കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചത് വിഷാദരോഗത്തിലേക്ക് നയിച്ചെന്ന് എറണാകുളം എംപി കെ.വി.തോമസ്. വിഷാദത്തില്‍ നിന്ന് തിരിച്ചുവരാനും അതിനെ അതിജീവിക്കാനും സാധിച്ചത് സംഗീതം കൊണ്ടാണെന്നും കെ.വി.തോമസ് പറഞ്ഞു. യേശുദാസും തൃപ്പൂണിത്തുറ പൂർണത്രയീശ സംഗീതസഭയും ചേർന്ന് ഏർപ്പെടുത്തിയിരിക്കുന്ന അഗസ്റ്റിൻ ജോസഫ് സ്മാരക പുരസ്കാരത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുമ്പോഴാണ് കെ.വി.തോമസ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

Read More: ‘എന്തുകൊണ്ട് വയനാട്ടിൽ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നു?’; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

”സീറ്റ് നിഷേധിച്ചതില്‍ ഞാന്‍ തളര്‍ന്നുപോയി, സഹായികളിലൊരാളോട് ഒരു ഗാനം പ്ലേ ചെയ്യാന്‍ പറഞ്ഞു. ‘കര്‍ത്താവേ യേശുനാഥാ’ എന്ന ഭക്തി ഗാനമായിരുന്നു അത്” – കെ.വി.തോമസ് കൊച്ചിയിൽ പറഞ്ഞു. വിഷാദ രോഗം പിടികൂടുമായിരുന്ന അവസ്ഥയിൽ സംഗീതം കേൾക്കലാണ് തന്നെ സഹായിച്ചതെന്നും കെ.വി.തോമസ് വ്യക്തമാക്കി.

ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെയും പ്രൊഫഷണൽ നാടക ഗാനങ്ങളുടെയും കടുത്ത ആരാധകനാണ് താനെന്ന് കെ.വി.തോമസ് പറഞ്ഞു. ‘പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്ക് ആകാശമുണ്ട്’ ആണ് തന്റെ ഇഷ്ടഗാനമെന്നും കെ.വി.തോമസ് പറഞ്ഞു.

എറണാകുളത്ത് സിറ്റിങ് എംപിയായ കെ.വി.തോമസിനെ ഒഴിവാക്കി ഹൈബി  ഈഡനാണ് കോൺഗ്രസ് ഇത്തവണ സീറ്റ് നൽകിയിരിക്കുന്നത്. ഇത് കെ.വി.തോമസിന് തിരിച്ചടിയായി. കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി തോമസ് രംഗത്തെത്തിയിരുന്നു. തന്നോട് ചർച്ച ചെയ്യാതെയാണ് സീറ്റ് മറ്റൊരാൾക്ക് നൽകാൻ കോൺഗ്രസ് തീരുമാനിച്ചതെന്നും ഇത് തന്നെ ഏറെ വേദനിപ്പിച്ചെന്നും കെ.വി.തോമസ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രതികരിച്ചിരുന്നു. ഒടുവിൽ കോൺഗ്രസ് നേതാക്കൾ ഇടപെട്ടാണ് കെ.വി.തോമസിനെ അനുരഞ്ജനപ്പെടുത്തിയത്. ഹൈബിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.വി.തോമസ് രംഗത്തുണ്ട്.

Get all the Latest Malayalam News and Election 2020 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.