Election 2019: Between CPM Congress BJP: കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കാണുന്ന തരത്തിലുള്ള ആവേശവും ആരവവുമായിരുന്നു കേരളത്തില്‍. പൊതുവേ വലിയ കോലാഹലങ്ങളില്ലാതെ കടന്നുപോകാറുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായിരുന്നു കേരളത്തില്‍ ഇത്തവണത്തെ വിധിയെഴുത്ത്. ശബരിമല വിഷയം തന്നെയായിരുന്നു കേരളത്തില്‍ തിരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത്. നാളെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ അത് ശബരിമലയുടെ കൂടി വിധിയെഴുത്താണ്. ആരുടെ നിലപാടിനാണ് കേരളത്തില്‍ അംഗീകാരം ലഭിച്ചതെന്ന് ഓരോ വോട്ടര്‍മാരും കാത്തിരിക്കുകയാണ്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഫലം അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണുള്ളത്. ദേശീയ ശ്രദ്ധ ആകര്‍ഷിച്ച മണ്ഡലങ്ങളും കേരളത്തിലുണ്ട്. കേരളത്തില്‍ പ്രധാന പോരാട്ടങ്ങള്‍ നടന്ന മണ്ഡലങ്ങള്‍ ഇവയൊക്കെയാണ്:

1.തിരുവനന്തപുരം

ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടന്നതെന്ന് ചിലര്‍ അവകാശപ്പെടുമ്പോള്‍ മറ്റ് ചിലര്‍ തിരുവനന്തപുരത്തെ പോരാട്ടം ബിജെപിയും കോണ്‍ഗ്രസും തമ്മിലാണെന്ന് വിലയിരുത്തുന്നു. ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം. 2014 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്ന് കൈവിട്ടുപോയ സീറ്റ് ഇത്തവണ സ്വന്തമാക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവപ്പിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നതും ഈ വിജയസാധ്യത മുന്നില്‍ കണ്ടാണ്. ശബരിമല വിഷയം മുന്‍നിര്‍ത്തി ഹിന്ദു വോട്ടുകളുടെ ഏകീരണത്തിനാണ് ബിജെപി ആദ്യം മുതലേ മണ്ഡലത്തില്‍ ശ്രമിച്ചത്.

kummanam rajasekharan, bjp, ie malayalam

കുമ്മനം രാജശേഖരൻ

കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നു എന്ന ആക്ഷേപം 2014 മുതല്‍ കെപിസിസിക്ക് നേരെ ഉയര്‍ന്നത് തിരുവനന്തപുരം മണ്ഡലത്തിലെ പ്രത്യേക സാഹചര്യത്തെ തുടര്‍ന്നാണ്. 2014 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂര്‍ വിജയിച്ചെങ്കിലും 2009 ലെ വോട്ട് ഷെയറില്‍ നിന്ന് വലിയ കുറവുണ്ടായി. ഇത് കോണ്‍ഗ്രസിന് തിരിച്ചടിയായി. അതിനു പിന്നാലെ 2016 ലെ ഉപതിരഞ്ഞെടുപ്പില്‍ നേമം നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. അവിടെയും കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞു എന്ന ആക്ഷേപം ഉണ്ടായിരുന്നു. അതിനാല്‍ തന്നെ സീറ്റ് നിലനിര്‍ത്തുക എന്നത് കോണ്‍ഗ്രസിന് അഗ്നിപരീക്ഷയ്ക്ക് തുല്യമാണ്.

Read More: ‘വാക്‌പോര്’; പിണറായിയും മോദിയും ഏറ്റുമുട്ടിയപ്പോള്‍

മൂന്നാം സ്ഥാനത്താകാതിരിക്കുക എന്ന ഒരൊറ്റ ലക്ഷ്യമേ എല്‍ഡിഎഫിന് തിരുവനന്തപുരത്തുള്ളൂ. 2014 ല്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എല്‍ഡിഎഫ് ഇത്തവണ നാണക്കേട് തീര്‍ക്കാനുള്ള മത്സരത്തിലാണ്. സംഘടനാ സംവിധാനം ഉപയോഗിച്ച് ഇത്തവണ ഇടത് പാര്‍ട്ടികള്‍ തിരുവനന്തപുരത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

2.പത്തനംതിട്ട

ശക്തമായ ത്രികോണ മത്സരമായിരിക്കും പത്തനംതിട്ടയിലേത്. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് ഇത്. ശബരിമല പ്രചാരണ വിഷയമാക്കി കൊണ്ടാണ് ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്‍ മണ്ഡലത്തില്‍ മുന്നോട്ടുപോയത്. പല തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും പ്രത്യക്ഷത്തില്‍ തന്നെ സുരേന്ദ്രന്‍ ശബരിമല വിഷയം ഉന്നയിച്ചിരുന്നു. എന്നാല്‍, ശബരിമലയില്‍ സര്‍ക്കാര്‍ നിലപാട് തെറ്റിയിട്ടില്ല എന്ന് തെളിയിക്കേണ്ട ബാധ്യത ഇടത് സ്ഥാനാര്‍ഥി വീണാ ജോര്‍ജിനാണ്. പിന്നോട്ടുപോയാല്‍ അത് ഭാവിയിലും ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകുമെന്നാണ് സിപിഎം പത്തനംതിട്ടയെ കുറിച്ച് വിലയിരുത്തിയിരിക്കുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ കൂടി നിര്‍ണായകമായ മണ്ഡലത്തില്‍ വീണാ ജോര്‍ജ് മികച്ച സ്ഥാനാര്‍ഥിയാണ്.

Pathanamthitta, LDF, UDF, NDA, Sabarimala

വീണാ ജോർജ്, ആന്റോ ആന്റണി, കെ.സുരേന്ദ്രൻ

അതേസമയം, സീറ്റ് നിലനിര്‍ത്താനാണ് ആന്റോ ആന്റണിയെന്ന സിറ്റിങ് എംപിയെ തന്നെ കോണ്‍ഗ്രസും യുഡിഎഫും കളത്തിലിറക്കിയത്. മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എടുത്തുകാണിച്ച ആന്റോ ആന്റണി ശബരിമലയും നേരിയ തോതില്‍ പ്രചാരണ വിഷയമാക്കിയിരുന്നു. ബിജെപി ശബരിമലയില്‍ നടത്തിയ അക്രമ സംഭവങ്ങളും ശബരിമലയിലെ സര്‍ക്കാര്‍ നിലപാടും യുഡിഎഫ് പത്തനംതിട്ടയില്‍ പ്രചാരണ വിഷയമാക്കി. സീറ്റ് നിലനിര്‍ത്തുക എന്ന വലിയ കടമയാണ് ആന്റോ ആന്റണിക്ക് പത്തനംതിട്ടയിലുള്ളത്.

Read More: പാക്കിസ്ഥാനായ വയനാട്, മല കയറിയ വിശ്വാസം; അമിത് ഷാ പറഞ്ഞത്

3.തൃശൂര്‍

സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായി തൃശൂരിലെത്തിയതോടെ ശ്രദ്ധ നേടിയ മണ്ഡലം. ഇടത് – വലത് പോരാട്ടമെന്ന് വിലയിരുത്തിയ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി എത്തിയതോടെ ചിത്രം മാറി. ശബരിമല വിഷയം പ്രധാന പ്രചാരണ വിഷയമാക്കി സുരേഷ് ഗോപി കളം നിറഞ്ഞതോടെ തിരഞ്ഞെടുപ്പ് പ്രചാരണവും ചൂടുപിടിച്ചു. ബിഡിജെഎസിന് നല്‍കിയ സീറ്റ് പിന്നീട് ബിജെപി ഏറ്റെടുക്കുകയായിരുന്നു. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്ക് നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന വിലയിരുത്തലില്‍ നിന്നാണ് സുരേഷ് ഗോപി തന്നെ തൃശൂരില്‍ സ്ഥാനാര്‍ഥിയായി വന്നത്. സുരേഷ് ഗോപി മണ്ഡലത്തിലുടനീളം ശബരിമല വിഷത്തിലൂന്നിയാണ് പ്രചാരണം നടത്തിയത്. ശബരിമല വിഷയം പരാമര്‍ശിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടറും ജില്ലാ വരണാധികാരിയുമായ ടി.വി.അനുപമ സുരേഷ് ഗോപിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Suresh Gopi, Thrissur

സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ടി.എന്‍.പ്രതാപനും ഇടത് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസും പാര്‍ട്ടി സംവിധാനം ഉപയോഗിച്ച് മികച്ച രീതിയില്‍ പ്രചാരണം നടത്തിയിരുന്നു. എങ്കിലും ത്രികോണ മത്സരത്തില്‍ എങ്ങനെയായിരിക്കും മണ്ഡലം ചിന്തിക്കുക എന്ന് ഇപ്പോഴും വ്യക്തമല്ല.

4.വടകര

സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ മണ്ഡലമാണ് വടകര. ഇടതിന് വേരോട്ടമുള്ള മണ്ഡലം യുഡിഫില്‍ നിന്ന് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പി.ജയരാജനെ എല്‍ഡിഎഫ് വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍, ശക്തനായ കെ.മുരളീധരനെ കളത്തിലിറക്കി കോണ്‍ഗ്രസ് വടകരയെ ഞെട്ടിച്ചു. മുരളീധരനും ജയരാജനും തമ്മിലാണ് വടകരയില്‍ മത്സരം നടക്കുന്നത്. ജയരാജനെ അക്രമ രാഷ്ട്രീയത്തിന്റെ വക്താവായി ചൂണ്ടിക്കാട്ടിയാണ് കെ.മുരളീധരനും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. എന്നാല്‍, അക്രമ രാഷ്ട്രീയത്തിന്റെ വക്താവ് അല്ല ഇരയാണ് താനെന്ന് ജയരാജന്‍ തിരിച്ചടിച്ചു. കേരളത്തിലെ പ്രധാന നേതാക്കളായ ജയരാജനും മുരളീധരനും ഏറ്റുമുട്ടുന്നു എന്നതാണ് വടകരയെ ശ്രദ്ധേയമാക്കാന്‍ കാരണം.

P Jayarajan, പി.ജയരാജൻ, cpm, സിപിഎം, ie malayalam, ഐഇ മലയാളം

പി.ജയരാജൻ

5.ആലത്തൂര്‍

വിവാദങ്ങള്‍കൊണ്ട് ശ്രദ്ധ നേടിയ മണ്ഡലം. സിറ്റിങ് എംപിയായ എല്‍ഡിഎഫിന്റെ പി.കെ.ബിജുവിനെതിരെ പുതുമുഖമായ രമ്യ ഹരിദാസിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയെങ്കിലും ഒരു വലിയ മത്സരത്തിനൊന്നും ആലത്തൂരില്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നില്ല. പി.കെ.ബിജു വിജയം ആവര്‍ത്തിക്കുമെന്ന് വിലയിരുത്തിയ മണ്ഡലം പെട്ടന്നാണ് വാര്‍ത്തകളില്‍ നിറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രമ്യ ഹരിദാസ് പി.കെ.ബിജുവിനെ കനത്ത വെല്ലുവിളി ഉയര്‍ത്തി.

Ramya Haridas, രമ്യ ഹരിദാസ്, Congress, Alathur, Kunnamaangalam, UDF

രമ്യ ഹരിദാസ്

എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ രമ്യക്കെതിരെ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം കൂടിയായപ്പോള്‍ ഇടതുമുന്നണി പ്രതിരോധത്തിലായി. പിന്നീടങ്ങോട്ട് കനത്ത മത്സരത്തിനുള്ള സാധ്യതകളാണ് ആലത്തൂരില്‍ തെളിഞ്ഞത്. പി.കെ.ബിജുവിനെ രമ്യ അട്ടിമറിക്കുമെന്ന് പോലും രാഷ്ട്രീയ വിലയിരുത്തലുകളുണ്ട്.

Read More: ‘അങ്ങോളമിങ്ങോളം മോദിയെ വിമര്‍ശിച്ച മുഖ്യന്‍’; തിരഞ്ഞെടുപ്പ് കാലത്ത് കണ്ടതും കേട്ടതും

6. വയനാട്

രാഹുല്‍ ഗാന്ധിയാണ് വയനാട് മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട്ടില്‍ നിന്ന് ജനവിധി തേടുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ വയനാട് മണ്ഡലത്തെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. രാഹുല്‍ ഗാന്ധിക്കെതിരെ രാഷ്ട്രീയ പോരാട്ടം നടത്താന്‍ എല്‍ഡിഎഫ് ഉറച്ച തീരുമാനം എടുക്കുക കൂടി ചെയ്തതോടെ വയനാട്ടിലും പോരാട്ടം കനത്തു. രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷത്തില്‍ ഉണ്ടാകുന്ന കയറ്റവും ഇറക്കവും പൊളിറ്റിക്കല്‍ ഓഡിറ്റിങിന് വിധേയമാകുമെന്നതില്‍ സംശയമില്ല.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.