തിരുവനന്തപുരം: കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ സിപിഎം. മീണയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം കേന്ദ്ര നേതൃത്വവുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇടതുപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ മീണയ്ക്ക് തിടുക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. ഇടത് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തിടുക്കം കാണിക്കുകയും ലീഗ് പ്രവര്‍ത്തകര്‍ക്കെതിരായ നടപടിയില്‍ കാലതാമസം വരുത്തുകയുമാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചെയ്യുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിലയിരുത്തലുണ്ടായി.
Read More: കള്ളവോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകുമെന്ന് ടിക്കാറാം മീണ
മീണയുടെ നടപടിക്കെതിരെ നേരത്തെയും സിപിഎം രൂക്ഷ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പരസ്യമായി മീണയെ വിമര്‍ശിച്ചു. എന്നാല്‍, ആരോടും പ്രത്യേക മമതയില്ലെന്നും സുതാര്യമായാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നുമായിരുന്നു മീണ ഇതിനോട് പ്രതികരിച്ചത്.
സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മീണ തിടുക്കത്തില്‍ നടപടിയെടുത്തിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ അവരുടെ വിശദീകരണം തേടിയ ശേഷമാണ് നടപടികളിലേക്ക് പോകുന്നത്. ഇത് പക്ഷപാതപരമാണെന്ന് ചൂണ്ടിക്കാണിച്ച് നിയമനടപടി സ്വീകരിക്കുമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.
കള്ളവോട്ട് ആരോപണം വന്നതിന് ശേഷം ആദ്യമായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നത്. സിപിഎമ്മിനെതിരെ ഉയർന്ന കള്ളവോട്ട് ആരോപണത്തെ കുറിച്ച് സെക്രട്ടറിയേറ്റ് വിശദമായി ചർച്ച ചെയ്തെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കണ്ണൂരും കാസർകോടും സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തെന്ന് കോൺഗ്രസും ബിജെപിയും നേരത്തെ ആരോപിച്ചിരുന്നു. സിപിഎമ്മിനെതിരെ കള്ളവോട്ട് ആരോപണം പുറത്തുവന്നതിനു പിന്നാലെ ലീഗ് പ്രവർത്തകർക്കെതിരെയും സമാന ആരോപണം ഉന്നയിച്ച് എൽഡിഎഫ് രംഗത്തെത്തിയിരുന്നു.