scorecardresearch
Latest News

നന്ദിഗ്രാം വെടിവയ്പും പുതിയ ആരോപണങ്ങളും: വസ്തുതകൾ എന്തെല്ലാം?

പശ്ചിമബംഗാളിലെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖല നന്ദിഗ്രാമിൽ സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെയാണ് നന്ദിഗ്രാമിലെ കർഷകർ പ്രതിഷേധിച്ചത്. 2007 മാർച്ചിലുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെടുകയും ചെയ്തു

nandigram, West Bengal Assembly Elections 2021, 2007 nandigram violence, nandigram history, nandigram firing, india news, indian express, നന്ദിഗ്രാം, പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് 2021, നന്ദിഗ്രാം വെടിവയ്പ്, ഇന്ത്യൻ എക്സ്പ്രസ്,ie malayalam

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിലെ ഏറ്റവും കടുത്ത പോരാട്ടമായ നന്ദിഗ്രാം മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് സംഘർഷഭരിതമായ സാഹചര്യത്തിൽ വ്യാഴാഴ്ച പൂർത്തിയായിരിക്കുകായണ്.  ഇതിന്റെ അനുരണനങ്ങൾ തിരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസത്തിനപ്പുറത്തേക്കും അനുഭവപ്പെടാം. മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയും തമ്മിലായിരുന്നു നന്ദിഗ്രാമിലെ പോരാട്ടം. തൃണമൂലിലായിരിക്കുമ്പോൾ മമതയുടെ വിശ്വസ്തനായിരുന്നു സുവേന്ദു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ  ഇരുവരും തമ്മിൽ ശക്തമായ വാദ പ്രതിവാദങ്ങൾ നടന്നു. ഇത്തരത്തിൽ, പ്രചാരണത്തിന്റെ അവസാന നാളിൽ മമത ഉന്നയിച്ച വാദങ്ങളിലൊന്ന് 2007 മാർച്ച് 14നു നടന്ന നന്ദിഗ്രാം വെടിവയ്പിനു സുവേന്ദു അധികാരിയുടെ പിന്തുണയുണ്ടായിരുന്നു എന്നതാണ്.

2007 മാർച്ചിലെ വെടിവയ്പ്

സിംഗൂരിൽ ടാറ്റാ നാനോ ഫാക്ടറി സ്ഥാപിക്കാനുള്ള അന്നത്തെ അന്നത്തെ പശ്ചിമ ബംഗാൾ സർക്കാരിന്റെ ശ്രമം മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനൊടുവിൽ പിൻവലിക്കപ്പെെട്ടതിനു പിറകെയാണ് 2006ൽ നന്ദിഗ്രാമിൽ പശ്ചിമബംഗാളിലെ ഏറ്റവും വലിയ പ്രത്യേക സാമ്പത്തിക മേഖല (സെസ്) സ്ഥാപിക്കുമെന്ന് ബുദ്ധദേബ് ഭട്ടാചാര്യ സർക്കാർ പ്രഖ്യാപിച്ചത്.

ഇടത് ശക്തികേന്ദ്രമായിരുന്നു അന്ന് നന്ദിഗ്രാം. പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കെതിരെ ടി‌എം‌സി അന്ന് പ്രതിഷേധം ആരംഭിച്ചു. 2007 ജനുവരി രണ്ടിനു കർഷകരും ടിഎംസി പ്രവർത്തകരും അടങ്ങുന്നവർ സിപിഎം പ്രവർത്തകരുമായി ഏറ്റുമുട്ടുകയും ആറ് പേർ കൊല്ലപ്പെടുകയും ചെയ്തു.

കൃഷിക്കാർ പിന്നീട് ഈ പ്രദേശം ഉപരോധിച്ചു. 2007 മാർച്ച് വരെ, നന്ദിഗ്രാമിലേക്ക് പുറത്തുനിന്നുള്ള ആരെയും പ്രവേശിക്കാൻ അവർ അനുവദിച്ചില്ല. 2007 മാർച്ച് 12 ന്, പ്രദേശത്തെ അന്നത്തെ മമതയുടെ വലംകൈയും പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഭൂമി ഉച്ഛേദ് പ്രതിരോധ്  സമിതിയുടെ നേതാവുമായ സുവേന്ദു അധികാരി 12-ാം ക്ലാസ് പരീക്ഷകൾ നടക്കുന്ന സമയം ആയതിനാൽ നന്ദിഗ്രാമിൽ പൊലീസ് നടപടി സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കത്തെതി.

മാർച്ച് 14 ന് പോലീസ് നന്ദിഗ്രാമിലേക്ക് കടക്കാൻ ശ്രമിക്കുകയും പ്രതിഷേധ പ്രകടനങ്ങളിലുള്ളവർക്കുനേർക്ക് കടന്നുകയറുകയും ചെയ്തു. ലാത്തിചാർജും കണ്ണീർവാതക പ്രയോഗവും നടത്തിയ പൊലീസ് പിന്നീട് വെടിയുതിർക്കുകയും 14 പേർ മരിക്കുകയും ചെയ്തു.

ഈ വാർത്ത കേട്ട് മമത നന്ദിഗ്രാമിലേക്ക് ഓടിയെത്തിയിരുന്നു. രാത്രിയിൽ അവിടെയെത്തിയപ്പോൾ അധികൃതർ മമതയെ തടഞ്ഞിരുന്നു. വെടിവയ്പിൽ പ്രതിഷേധിച്ച് മമത ബന്ദിന് ആഹ്വാനം ചെയ്തു. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങളെ അവർ സന്ദർശിക്കുകയും ചെയ്തു.

കുറ്റപ്പെടുത്തലുകൾ

നന്ദിഗ്രാമിൽ വെടിവച്ചവരിൽ പൊലീസ് സേനയ്‌ക്കൊപ്പം പോലീസ് യൂണിഫോം ധരിച്ച സിപിഎം കേഡർമാരുണ്ടായിരുന്നെന്ന് മമത ബാനർജി അവകാശപ്പെട്ടു. പിന്നീട് നന്ദ മാ എന്ന പേരിൽ സ്തകം എഴുതിയപ്പോൾ നന്ദിഗ്രാം പ്രക്ഷോഭത്തിൽ സുവേന്ദു അധികാരിക്കുള്ള പങ്കിനെ അവർ പ്രശംസിക്കുകയും ചെയ്തിരുന്നു.

2011 ൽ അധികാരത്തിൽ വന്ന ശേഷം നന്ദിഗ്രാമിലെ എല്ലാ കുടുംബങ്ങൾക്കും കിലോയ്ക്കു രണ്ട് രൂപ നിരക്കിൽ അരി നൽകുമെന്ന് മമത പ്രഖ്യാപിച്ചു. വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കു ജോലി നൽകുമെന്നും പ്രഖ്യാപിച്ചു.

14 വർഷത്തിനുശേഷം

2007ൽ സുവേന്ദു അധികാരി, അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുമായി നിരന്തരം സമ്പർക്കം പുലർത്തിയിയിരുന്നുവെന്നാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമതാ ബാനർജി ഉന്നയിച്ച ആരോപണം. 2007 മാർച്ച് 14 നു നന്ദഗ്രാമിലേക്ക് പൊലീസിനെ പ്രവേശിപ്പിക്കാൻ നടത്തിയ ഗൂഢാലോചനയിൽ സുവേന്ദു അധികാരിയും പങ്കാളിയാണെന്നും മമത ആരോപിക്കുന്നു.

എന്നാൽ തൃണമൂൽ നേതാവ് സ്വന്തം പുസ്തകം വായിക്കണമെന്നാണ് സുവേന്ദു അധികാരി ഇതിനോട് പ്രതികരിച്ചത്. നന്ദിഗ്രാം വെടിവയ്പിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് മമത സർക്കാരിനു കീഴിൽ സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ടെന്നും അധികാരി ആരോപിച്ചു. ഐ‌പി‌എസ് ഉദ്യോഗസ്ഥനായ അരുൺ ഗുപ്ത വിരമിച്ച ശേഷം ജയിലുകളിലെ ഡിജി പദവി വഹിക്കുമ്പോൾ വെടിവയ്പിന് ഉത്തരവിട്ട ഹാൽദിയ എസ്ഡിഒ ആയിരുന്ന നിതീഷ് കുമാർ ദാസ് ഒരു മന്ത്രിയുടെ സ്വകാര്യ സെക്രട്ടറിയായെന്നും അധികാരി പറയുന്നു.

ഇടത് പ്രതികരണം

സിംഗൂർ, നന്ദിഗ്രാം പ്രക്ഷോഭങ്ങൾക്കു സി‌പി‌എമ്മിനു വളരെയധികം വില നൽകേണ്ടി വന്നിരുന്നു. അതു കാരണം പാർട്ടി കർഷക വിരുദ്ധമാണെന്ന ധാരണയുണ്ടായി. 2011 ൽ അധികാരം നഷ്ടപ്പെട്ടതു മുതൽ സംസ്ഥാനത്ത് ഇടതുപക്ഷം തകർന്നുകൊണ്ടിരിക്കുകയാണ്.

2007 ലെ വെടിവയ്പിനെക്കുറിച്ച് മമത നടത്തിയ പരാമർശത്തിന് ദിവസങ്ങൾക്ക് ശേഷം, ഭട്ടാചാര്യയുടെ പ്രസ്താവന സി‌പി‌എം പുറത്തിറക്കി. മമതയുടെ പ്രവൃത്തികൾ കാരണം സിംഗൂരും നന്ദഗ്രാമും “ശ്മശാന മൂകത” യ്ക്ക് സാക്ഷ്യം വഹിക്കുകയാണെന്നു പ്രസ്താവനയിൽ പറയുന്നു. “ആ തന്ത്രപരമായ നാടകത്തിന്റെ ഗൂഢാലോചനക്കാരെ” അപലപിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

“വലതുപക്ഷ ആർ‌എസ്‌എസ് മുതൽ തീവ്ര ഇടതുപക്ഷ, മാവോയിസ്റ്റുകൾ വരെ 2007 ൽ ഈ അശാന്തി സൃഷ്ടിക്കാൻ അനധികൃത ആയുധങ്ങൾ കൊണ്ടുവന്നു. ഇപ്പോൾ എല്ലാം തുറന്നുകാട്ടപ്പെടുന്നു… വെടിയുതിർത്ത ഓരോ ബുള്ളറ്റിന്റെയും മൂല്യവും വെടിവച്ചവരുടെ പേരും മമതയ്ക്ക് അറിയാമെന്ന് സുവേന്ദു അധികാരി അവകാശപ്പെട്ടിട്ടുണ്ട്… ഞങ്ങൾ അത് അന്ന് പറഞ്ഞിരുന്നു, അത് ശരിയാണ്,” സി‌പി‌എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പി‌ടി‌ഐയോട് പറഞ്ഞു,

കേസിന്റെ സ്ഥിതി

കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം നന്ദിഗ്രാം വെടിവയ്പ് സിബിഐ അന്വേഷിച്ചു. സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാൻ ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരായ അരുൺ ഗുപ്ത, ജി അനിൽ ശ്രീനിവാസൻ എന്നിവർക്കെതിരേ അച്ചടക്ക നടപടികയെടുക്കാനും ഉത്തരവിൽ ശിപാർശ ചെയ്തിരുന്നു. എന്നാൽ ഇതിനു മമത സർക്കാർ അനുമതി നൽകിയില്ല. പകരം എല്ലാ ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റം ലഭിച്ചു. കേസിൽ വിചാരണ നടക്കുന്നുണ്ട്.

എഴുതിയത്: അത്രി മിത്ര

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Death nandigram 14 poll tussle old skeletons