിറ്റോറിയലില്‍ പറയുന്നു. രാഹുലിന്റെ വയനാട്ടില്‍ നിന്നുള്ള സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസിന്റെ നാശം പൂര്‍ണമാക്കുമെന്നും എഡിറ്റോറിയല്‍ പറയുന്നുണ്ട്.

രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ ബിജെപി ഉപയോഗിക്കുന്ന ‘പപ്പു’ എന്ന വാക്കിലൂടെയാണ് ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ അവതരണം. ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. രാഹുല്‍ അമേഠിയില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളതിനാലാണ് വയനാട്ടില്‍ മത്സരിക്കുന്നതെന്ന ബിജെപി ആക്ഷേപത്തിന് ഒപ്പം നില്‍ക്കുന്നതാണ് ദേശാഭിമാനിയുടെ ഇന്നത്തെ എഡിറ്റോറിയല്‍.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.