Latest News
മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം
രാജ്യത്ത് ഇന്നലെ 3,780 കോവിഡ് മരണം, ഏറ്റവും ഉയര്‍ന്ന നിരക്ക്

ബാബുവും വേണം, ജോസഫും വേണം; വിശ്വസ്‌തർക്ക് സീറ്റ് ഒപ്പിക്കാൻ ഉമ്മൻചാണ്ടിയുടെ ചരടുവലി

തൃപ്പൂണിത്തുറയിൽ കെ.ബാബുവിനും ഇരിക്കൂറിൽ കെ.സി.ജോസഫിനും സീറ്റ് നൽകണമെന്ന് ഉമ്മൻചാണ്ടി

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക ഇന്നു പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട്‌ ആറിനു ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് യോഗത്തിനു ശേഷമായിരിക്കും പ്രഖ്യാപനം. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായി സംസ്ഥാന നേതാക്കൾ ചർച്ച നടത്തും. തുടർന്ന് കെപിസിസി അധ്യക്ഷന്റെ നേതൃത്വത്തിലായിരിക്കും സ്ഥാനാർഥി പ്രഖ്യാപനം.

നേമത്ത് സ്ഥാനാർഥിയാകാൻ ഉമ്മൻചാണ്ടി സന്നദ്ധത അറിയിച്ചതായാണ് വിവരം. നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നേമത്ത് മത്സരിക്കണമെങ്കിൽ ഉമ്മൻചാണ്ടി ചില ഉപാധികൾ മുന്നോട്ടുവച്ചതായാണ് സൂചന. ഉമ്മൻചാണ്ടി യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യവും ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

ഉമ്മൻചാണ്ടിയെ ഉയർത്തിക്കാട്ടി തിരഞ്ഞടുപ്പിനെ നേരിട്ടാൽ മികച്ച നേട്ടമുണ്ടാകുമെന്നാണ് പൊതു വിലയിരുത്തൽ. എ ഗ്രൂപ്പ് നേതാക്കളും ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിക്ക് ഗുണകരമാകുമെങ്കിൽ നേമം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ താൻ തയാറാണെന്ന് ഉമ്മൻചാണ്ടി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

എന്നാൽ, മറ്റൊരു സമ്മർദതന്ത്രവും ഉമ്മൻചാണ്ടി പ്രയോഗിക്കുന്നു. ഹെെക്കമാൻഡ് നിർദേശം അനുസരിച്ച് നേമത്ത് മത്സരിക്കാം. പക്ഷേ, തന്റെ വിശ്വസ്‌തർക്ക് സീറ്റ് നൽകണമെന്നാണ് ഉമ്മൻചാണ്ടിയുടെ ആവശ്യം. തൃപ്പൂണിത്തുറയിൽ കെ.ബാബുവിനും ഇരിക്കൂറിൽ കെ.സി.ജോസഫിനും സീറ്റ് നൽകണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയോട് ഉമ്മൻചാണ്ടി തന്റെ നിലപാട് അറിയിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറയിൽ ബാബുവിന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് എ ഗ്രൂപ്പുകാരുടെ വൻ പ്രതിഷേധ പ്രകടനവും നടക്കുന്നു. ഇറക്കുമതി സ്ഥാനാർഥികളെ തങ്ങൾക്ക് വേണ്ട എന്നാണ് ബാബു അനുയായികൾ പറയുന്നത്.

രമേശ് ചെന്നിത്തല ഹരിപ്പാട് തന്നെ മത്സരിക്കും. ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമ്പോൾ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെ സ്ഥാനാർഥിയാക്കാൻ ആലോചന. തൃപ്പൂണിത്തുറയിൽ മുൻ ഐഎഫ്എസ് ഓഫീസർ വേണു രാജാമണി സ്ഥാനാർഥിയായേക്കും.

Read Also: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ: പുതുക്കിയ ടൈം ടേബിൾ ഇങ്ങനെ

കൊട്ടാരക്കരയില്‍ പി.സി.വിഷ്‌ണുനാഥ്. എം ലിജു കായംകുളത്തോ അമ്പലപ്പുഴയിലോ മത്സരിക്കും. രണ്ടുതവണ തോറ്റെങ്കിലും യുവപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ലിജുവിനെ സ്ഥാനാര്‍ഥിയാക്കുന്നത്. കെ.സി.ജോസഫിനും കെ.ബാബുവിനും സീറ്റില്ല.

കണ്ണൂര്‍-സതീശന്‍ പാച്ചേനി, ബാലുശേരി- ധര്‍മജന്‍ ബോള്‍ഗാട്ടി, തൃശൂർ- പത്മജ വേണുഗോപാല്‍, കോന്നി-റോബിന്‍ പീറ്റര്‍, കഴക്കൂട്ടം-എസ്.എസ്.ലാല്‍, മാനന്തവാടി-പി.കെ.ജയലക്ഷ്‌മി, വൈക്കം-ഡോ.പി.ആര്‍.സോന, തരൂര്‍- കെ.എ.ഷീബ, നിലമ്പൂര്‍-വി.വി.പ്രകാശ്, ഇരിക്കൂര്‍-സജീവ് ജോസഫ്/സോണി സെബാസ്റ്റ്യൻ, ഉദുമ-ബാലകൃഷ്‌ണൻ, കൊച്ചി-ടോണി ചമ്മിണി, കൊയിലാണ്ടി-കെ.പി.അനില്‍ കുമാര്‍/എന്‍.സുബ്രഹ്മണ്യന്‍, കോഴിക്കോട് നോർത്ത് – കെ.എം.അഭിജിത്ത്, ചാലക്കുടി – മാത്യു കുഴൽനാടൻ എന്നിവരാണ് അന്തിമ സാധ്യതാ പട്ടികയിൽ ഉള്ളത്.

ജ്യോതി വിജയകുമാറിനെ നേരത്തെ വട്ടിയൂർക്കാവിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ, ശബരിമല യുവതീപ്രവേശനത്തെ പിന്തുണച്ച ജ്യോതിയുടെ നിലപാടിനോട് സംസ്ഥാനത്തെ കോൺഗ്രസിന് എതിർപ്പുണ്ട്. ജ്യോതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയുടെ നിലപാടിനനുസരിച്ച് ആയിരിക്കും.

21 സിറ്റിങ് എംഎൽഎമാരിൽ 20 പേരും ഇത്തവണയും മത്സരിക്കും. കെ.സി.ജോസഫ് (ഇരിക്കൂർ) മാത്രമാണ് സിറ്റിങ് എംഎൽഎമാരിൽ മത്സരിക്കാത്തത്.

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Congress candidate list out kerala assembly election 2021

Next Story
ഇ.ശ്രീധരൻ പാലക്കാട്ട് സ്ഥാനാർഥിയാകും; സംസ്ഥാനത്തുടനീളം താരപ്രചാരകൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com