മുംബൈ: മുംബൈ നോർത്ത് മണ്ഡലത്തിൽനിന്നും ബോളിവുഡ് താരം ഊർമിള മതോന്ദ്കർ മത്സരിക്കുമെന്ന് വെളളിയാഴ്ചയാണ് കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിജെപിയുടെ സിറ്റിങ് എംപി ഗോപാൽ ഷെട്ടിയാണ് ഊർമിളയുടെ എതിരാളി. ഏപ്രിൽ 29 നണ് ഇവിടുത്തെ തിരഞ്ഞെടുപ്പ്.

കോൺഗ്രസ് നേതാവും മുൻ എംപിയുമായ സഞ്ജയ് നിരുപത്തിന് വാഗ്‌ദാനം ചെയ്ത സീറ്റാണ് മുംബൈ നോർത്ത്. പക്ഷേ അദ്ദേഹം അത് നിരസിച്ചു. 2014ലെ തിരഞ്ഞെടുപ്പിൽ ഷെട്ടിയുമായി 3,80,000 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. സഞ്ജയ് നിരുപം സീറ്റ് നിഷേധിച്ചതോടെയാണ് ഊർമിളയെ പകരക്കാരിയാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്.

Read: തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബോളിവുഡ് താരം ഊര്‍മിള മതോന്ദ്കറും

തിരഞ്ഞെടുപ്പ് സ്ഥാനാർഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചതിനുപിന്നാലെ ഊർമിള പ്രചാരണ പരിപാടികളിലും സജീവമായി. ഇന്നലെ ബൊറിവാലിയിൽ ആയിരുന്നു ഊർമിളയുടെ പ്രചാരണം. എന്തുകൊണ്ടാണ് ഒരു സിനിമാ താരത്തെ കൊണ്ടുവരുന്നതെന്ന് ചോദിച്ചാൽ, ജനാധിപത്യത്തിലെ ഒരേയൊരു താരം ജനങ്ങളാണെന്നാണ് നിങ്ങൾ മറുപടി നൽകേണ്ടതെന്ന് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പാർട്ടി പ്രവർത്തകരോടായി ഊർമിള പറഞ്ഞു. സഹിഷ്ണുത നിറഞ്ഞ ഭരണം തിരികെ കൊണ്ടുവരാനാണ് താൻ രാഷ്ട്രീയത്തിൽ ചേർന്നതെന്നും ഇപ്പോഴുളളത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും ഊർമിള അവകാശപ്പെട്ടു. വെറുപ്പ് നിറഞ്ഞ രാഷ്ട്രീയത്തിൽനിന്നും പുറത്തുവരാൻ എത്ര സമയമെടുക്കുമെന്ന് ഓർത്ത് താൻ അദ്ഭുതപ്പെടുന്നുവെന്നും അവർ പറഞ്ഞു.

Urmila Matondkar, ഊർമിള മന്തോദ്കർ, congress, കോൺഗ്രസ്, ie malayalam, ഐഇ മലയാളം

പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കുറിച്ചും ഊർമിള സംസാരിച്ചു. രാജ്യത്തിന് മാതൃകാപരമായ നേതാവാണ് രാഹുൽ ഗാന്ധി. എല്ലാവരെയും തനിക്കൊപ്പം കൊണ്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എല്ലാവരെയും തനിക്കറിയാമെന്ന് അദ്ദേഹം അഭിനയിക്കാറില്ലെന്നും ഊർമിള പറഞ്ഞു.

മുംബൈ നോർത്തിൽ ബോളിവുഡ് താരങ്ങളെ കോൺഗ്രസ് ഇറക്കുന്നത് ഇതാദ്യമല്ല. 2004 ൽ നടൻ ഗോവിന്ദയെ സ്ഥനാർഥിയാക്കി വിജയം നേടിയ ചരിത്രം കോൺഗ്രസിനുണ്ട്. ബിജെപി മുൻ മന്ത്രി റാം നായിക്കിനെയാണ് ഗോവിന്ദ പരാജയപ്പെടുത്തിയത്.

Get all the Latest Malayalam News and Election 2021 News at Indian Express Malayalam. You can also catch all the Lok Sabha Election 2019 Schedule by following us on Twitter and Facebook

.