ഭരണത്തുടര്‍ച്ചയെന്ന ലക്ഷ്യവുമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി പ്രചാരണത്തിനു തുടക്കമിട്ടിരിക്കുകയാണ്. മുന്നണിയിലെ പ്രധാന കക്ഷിയായ സിപിഎം, ഒന്‍പത് സ്വതന്ത്രര്‍ ഉള്‍പ്പെടെ 85 പേരെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. അഞ്ച് മന്ത്രിമാരും 33 എംഎല്‍എമാരും ഇടം നേടാത്ത സ്ഥാനാര്‍ഥി പട്ടികയുമായി വലിയ രാഷ്ട്രീയ പരീക്ഷണത്തിനാണ് എല്‍ഡിഎഫ് തയാറായിരിക്കുന്നത്. തിരഞ്ഞെടുപ്പ് തയാറെടുപ്പുകളെക്കുറിച്ചും തുടര്‍ഭരണ സാധ്യതകളെക്കുറിച്ചും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറിയും ഇടതു മുന്നണി കണ്‍വീനറുമായ എ. വിജയരാഘവന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുന്നു.
* എല്‍ഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുകയാണെങ്കില്‍ എന്തൊക്കെ ഘടകങ്ങളാണ് സഹായകമാവുക?
കേരളത്തിന്റെ പുരോഗതിക്ക് വഴിയൊരുക്കുന്ന കാര്യക്ഷമമായൊരു സര്‍ക്കാരിനാണ് അഞ്ച് വര്‍ഷമായി എല്‍ഡിഎഫ് നേതൃത്വം നല്‍കുന്നത്. അഴിമതിരഹിതമായ ഈ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ദ്രുതഗതിയിലുള്ള പുരോഗതിയാണ് നേടിയിരിക്കുന്നത്. തിരുവനന്തപുരത്തിനും കൊച്ചിക്കുമിടയില്‍ രണ്ട് പുതിയ ബൈപാസുകളും മൂന്ന് മേല്‍പ്പാലങ്ങളുമുണ്ട്. ഒരു മേല്‍പ്പാലം അഞ്ച് മാസത്തിനുള്ളിലാണ് നിര്‍മിച്ചത്. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ദേശീയപാത പദ്ധതികള്‍ വീണ്ടും സജീവമാക്കി. കൊച്ചി-മംഗളുരു പ്രകൃതി വാതക പൈപ്പ്‌ലൈന്‍ പദ്ധതി, സ്‌കൂള്‍, ആശുപത്രി കെട്ടിടങ്ങളുടെ നവീകരണം, 560 പാലങ്ങള്‍, 1,500 കിലോമീറ്റര്‍ ഹൈവേ, 10,000 കിലോമീറ്റര്‍ റോഡുകള്‍…ഇവയെല്ലാം നേട്ടങ്ങളാണ്. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ഞങ്ങള്‍ 160 ശതമാനം വര്‍ധിപ്പിച്ചു. ഇന്ത്യയില്‍ മൊത്തത്തില്‍ സാമ്പത്തിക സ്ഥിതി വഷളായിക്കൊണ്ടിരിക്കെ, നിപ, വെള്ളപ്പൊക്കം, കൊറോണ വൈറസ് വ്യാപനം തുടങ്ങിയ ദുരന്തങ്ങള്‍ക്കിടയിലും കേരളം പുരോഗതി കൈവരിച്ചു. ഇതെല്ലാം ആളുകള്‍ കാണുന്നുണ്ട്. ഞങ്ങള്‍ സംസ്ഥാനത്തെ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുകയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയുകയും ചെയ്തു.
* കിഫ്ബി ഉദ്യോഗസ്ഥര്‍ക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമീപകാല നോട്ടീസുകളെ എങ്ങനെ കാണുന്നു?
ഇഡിയുടെ പ്രവര്‍ത്തനം രാഷ്ട്രീയ പ്രേരിതമാണ് … എല്ലാം സ്വകാര്യവല്‍ക്കരിക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാര്‍ വിശ്വസിക്കുന്നത്. അത് കോര്‍പ്പറേറ്റ് അനുകൂലമാണ്. കിഫ്ബി വഴിയുള്ള നിക്ഷേപം കേന്ദ്രനയത്തിന് വിപരീതമാണ്. നിക്ഷേപത്തിനുള്ള കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിനായി കേരളം ഏറ്റവും പ്രധാനപ്പെട്ട രണ്ട് നികുതികൾ– വാഹന നികുതിയു, ഇന്ധന തീരുവ എന്നിവ ഇതിനായി ഉപയോഗിച്ചു. ഇത് ഒരു ബദലാണ്.
മറുവശത്താവട്ടെ കോര്‍പ്പറേറ്റുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ തുച്ഛ വിലയ്ക്ക് വില്‍ക്കുന്നു. കോര്‍പ്പറേറ്റ്‌വല്‍ക്കരണ അനുകൂല നയത്തെ ഇടതുപക്ഷം എതിര്‍ക്കുന്നു. കിഫ്ബി വളരെ സുതാര്യമാണ്, കൂടാതെ അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കൗണ്ടിങ്ങും ഉണ്ട്. പുറത്തുനിന്ന് പണം ലഭിക്കുന്നതിനാല്‍, അക്കൗണ്ടിങ്ങിനെക്കുറിച്ച് കിഫ്ബി കൂടുതല്‍ ജാഗ്രത പാലിക്കണം. പ്രവൃത്തികളുടെ ഉയര്‍ന്ന തലത്തിലുള്ള നിരീക്ഷണമുള്ള മറ്റൊരു ഏജന്‍സിയും കേരളത്തിലോ ഇന്ത്യയിലോ ഇല്ല. അഞ്ചുവര്‍ഷത്തിനുള്ളില്‍ 50,000 കോടി രൂപ ചെലവഴിച്ചു. അതിന്റെ നേട്ടം കേരളം ഇപ്പോൾ അനുഭവിക്കുന്നുണ്ട്.
* സ്വര്‍ണക്കടത്ത് കേസിലും അടുത്തിടെ നടന്ന ആഴക്കടല്‍ മത്സ്യബന്ധന ഇടപാടിലും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇത് പ്രതിഷേധത്തെത്തുടര്‍ന്ന് ആഴക്കടല്‍ മത്സ്യബന്ധന ഇടപാട് സര്‍ക്കാര്‍ റദ്ദാക്കി. കോണ്‍ഗ്രസ് നീക്കം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ?
കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാന്‍ തുടങ്ങിയിട്ട് ഒമ്പത് മാസമായി, ഇതുവരെ അവര്‍ തെളിവുകളൊന്നും കണ്ടെത്തിയില്ല. മൂലകാരണം കണ്ടെത്താനോ സ്വര്‍ണക്കടത്തിന്റെ ഉറവിടം കണ്ടെത്താനോ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത് അന്വേഷണ ഏജന്‍സികളുടെ മൊത്തത്തിലുള്ള പരാജയമാണ്. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. കേരളം അത് തള്ളും.
എല്‍ഡിഎഫിന് തദ്ദേശഭരണ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ പിന്തുണ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിക്കും. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്, ബിജെപി, ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ സഖ്യം ഉണ്ടായിരുന്നു. എന്നിട്ടും യുഡിഎഫ് തോറ്റു.
* പൗരത്വ (ഭേദഗതി) നിയമ (സിഎഎ)ത്തോടുള്ള എതിര്‍പ്പ് മുസ്ലിം വോട്ടിനെ ബാധിക്കുമോ?
സിഎഎയെക്കുറിച്ചുള്ള ഇടതുപക്ഷ നിലപാട് മാറ്റമില്ലാത്തതാണ്. നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഇതിനകം പറഞ്ഞിട്ടുണ്ട്. സിഎഎ മുസ്ലിം വിരുദ്ധ നിയമമാണ്, ഇത് നടപ്പാക്കിയത് ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിനുവേണ്ടിയാണ്
* കേരളത്തിലെ പ്രധാന എതിരാളിയായി കോണ്‍ഗ്രസിനെ മാറ്റി ബിജെപി വരുന്നത് കാണുന്നുണ്ടോ?
ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയായിട്ടാണ് ബിജെപിയെ ഇപ്പോള്‍ നാം കാണുന്നത്. അവര്‍ കേരളത്തിലെ പ്രധാന പ്രതിപക്ഷമാകുമോ അതോ ഭരണകക്ഷിയാകുമോ എന്നതല്ല പ്രശ്‌നം. സ്വാഭാവികമായും, കേന്ദ്രസര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് അവര്‍ കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ എങ്ങനെയാണ് ഇത് ചെയ്യുന്നത്? സമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കുന്നതിലൂടെ. അവരുടെ പ്രത്യയശാസ്ത്രം അങ്ങേയറ്റം അപകടകരമാണ്, വലിയൊരു വിഭാഗം ന്യൂനപക്ഷങ്ങളുള്ള ഒരു സംസ്ഥാനത്ത്, അതിന്റെ ഫലങ്ങള്‍ വിനാശകരമായിരിക്കും. ബിജെപിയുടെ വളര്‍ച്ചയെ സിപിഎം സമീപിക്കുന്നത് അങ്ങനെയാണ്. ബിജെപി ഇന്ത്യയിലെ ഭൂരിപക്ഷ വര്‍ഗീയതയെ പ്രതിനിധീകരിക്കുന്നു. അവരുടെ സാമ്പത്തിക നയങ്ങള്‍ കോര്‍പ്പറേറ്റുകളെ സഹായിക്കാനും സാധാരണക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ വരുത്താനും ഉദ്ദേശിച്ചുള്ളതാണ്. അവരുടെ ഭരണകാലയളവില്‍ ഇന്ധന തീരുവ 450 ശതമാനമാണ് വര്‍ധിച്ചത്.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ അടിത്തറ എല്ലാ ദിവസവും ചുരുങ്ങുകയാണ്. കോണ്‍ഗ്രസ് ശക്തി പ്രാപിക്കുന്ന സംസ്ഥാനമല്ല ഇത്. ഇന്ത്യയിലുടനീളം അവര്‍ ദുര്‍ബലമാവുകയാണ്. ഇതൊരു സ്വാഭാവിക പ്രക്രിയയാണ്. ആര്‍ക്കാണ് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയുക? കോണ്‍ഗ്രസ് ദുര്‍ബലമാകുമ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ അവരുടെ നേതാക്കള്‍ ബിജെപിയിലേക്കു പോകുകയാണ്. കേരളത്തില്‍ ബിജെപി അധികാരത്തിലില്ലാത്തതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അങ്ങോട്ടു നീങ്ങുന്നില്ല. ബി.ജെ.പിക്കു കേരളത്തില്‍ സര്‍ക്കാരുണ്ടായിരുന്നെങ്കില്‍, അധികാരം തേടി അവര്‍ നേരത്തെ തന്നെ അതില്‍ ചേരുമായിരുന്നു. ഇടതുപക്ഷം ഉള്ളതിനാല്‍ ബിജെപിക്ക് ഒരിക്കലും ഇവിടെ അധികാരത്തില്‍ വരാന്‍ കഴിയില്ല.
* ശബരിമലയെക്കുറിച്ചുള്ള സിപിഎമ്മിന്റെ നിലപാട് എന്താണ്?
ഇത് കോടതിയുടെ മുമ്പിലുള്ള കാര്യമാണ്. കോടതി വിധി വരട്ടെ, എന്നിട്ട് ആ ചോദ്യം ചോദിക്കാം.
* നിങ്ങള്‍ വിഷയത്തിൽനിന്നു വ്യതിചലിക്കാൻ ശ്രമിക്കുകയാണോ (എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയെ പിന്തുണയ്ക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു)? ആര്‍ത്തവപ്രായത്തിലുള്ള സ്ത്രീകളുടെ പ്രവേശനം തടയാന്‍ നിയമം രൂപീകരിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്?
ശബരിമലയെക്കുറിച്ച് നിങ്ങള്‍ ഓരോ തവണയും സംസാരിക്കേണ്ടതില്ല. നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് ചില നിയമങ്ങളുണ്ട്, ആ നിയമങ്ങള്‍ ലംഘിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഇവിടെയൊരു ഭരണഘടനയുണ്ട്, നിയമവാഴ്ചയുണ്ട്. കോണ്‍ഗ്രസ് തട്ടിപ്പുകാരാണ്, അവര്‍ നിയമവാഴ്ചയ്ക്കു പുറത്താണ് നില്‍ക്കുന്നത്. അവര്‍ക്ക് എന്തും ചെയ്യാന്‍ കഴിയും.
* പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ക്കെതിരെ അവരെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് പൊന്നാനി പോലുള്ള സ്ഥലങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കളമശേരി, മഞ്ചേശ്വരം എന്നിവിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഈ പ്രതിഷേധങ്ങളെ സിപിഎം എങ്ങനെ കാണുന്നു?
അവ വൈകാരികമായ പ്രതിഫലനങ്ങള്‍ മാത്രമാണ്. ഇത് വലിയ കാര്യമല്ല. ഇവ ഒറ്റപ്പെട്ട സംഭവങ്ങളാണ്, അവയെ ഗൗരവമായി കാണേണ്ടതില്ല. ആര്‍ക്കും എവിടെയും പോസ്റ്ററുകള്‍ ഒട്ടിക്കാന്‍ കഴിയും.
* സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സിറ്റിങ് എംഎല്‍എമാരുടെ കാര്യത്തില്‍ രണ്ടു ടേം എന്ന നയം സംബന്ധിച്ച് ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ നയം പുതിയ നേതാക്കളെ പ്രോത്സാഹിപ്പിക്കുമ്പോള്‍, ജനപ്രീതിയുള്ള നേതാക്കളെ അസ്വസ്ഥരാക്കുമോ?
ഈ സര്‍ക്കാരിനു കീഴത്തില്‍ ഭരണത്തില്‍ ഉജ്വലമായി പ്രവര്‍ത്തിച്ച നിരവധി സഖാക്കള്‍ ഞങ്ങള്‍ക്കുണ്ട്. അവരെപ്പോലുള്ള മറ്റുള്ളവരെയും ഉയര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. അതിലൂടെ അവര്‍ക്ക് അവസരം ലഭിക്കും. കഴിഞ്ഞ തവണ, പരിചയസമ്പന്നരായ മുതിര്‍ന്ന നേതാക്കളെ ഞങ്ങള്‍ മത്സരിപ്പിച്ചു. അവര്‍ സര്‍ക്കാരില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മറ്റുള്ളവര്‍ക്കും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിക്കട്ടെ. പഴയ മുഖങ്ങളെ മാത്രമേ മത്സരിപ്പിക്കൂയെന്ന ദുര്‍വാശി ഞങ്ങള്‍ക്കില്ല.
* ഈ നയം തുടര്‍ന്നാല്‍ മുഖ്യമന്ത്രിക്ക് പോലും അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല …?
അത് അടുത്ത തവണ ചര്‍ച്ച ചെയ്യാം. ഇപ്പോള്‍, സംഘടനാ നേതൃത്വത്തിലുള്ളവരുടെയും പാര്‍ലമെന്ററി പരിചയമുള്ളവരുടെയും ബാലൻസ് കൈവരിക്കാന്‍ പാര്‍ട്ടി നന്നായി ആലോചിച്ച് തീരുമാനമെടുത്തു.