തിരുവനന്തപുരം: തവനൂരിലെ യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ കെെപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനം. ഫിറോസ് കുന്നംപറമ്പിൽ കെെപ്പത്തി ചിഹ്നത്തിൽ അല്ല മത്സരിക്കുക എന്നാണ് ചെന്നിത്തല രാവിലെ പറഞ്ഞത്. മണ്ഡലത്തിലെ പ്രവർത്തകർ യുഡിഎഫ് സ്ഥാനാർഥി കെെപ്പത്തി ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഫിറോസിനെ തവനൂരിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ നേരത്തെ പ്രതിഷേധ സ്വരങ്ങൾ ഉടലെടുത്തിരുന്നു. പാർട്ടിക്കായി പ്രവർത്തിക്കുന്നവരെ തന്നെ സ്ഥാനാർഥിയാക്കൂ എന്നും താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്നും ഫിറോസും പറഞ്ഞിരുന്നു. എന്നാൽ, തവനൂരിലെ സ്ഥാനാർഥി പ്രഖ്യാപനം വന്നപ്പോൾ ഫിറോസിന് തന്നെയാണ് നറുക്കുവീണത്.
Read Also: ‘ഒരാൾക്ക് അഞ്ച് വോട്ട് വരെ’; വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് ചെന്നിത്തല
മന്ത്രി കെ.ടി.ജലീലിനെതിരെയാണ് ഫിറോസ് തവനൂരിൽ ജനവിധി തേടുന്നത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 17,064 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജലീൽ തവനൂരിൽ ജയിച്ചത്. ജലീൽ 68,179 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തായ യുഡിഎഫിന് കിട്ടിയത് 51,115 വോട്ടുകൾ മാത്രമാണ്. യുഡിഎഫ് സ്ഥാനാർഥി കൈപ്പത്തി ചിഹ്നത്തിൽ തന്നെയാണ് 2016 ൽ മത്സരിച്ചത്.