ന്യൂഡല്‍ഹി: അവശേഷിക്കുന്ന നാല് ലോക്‌സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കില്ല. ചര്‍ച്ചകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ നടക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു. വയനാട് സീറ്റിന്റെ കാര്യത്തില്‍ തീരുമാനം നീളുന്നതാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകാന്‍ കാരണം.

Read More: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

വയനാട് സീറ്റിനായി എ, ഐ ഗ്രൂപ്പുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇടുക്കി സീറ്റ് എ ഗ്രൂപ്പിന് നല്‍കിയതിനാല്‍ വയനാട് തങ്ങള്‍ക്ക് വേണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. എന്നാല്‍, സീറ്റ് ആവശ്യത്തിലുറച്ച് എ ഗ്രൂപ്പും നിലപാടെടുത്തു. ടി. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. വയനാട് കിട്ടിയില്ലെങ്കില്‍ സിദ്ദിഖ് വടകരയില്‍ മത്സരിക്കുമോ എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. തര്‍ക്ക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീണ്ടുപോകുകയാണ്. ഇന്ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വയനാട് സീറ്റിലുള്ള തര്‍ക്കം വിലങ്ങുതടിയായി. ടി.സിദ്ദിഖ്, ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍ തുടങ്ങിയ നേതാക്കള്‍ ഇപ്പോഴും ഡല്‍ഹിയിലുണ്ട്.

സീറ്റ് ചര്‍ച്ചകള്‍ക്കായി ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും ഡല്‍ഹിയിലുണ്ട്. ഇന്ന് ചര്‍ച്ചകള്‍ നടത്തിയ ശേഷം നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് നിലവില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, വയനാട്, ആറ്റിങ്ങല്‍, വടകര സീറ്റുകളിലേക്കാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കേണ്ടത്.

Get all the Latest Malayalam News and Election 2019 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.