പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായ താന്‍ തോല്‍ക്കുന്ന പ്രശ്‌നമേ ഇല്ല എന്ന് കെ.സുരേന്ദ്രന്‍. ചുരുങ്ങിയത് 75,000 വോട്ടിനെങ്കിലും ബിജെപി സ്ഥാനാര്‍ഥിയായ താന്‍ വിജയിക്കുമെന്നും സുരേന്ദ്രന്‍ അവകാശപ്പെട്ടു. സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ രണ്ടാം സ്ഥാനത്തിനായാണ് മത്സരം നടക്കുന്നതെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതിദയനീയമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന പാര്‍ട്ടിയാണ് പത്തനംതിട്ടയില്‍ സിപിഎം. ഫലം വരുമ്പോള്‍ അത് വ്യക്തമാകും. പത്തനംതിട്ടയില്‍ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ചത് പിണറായി വിജയനാണ്. വീണാ ജോര്‍ജ് വെറും ഒരു ഉപകരണം മാത്രമായിരുന്നു. ഫലം വരുമ്പോള്‍ അത് പിണറായി വിജയനുള്ളതാകുമെന്നും സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

Read More: പത്തനംതിട്ടയിലെ അടിയൊഴുക്കുകള്‍: പോളിങ് ശതമാനം വര്‍ധിച്ചത് അനുകൂലമാകുമെന്ന് മുന്നണികള്‍

“ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ സിപിഎം, കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിടേണ്ടി വരും. ബിജെപിയുടെ ജില്ലാ കമ്മിറ്റി പത്തനംതിട്ടയില്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. അതില്‍ ഒരു സംശയവും വേണ്ട” – സുരേന്ദ്രന്‍ പരിഹസിച്ചു.

പത്തനംതിട്ടയില്‍ ശബരിമലയ്ക്ക് വേണ്ടി തന്നെയാണ് വോട്ട് ചോദിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇത്തവണ വോട്ട് ചോദിക്കാനുള്ള പ്രധാന കാരണം ശബരിമല തന്നെയാണല്ലോ. അത് തന്നെയാണ് ചെയ്തതും. സിപിഎം ധരിച്ചിരിക്കുന്നത് കപട മതേതരത്വത്തിന്റെ മുഖംമൂടിയാണ്. സഭയുടെ മകളാണെന്നാണ് വീണാ ജോര്‍ജ് വോട്ടെടുപ്പ് ദിവസം പറഞ്ഞത്. അത് എന്ത് മര്യാദയാണെന്നും എന്ത് മതേതരത്വം ആണെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Read More: കെ.സുരേന്ദ്രൻ 243 കേസുകളിൽ പ്രതിയെന്ന് സർക്കാർ; വീണ്ടും പത്രിക സമർപ്പിക്കും

കഴിഞ്ഞ ദിവസം ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈകാരികമായി എഴുതിയതാണ്. അതിനെ പലരും ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നു. പച്ചമലയാളത്തില്‍ പറഞ്ഞതിനെ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് ദുര്‍വ്യാഖ്യാനം നടത്തി. തുടര്‍ച്ചയായി ഇനിയും എഴുതും. വോട്ടെണ്ണല്‍ ദിവസം വരെ അവര്‍ക്ക് ദുർവ്യാഖ്യാനങ്ങൾ നടത്താൻ സ്വാതന്ത്ര്യമുണ്ടെന്നും ചുരുങ്ങിയത് 75,000 വോട്ടിന് തന്നെ എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.

സിപിഎം പത്തനംതിട്ടയില്‍ സര്‍വീസ് വോട്ടുകള്‍ വീടുകളില്‍ പോയി ഭീഷണിപ്പെടുത്തിയാണ് വാങ്ങിയത്. അതിദയനീയമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന പാര്‍ട്ടി ജനാധിപത്യരഹിതമായി പെരുമാറി. പോസ്റ്റല്‍ വോട്ടുകളിലടക്കം ക്രമക്കേട് നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല. സിവില്‍ സര്‍വീസിനെ പോലും സിപിഎം ദുരുപയോഗിച്ചു. ഇത് ധിക്കാരപരമായ സമീപനമാണ്. ഏതാനും പോസ്റ്റല്‍ വോട്ടുകള്‍ കൊണ്ടും സര്‍വീസ് വോട്ടുകള്‍ കൊണ്ടും സിപിഎം ജയിക്കാന്‍ പോകുന്നില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.