നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാവാത്തതുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങളിൽ നിന്ന് പാർട്ടി അണികളും അനുഭാവികളും വിട്ടുനിൽക്കണമെന്ന് സിപിഎം നേതാവ് പി ജയരാജൻ. പിജെ ആർമി എന്ന പേരിൽ എൻ്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പി ജയരാജന് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിന് പിറകെയാണ് അദ്ദേഹത്തിന് സീറ്റ് നൽകാത്ത നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടും സീറ്റ് നിഷേധിച്ചത് അനീതിയാണെന്ന് ആരോപിച്ചും സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചാരണങ്ങൾ വന്നത്. ഇതിന്റെ ഭാഗമായി പാർട്ടിയെ ഇകഴ്ത്തിക്കാട്ടാൻ ശ്രമം നടക്കുന്നുവെന്നും പി ജയരാജൻ പറഞ്ഞു.
“നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങൾ നടന്ന് വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു,” പി ജയരാജൻ പറഞ്ഞു.
നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്….
Posted by P Jayarajan on Saturday, 6 March 2021
“ചിലരുടെ പ്രചരണം ഏറ്റുപിടിച്ച് പാർട്ടി ശത്രുക്കൾ പാർട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ ഇകഴ്ത്തി കാണാനും ശ്രമം നടക്കുന്നതായാണ് തിരിച്ചറിയേണ്ടത്. എൽഡിഎഫിന്റെ തുടർ ഭരണം ഉറപ്പുവരുത്തേണ്ട സന്ദർഭത്തിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാർട്ടി ശത്രുക്കൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. ഞാൻ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക രൂപപ്പെടുത്തുന്നത്.അങ്ങനെ തീരുമാനിക്കപ്പെടുന്ന എൽഡിഎഫിൻ്റെ മുഴുവൻ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ എന്നെയും പാർട്ടിയെയും സ്നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു,” ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
നിയമസഭ തിരഞ്ഞെടുപ്പിൽ ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ സ്പോർട്സ് കൗൺസിലിൽ നിന്ന് പാർട്ടി അനുഭാവി രാജി വച്ചിരുന്നു. സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് രാജി വച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതി കേടാണെന്നാണ് ധീരജിന്റെ വിമർശനം.
വാട്സാപ്പ് ഗ്രൂപ്പുകളും ഫെയ്സ്ബുക്ക് പേജുകളും കേന്ദ്രീകരിച്ചാണ് ജയരാജനെ പിന്തുണച്ചുകൊണ്ടെന്ന പേരിലുള്ള പ്രചാകണം നടക്കുന്നത്. പി ജെ ആർമി ഫെയ്സ്ബുക്ക് പേജും ഇതിനായി ഉപയോഗിക്കപ്പെടുന്നു. .
ഒരു തിരുവോണനാളിൽ അകത്തളത്തിൽ ഇരച്ചുകയറിയവർ, ഒരിലച്ചീന്തിനു മുന്നിൽ ഒരുപിടി ഓണസദ്യക്ക് പോലും ഇടകൊടുക്കാതെ അരിഞ്ഞു…
Posted by PJ ARMY on Friday, 5 March 2021
സംസ്ഥാന യോഗത്തിനു ശേഷം പുറത്തു വന്ന വിവരങ്ങളില്‍ പി ജയരാജന് സീറ്റില്ലെന്ന് വ്യക്തമായതോടെയാണ് പ്രചാരണം ശക്തമായത്. ജില്ലാകമ്മിറ്റി കൊടുത്ത പട്ടികയില്‍ ജയരാജന്റെ പേര് കൊടുത്തിട്ടാല്ലായിരുന്നെന്നതും എതിര്‍ശബ്ദം കടുപ്പിക്കിനാടിയാക്കി. പി ജയരാജനെ മട്ടന്നൂരിൽ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. ഇന്നലെ പുറത്ത് വന്ന് സ്ഥാനാർത്ഥി പട്ടികയനുസരിച്ച് മട്ടന്നൂരിൽ ഇ പി ജയരാജന് പകരം കെ കെ ശൈലജയാണ് മത്സരിക്കുക. പാർട്ടി ശക്തി കേന്ദ്രങ്ങലായ പയ്യന്നൂരും കല്ല്യാശ്ശേരിയിലും തളിപ്പറമ്പിലും സ്ഥാനാർത്ഥികലെ തീരുമാനിച്ച് കഴിഞ്ഞു.
പാർട്ടിക്ക് വേണ്ടി ത്യാഗം സഹിച്ച പി ജയരാജനെയും ജി സുധാകരനെയും ഒഴിവാക്കിയതിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെയുളള വിമർശനം. രണ്ട് ടേം എന്ന കർശന വ്യവസ്ഥ പാലിച്ചുകൊണ്ട് ധനമന്ത്രി തോമസ് ഐസക്കിനേയും ഇക്കുറി മാറ്റി നിർത്തിയിരിക്കുകയാണ്.
തുടര്‍ച്ചയായി രണ്ട് തവണ സഭയിലെത്തിയവരെ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചെങ്കിലും ഇതില്‍ പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ക്ക് ഇളവ് നല്‍കിയിരുന്നു. ഇതനുസരിച്ച് കെഎന്‍ ബാല ഗോപാല്‍, വിഎന്‍ വാസവന്‍, പി രാജീവ്, എംബി രാജേഷ് എന്നിവര്‍ക്ക് ഇളവ് നല്‍കി മത്സരിപ്പിക്കാന്‍ തീരുമാനിച്ചു എന്നാല്‍ അപ്പോഴും പി ജയരാജന് ഇളവ് നല്‍കിയില്ല.