പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പാലക്കാട്ടെ പൊതുസമ്മേളനത്തില്‍ തൃത്താലയിലെ എൽഡിഎഫ് സ്ഥാനാർഥി എം.ബി.രാജേഷിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി പട്ടാമ്പിയിലെ ബിജെപി സ്ഥാനാര്‍ഥി കെ.എം.ഹരിദാസ്. എം.ബി.രാജേഷിന്റെ ഭാര്യയുടെ സര്‍ട്ടിഫിക്കറ്റില്‍ മുസ്‌ലിം എന്നാണ് രേഖപ്പെടുത്തിരിക്കുന്നതെന്നും രാജേഷ് ബീഫ് ഫെസ്റ്റിലാണ് സ്പെഷലൈസ് ചെയ്തിരിക്കുന്നതെന്നുമായിരുന്നു ഹരിദാസ് പറഞ്ഞത്.
“എം.ബി.രാജേഷ് സ്‌പെഷലൈസ് ചെയ്തിരിക്കുന്നത് ബീഫ് ഫെസ്റ്റിലാണ്. അപ്പുറത്ത് അതിനേക്കാള്‍ വലിയ ബീഫാണുള്ളത്, തൃത്താലയില്‍. ഇപ്പോള്‍ രണ്ട് പേരും ഒരു ബിരിയാണി ചെമ്പിലാണ്. ആ തരത്തില്‍ ഇവിടെ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുള്ള ആ വ്യക്തി കുറച്ച് കാലം മുമ്പ് പറഞ്ഞത് എന്റെ കുട്ടികളെ എയ്ഡഡ് സ്‌കൂളിലാണ് ചേര്‍ത്തിട്ടുള്ളതെന്നാണ്. അവിടെ ചേര്‍ക്കുമ്പോള്‍ കുട്ടികളുടെ മതം ചേര്‍ക്കേണ്ട കോളം ഉണ്ടായിരുന്നു. അതില്‍ ഒന്നും ചേര്‍ത്തില്ല. കാരണം കുട്ടികള്‍ക്ക് മതമില്ലെന്ന് പറഞ്ഞു. എന്നാല്‍ എം.ബി.രാജേഷിന്റെ ഭാര്യയുടെ സര്‍ട്ടിഫിക്കറ്റില്‍ മുസ്‌ലിം മതമാണെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്,” കെ.വി.ഹരിദാസ് പറഞ്ഞു.
Read More: തപാല്‍ വോട്ടിനിടെ പെന്‍ഷനുമായെത്തി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം; അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍
നരേന്ദ്ര മോദി സമ്മേളനത്തിന് എത്തുന്നതിന് മുന്‍പ് വോട്ട് അഭ്യര്‍ത്ഥിച്ചു സ്ഥാനാർഥികള്‍ സംസാരിച്ച കൂട്ടത്തിലായിരുന്നു ഹരിദാസിന്റെ വിവാദ പ്രസ്താവന.
നേരത്തെ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ബി.ഗോപാലകൃഷ്ണന്‍ ക്രിസ്ത്യന്‍ പുരോഹിതനോട് പരസ്യമായി വര്‍ഗീയത പറഞ്ഞു വോട്ട് ചോദിച്ചത് വിവാദമായിരുന്നു. തൃശൂര്‍ നഗരത്തില്‍ കൂടുതല്‍ ക്രിസ്ത്യന്‍ കടകള്‍ ആയിരുന്നുവെന്നും ഇസ്ലാമൈസേഷന്‍ സംഭവിച്ച് കൂടുതല്‍ കടകള്‍ മുസ്‌ലിമിന്റെ ആയെന്നായിരുന്നു ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞത്.