കൽപറ്റ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെ മലയാളത്തിലാണ് അദ്ദേഹം നന്ദി അറിയിച്ചിരിക്കുന്നത്.
‘രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. വിജയിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നു. എല്ലാ കോൺഗ്രസ്സ് പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാൻ നന്ദി അറിയിക്കുന്നു,’ രാഹുല്‍ വ്യക്തമാക്കി.
മതേതര പുരോഗമന സഖ്യത്തിെൻറ മുന്നണിപ്പോരാളിയായ രാഹുൽ ഗാന്ധിയെ നാലേ കാല്‍ ലക്ഷത്തിനുമേൽ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്ന് ജയിച്ചത്. ഇന്ത്യയിൽതന്നെ ഏറ്റവുമുറച്ച കോൺഗ്രസ് അനുകൂല മണ്ഡലങ്ങളിലൊന്നായ വയനാട്ടിൽ മത്സരിക്കാനെത്തിയ രാഹുലിനെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം സമ്മാനിച്ചാണ് വയനാട് വരവേറ്റത്. ഹിന്ദി ബെൽറ്റിൽ ആഞ്ഞുവീശിയ ബി.ജെ.പി തരംഗത്തിനിടയിൽ സ്ഥിരം മണ്ഡലമായ ഉത്തർപ്രദേശിലെ അമേത്തിയിൽ തിരിച്ചടിയേറ്റതോടെ ഇനി അഞ്ചുവർഷക്കാലം രാഹുൽ വയനാടിന്റെ ജനപ്രതിനിധിയായിരിക്കും.
രാജ്യത്തെ ജനങ്ങളുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു.
വിജയിച്ച എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ
നിങ്ങളുടെ പ്രതിനിധിയായി എന്നെ തിരഞ്ഞെടുത്ത വയനാട്ടിലെ എല്ലാ ജനങ്ങൾക്കും നന്ദി പറയുന്നു
എല്ലാ കോൺഗ്രസ്സ് പ്രവർത്തകർക്കും അവരുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഞാൻ നന്ദി അറിയിക്കുന്നു
— Rahul Gandhi – Wayanad (@RGWayanadOffice) May 24, 2019
തെരഞ്ഞെടുപ്പ് ചരിത്രത്തിൽ 4,31,770 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷം രാഹുലിന് സമ്മാനിച്ച വയനാട് മണ്ഡലം തുടർച്ചയായ മൂന്നാം തവണയും യു.ഡി.എഫിനൊപ്പം ഉറച്ചുനിന്നു. 10,89,999 പേർ വോട്ടുചെയ്ത മണ്ഡലത്തിൽ 7,06,367 വോട്ടുകളാണ് രാഹുലിന് അനുകൂലമായി പോൾ ചെയ്തത്. എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച സി.പി.ഐ നേതാവ് പി.പി. സുനീർ 2,74,597 വോട്ട് നേടിയപ്പോൾ എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച ബി.ഡി.ജെ.എസിലെ തുഷാർ വെള്ളാപ്പള്ളിക്ക് 78,816 വോട്ടാണ് ലഭിച്ചത്.
സാങ്കേതിക തകരാർ കാരണം വയനാട് പാർലമെന്റ് മണ്ഡലത്തിൽ ആദ്യ അര മണിക്കൂറിൽ ഫലസൂചനകൾ നൽകാനായില്ല. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. പോസ്റ്റൽ വോട്ടുകൾ മുതൽ രാഹുൽ ലീഡ് നേടി കുതിക്കുകയായിരുന്നു. 2282 പോസ്റ്റൽ വോട്ടുകളിൽ 1333 വോട്ടുകളും രാഹുലിനായിരുന്നു. പി.പി. സുനീർ 626ഉം തുഷാർ വെള്ളാപ്പള്ളി 226ഉം പോസ്റ്റൽ വോട്ടുകൾ നേടി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽപോലും എതിരാളികൾക്ക് പിടികൊടുക്കാതെയായിരുന്നു രാഹുലിന്റെ കുതിപ്പ്.