/indian-express-malayalam/media/media_files/uploads/2021/05/social-media-election.jpg)
കേരളത്തിലെ തിരഞ്ഞെടുപ്പ് കാലത്ത് രണ്ട് ആഘോഷങ്ങളാണ്. പ്രചാരണ സമാപന ദിവസത്തെ കൊട്ടിക്കലാശവും ഫലപ്രഖ്യാപന ദിവസത്തെ വിജയാഘോഷവും. എല്ലാ തെരുവുകളും ആഘോഷം കൊണ്ട് തുള്ളിച്ചാടുന്ന സമയം. പാറിപ്പറക്കുന്ന പതാകകളും ചീറിപ്പായുന്ന വാഹനങ്ങളും വിജയികളുടെ നന്ദി പ്രകടനവും അണികളുടെ ആവേശത്തിമിർത്തിപ്പും വെടിയും പുകയും എന്ന് വേണ്ട സകല അഭ്യാസങ്ങളും തെരുവകളിൽ നിറയും. ഇത്തവണ ആഘോഷങ്ങൾക്ക് തെരുവിലിറങ്ങരുതെന്നാണ് നിർദ്ദേശം, അതിനാൽ ആഘോഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ആയിരിക്കും.
ഇത്തവണത്തെ തിരഞ്ഞെടുപ്പ് മേളത്തിനും സോഷ്യൽ മീഡിയ ചെറുതല്ലാത്ത പങ്ക് വഹിച്ചിരുന്നു. അതു പോലെ വിജയാഹ്ലാദത്തിലും സോഷ്യൽ മീഡിയ മുന്നിലാകും എന്നതാണ് ഇപ്പോഴത്തെ സാഹചര്യം വ്യക്തമാക്കുന്നത്.
തെരുവിലെ വിജയാഹ്ലാദം ചിലപ്പോഴെങ്കിലും അക്രമങ്ങളിലേക്ക് വഴി വച്ചിട്ടുണ്ട്. തോറ്റവരും ജയിച്ചവരും തമ്മിലും തോൽപ്പിച്ചവരും തോറ്റവരും തമ്മിലൊക്കെ അത്തരം സംഘർഷങ്ങളുണ്ടാകുന്നതും ഈ ആഹ്ലാദാഘോഷത്തിനിടയിലാണ്. ഇത്തവണ ഇത്തരം ആഘോഷങ്ങൾക്ക് ഇടമുണ്ടാകില്ലെന്നാണ് കരുതുന്നത്.
കൊറോണയുടെ രണ്ടാം തരംഗം ആഞ്ഞ് വീശുമ്പോൾ ആദ്യം പരാജയപ്പെടുത്തേണ്ടത് കൊറോണയെ ആണെന്നും അതിന് ശേഷം മതി വിജയാഘോഷം എന്നാണ് പൊതുവിൽ ഉയർന്ന അഭിപ്രായം. കൂട്ടംചേരലും പ്രകടനവും വിലക്കി കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി നിർദേശം നൽകിയതും തെരുവിലെ ആഹ്ലാദപ്രകടനത്തിന് മൂക്ക് കയറിടുന്നതിന് കാരണമാകും. എല്ലാ കൂട്ടംചേരലുകളും പ്രകടനവും ഹൈക്കോടതി ചൊവ്വാഴ്ച വരെ വിലക്കിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർദേശം. വോട്ടെണ്ണൽ കേന്ദ്രങ്ങളും പാർട്ടി ഓഫീസുകളും ഉൾപ്പടെ ഒരിടത്തും കോവിഡ് പ്രോട്ടക്കോൾ ലംഘിക്കാൻ പാടില്ലെന്ന് കോടതി സംസ്ഥാന പൊലീസ് മേധാവിക്കും. ജില്ലാകലക്ടർമാർക്കും ജില്ലയിലെ പൊലീസ് മേധാവികൾക്കും നിർദേശം നൽകിയിട്ടണ്ട്.
ഹൈക്കോടതി അഭിഭാഷകനായ ഡോ. കെ.പി പ്രദീപ് നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ദുരന്തനിരവാരണ പകർച്ചവ്യാധി നിയന്ത്രണ നിയമ വ്യസ്ഥകൾ നടപ്പാക്കണമെന്ന നിർദ്ദേശം സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ജില്ലാകലക്ടർമാർക്കും പൊലീസ് മേധാവികൾക്കും നൽകിയിട്ടുണ്ട്. ഇതോടെ ആഹ്ലാദവും ആഘോഷവും അതിനോടുള്ള പ്രതികരണവും കൊണ്ട് ഫേസ്ബുക്കും ട്വിറ്ററും വാട്ടാസാപ്പും ഇൻസ്റ്റ്ഗ്രാമുമൊക്കെ ആഘോഷ വീഥികളാകും എന്ന് ഉറപ്പ്. ചാനൽ ചർച്ചകളിലെ വിജയാഘോഷവും പഴിചാരലും ഇത്തവണ തെരുവിലിറങ്ങില്ല പകരം സോഷ്യൽ മീഡിയയിൽ പാറി നടക്കും. നന്ദി പ്രകടനങ്ങൾക്കും വിജയികൾക്ക് ആശ്രയിക്കാവുന്ന മേഖല സോഷ്യൽ മീഡിയയായിരിക്കും.
കോവിഡ് വ്യാപനം കാരണം വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ചുമതലപ്പെട്ടവരൊഴികെ ആരും പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിജയിക്കുന്നവർ മണ്ഡലത്തിൽ സഞ്ചരിച്ചു വോട്ടർമാരോട് നന്ദി പറയുന്ന പതിവുണ്ട്. അത് ഇത്തവണ ഉപേക്ഷിക്കണം. നേരിട്ട് ചെന്നുള്ള നന്ദിപ്രകടനം തൽക്കാലം വേണ്ട. കോവിഡ് വ്യാപനത്തിന് ശമനം വന്നാൽ അതിന് വേണ്ടുവോളം സമയമുണ്ട് തൽക്കാലം സോഷ്യൽ മീഡിയയിലൂടെ വോട്ടർമാരെ അഭിസംബോധന ചെയ്യാവുന്നതാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ആഹ്ലാദപ്രകടനം നടത്താൻ വിജയിച്ചവർക്കാകെ ആഗ്രഹമുണ്ടാകും. ഇന്നത്തെ അവസ്ഥയിൽ ആഹ്ലാദപ്രകടനകൾ ഉപേക്ഷിക്കുന്നതാണ് സമൂഹത്തോടുള്ള പ്രതിജ്ഞാബദ്ധത. കോവിഡ് പ്രതിരോധത്തിൽ സർവ്വാത്മനാ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ജനങ്ങളോടുള്ള യഥാർത്ഥ നന്ദി പ്രകടനം എന്നു നാം ഓരോരുത്തരും മനസ്സിലാക്കണം. ഇക്കാര്യത്തിൽ മാധ്യമങ്ങളുടെ സഹകരണവും ഉണ്ടാകണം. കൂട്ടം ചേർന്നുള്ള പ്രതികരണമെടുപ്പ് കഴിയുന്നതും ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കോടതി നിർദേശവും തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയും മുഖ്യമന്ത്രിയുടെ അഭ്യർത്ഥനുയമൊക്കെ ഉണ്ടെങ്കിലും ആവേശം മൂത്ത് ആരെങ്കിലുമൊക്കെ തെരുവിലിറങ്ങുമോ എന്ന ആശങ്ക ആരോഗ്യ പ്രവർത്തകർക്കും പൊലീസിനുമുണ്ട്. പൊലീസ് കേസ് എടുത്തതു കൊണ്ട് മാത്രം കൊറോണ പടരാതിരിക്കില്ല അതിനാൽ കേസ് അല്ല പ്രകടനം നടത്താതിരിക്കുകയും കൂട്ടം ചേരാതിരിക്കുകയുമാണ് സമൂഹത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യമെന്നും തോൽപ്പിക്കേണ്ടത് കൊറേണയെ ആണെന്നും ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണം. അതിനാൽ ആവേശം മൂത്ത് തെരുവിലേക്ക് ഇറങ്ങുന്നവർ കൊറണയ്ക്ക് വോട്ട് ചെയ്യുന്നവരായി മാറരുതെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
Read Here: കൈ കൊടുക്കുമോ കേരളം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.