കോട്ടയം: ലോക്‌സഭാ സീറ്റുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. തോമസ് ചാഴിക്കാടന് ലോക്‌സഭാ സീറ്റ് നല്‍കിയതില്‍ ജോസഫ് വിഭാഗം അസംതൃപ്തരാണ്. സീറ്റ് നിഷേധിച്ചതിലുള്ള അസംതൃപ്തി മുന്നണിയെ അറിയിക്കുമെന്നാണ് പി.ജെ.ജോസഫ് പറഞ്ഞത്. മാണിയോടുള്ള അനിഷ്ടം പരസ്യമാക്കി ജോസഫ് കടുത്ത നിലപാടിലേക്ക് പോകാനുള്ള സാധ്യതകളുമുണ്ട്. തോമസ് ചാഴിക്കാടന് സീറ്റ് നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങളായിരിക്കും നിർണായകമാകുക.

Read More: ‘അസാധാരണം, അഭിപ്രായം അവഗണിച്ചു’; തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥി ആക്കിയതിനെതിരെ ജോസഫ്

പി.ജെ.ജോസഫിന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസിലെ ജില്ലാ സെക്രട്ടറി രാജിവച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.ജോര്‍ജ് ആണ് രാജിവച്ചത്. ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയത് സിപിഎമ്മിനെ സഹായിക്കാനാണെന്ന് രാജിവച്ച പി.എം.ജോര്‍ജ് തുറന്നടിച്ചു. പാര്‍ട്ടിക്കുള്ളില്‍ നിരവധി നേതാക്കളും പരസ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

വിശദമായ തിരഞ്ഞെടുപ്പ് വാർത്തകൾ

അതേസമയം, കേരളാ കോണ്‍ഗ്രസിലെ ഭിന്നത മുന്നണിയെയും സാരമായി ബാധിച്ചിട്ടുണ്ട്. കോട്ടയം സീറ്റ് നിലനിര്‍ത്തുക യുഡിഎഫിനെ സംബന്ധിച്ച് അഭിമാന പ്രശ്‌നം കൂടിയാണ്. അതിനാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസും ഇടപെടുന്നു. പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കണമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കേരളത്തിലെത്തിയ ശേഷം പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും പ്രശ്‌നത്തില്‍ ഇടപെടുമെന്നും ഉമ്മൻ ചാണ്ടി ഡല്‍ഹിയില്‍ പറഞ്ഞു. ഇങ്ങനെ മുന്നോട്ട് പോകാനാകില്ലെന്നും മുന്നണി നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസിലെ ഭിന്നത ഉടന്‍ പരിഹരിക്കണമെന്നാണ് മുന്നണിയും കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. പ്രശ്‌നങ്ങള്‍ നീണ്ടുപോകുന്നത് മുന്നണിക്ക് തന്നെ ദോഷം ചെയ്യുമെന്ന അഭിപ്രായമാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്ളത്.

Read More: ലോക്‌സഭ തിരഞ്ഞെടുപ്പ്: കോട്ടയത്ത് കേരള കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ

കേരളാ കോണ്‍ഗ്രസിന്റെ സീറ്റായ കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഇന്നലെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ഏറെ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു തീരുമാനം. പി.ജെ.ജോസഫ് ലോക്‌സഭാ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം നിഷേധിച്ചു. ഇത് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചു. വിചിത്രമായ സീറ്റ് വിഭജനമാണ് പാര്‍ട്ടിയില്‍ നടന്നതെന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം പി.ജെ.ജോസഫ് തുറന്നടിച്ചു.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.