scorecardresearch
Latest News

സീറ്റ് നിഷേധിച്ചു; സിപിഎം-ബിജെപി ഒത്തുകളി ആരോപിച്ച് ബാലശങ്കർ, തള്ളി നേതാക്കൾ

മുഖ്യമന്ത്രിയുടെ ഹെലികോപ്‌റ്റർ യാത്ര ചോദ്യം ചെയ്‌തയാൾ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത് ശരിയല്ലെന്നും സുരേന്ദ്രനെതിരെ ബാലശങ്കറിന്റെ വിമർശനം

സീറ്റ് നിഷേധിച്ചു; സിപിഎം-ബിജെപി ഒത്തുകളി ആരോപിച്ച് ബാലശങ്കർ, തള്ളി നേതാക്കൾ

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നിഷേധിക്കാൻ കാരണം ബിജെപി-സിപിഎം ഒത്തുകളിയെന്ന് ആർഎസ്എസ് മുഖപത്രം ‘ഓർഗനൈസറി’ന്റെ മുൻ പത്രാധിപർ ആർ.ബാലശങ്കർ. ചെങ്ങന്നൂരിൽ സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബാലശങ്കറിനെ ഒഴിവാക്കി പാർട്ടി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിനാണ് ബിജെപി സീറ്റ് നൽകിയത്. ഇതിൽ ഒത്തുകളിയുണ്ടെന്നാണ് ബാലശങ്കറിന്റെ ആരോപണം. ബിജെപി പരിശീലന വിഭാഗം സഹ കൺവീനറും ഇന്റലക്‌ച്വൽ സെൽ മുൻ കൺവീനറുമാണ് ബാലശങ്കർ.

ചെങ്ങന്നൂരിലും ആറന്മുളയിലും സിപിഎമ്മിന്റെയും കോന്നിയിൽ കെ.സുരേന്ദ്രന്റെയും വിജയം ഉറപ്പാക്കുകയാണ് ബിജെപി-സിപിഎം ഡീൽ എന്ന് ബാലശങ്കർ ആരോപിച്ചതായി മാതൃഭൂമിയും മനോരമയും റിപ്പോർട്ട് ചെയ്യുന്നു. ചെങ്ങന്നൂർ സീറ്റ് തനിക്ക് നിഷേധിച്ചതിനു പിന്നിൽ ബിജെപി സംസ്ഥാന നേതൃത്വവും സിപിഎമ്മും തമ്മിൽ ഡീൽ ഉണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അറിവോടെയാണ് താൻ മത്സരിക്കാൻ എത്തിയതെന്നും എന്നാൽ സംസ്ഥാന നേതൃത്വമാണ് അതിനെ ഹൈജാക്ക് ചെയ്‌തതെന്നും ബാലശങ്കർ ആരോപിക്കുന്നു. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി.മുരളീധരനും മാഫിയ സംഘത്തെ പോലെയാണ് ബിജെപിയെ നയിക്കുന്നതെന്നും ബാലശങ്കർ പറഞ്ഞു.

Read Also: യുഡിഎഫിനെ പരാജയപ്പെടുത്തും, ബിജെപിയെ വളരാൻ അനുവദിക്കില്ല: പിണറായി

കോന്നിയിലെ ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വ്യക്തിയാണ് കെ.സുരേന്ദ്രൻ. അദ്ദേഹം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. സംസ്ഥാനത്ത് പാർട്ടിയെ നയിക്കേണ്ട ആളാണ് രണ്ടിടത്ത് മത്സരിക്കുന്നത്. എന്നാൽ, പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചവർക്ക് സീറ്റില്ലെന്നും ബാലശങ്കർ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഹെലികോപ്‌റ്റർ യാത്ര ചോദ്യം ചെയ്‌തയാൾ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തത് ശരിയല്ല. ബിജെപിയെ നശിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയ നേതൃത്വമാണ് സംസ്ഥാനത്തുള്ളതെന്നും ബാലശങ്കർ ആരോപിച്ചു.

അതേസമയം, ബാലശങ്കറിന്റെ ആരോപണങ്ങളെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തള്ളി. ബാലശങ്കറിന്റെ ആരോപണം മറുപടി അർഹിക്കുന്നില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു. സിപിഎം-ബിജെപി ഒത്തുകളിയെന്ന ആരോപണത്തെ മുഖ്യമന്ത്രി പിണറായി വിജയനും ചിരിച്ചു തള്ളി. കേരളത്തിൽ ബിജെപിയുമായി ആരാണ് ഒത്തുകളിക്കുന്നതെന്ന് അറിയാമല്ലോ എന്നായിരുന്നു പിണറായിയുടെ ചോദ്യം. എന്നാൽ, ബാലശങ്കറിന്റേത് ഗുരുതര ആരോപണമാണെന്നും ചെങ്ങന്നൂരും ആറൻമുളയിലും കോന്നിയിലും മാത്രമല്ല സംസ്ഥാനത്ത് ഉടനീളം ബിജെപി-സിപിഎം ഒത്തുകളിയുണ്ടെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Election news download Indian Express Malayalam App.

Web Title: Cpm bjp deal in konni allegations