എറണാകുളം: വടകര ലോക്‌സഭാ മണ്ഡലത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കള്‍. കോ-ലീ-ബി സഖ്യമെന്ന ആരോപണത്തില്‍ സിപിഎം ഉറച്ചു നില്‍ക്കുകയാണ്. സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയെന്നും രഹസ്യ ധാരണയുണ്ടെന്നുമാണ് സിപിഎമ്മിന്റെ വിമര്‍ശനം. എന്നാല്‍, സിപിഎമ്മും ബിജെപിയും തമ്മിലാണ് യഥാര്‍ത്ഥത്തില്‍ ധാരണയെന്ന് കോണ്‍ഗ്രസ് തിരിച്ചടിക്കുന്നു.

Read More: അഡ്വാനിയില്ലാത്ത ആദ്യ സ്ഥാനാര്‍ഥി പട്ടിക; ഗാന്ധിനഗറില്‍ അമിത് ഷാ എത്തുമ്പോള്‍

വടകരയില്‍ ആര്‍എംപിയെ കോണ്‍ഗ്രസ് ഉപകരണമാക്കി മാറ്റിയിരിക്കുകയാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍ പറഞ്ഞു. കോ-ലീ-ബി സഖ്യത്തെ പരാജയപ്പെടുത്തിയ ചരിത്രം വടകരയില്‍ ഉണ്ടെന്നും സിപിഎം മികച്ച വിജയം നേടുമെന്നും പി.ജയരാജന്‍ അവകാശപ്പെട്ടു. വടകരയില്‍ എല്ലാ അവിശുദ്ധ കൂട്ടുകെട്ടുകളെയും ഇടത് പക്ഷം തോല്‍പ്പിക്കുമെന്നും അദ്ദേഹം എറണാകുളത്ത് പറഞ്ഞു.

Read More: ‘കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നയം, ഒരേ നിലപാട്’: മുഖ്യമന്ത്രി

തിരഞ്ഞെടുപ്പിനുമുമ്പ് രാഷ്ട്രീയ കേസുകളില്‍ ജാമ്യമെടുക്കാന്‍ എറണാകുളത്തെ കോടതിയില്‍ എത്തിയപ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം. നാലു കേസുകളിലാണ് എറണാകുളത്തെ സിജെഎം കോടതി പി.ജയരാജന് ജാമ്യം അനുവദിച്ചത്. ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ മെയ് 6 വരെയും, പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ കേസില്‍ മാര്‍ച്ച് 28 വരെയും കോടതി ജാമ്യം അനുവദിച്ചു.

കോ-ലീ-ബി സഖ്യമെന്ന വിമര്‍ശനം ഉന്നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പരസ്യ സംവാദത്തിന് വെല്ലുവിളിച്ചു. കോ-ലീ-ബി ആരോപണം കുറേക്കാലമായി കേൾക്കുന്നു. കോടിയേരിയും പിണറായിയും മലർന്നുകിടന്നു തുപ്പരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

എന്താണ് കോ-ലീ-ബി സഖ്യം?

1991 ലാണ് കേരള രാഷ്ട്രീയത്തില്‍ കോ-ലീ-ബി സഖ്യമെന്ന പ്രതിഭാസത്തെ കുറിച്ച് ചര്‍ച്ചയാകുന്നത്. കോണ്‍ഗ്രസ് – ലീഗ് – ബിജെപി സഖ്യമാണ് കോ-ലീ-ബി സഖ്യമെന്ന പേരില്‍ അറിയപ്പെടുന്നത്. സിപിഎമ്മിനെ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാനാണ് 1991 ല്‍ ഈ സഖ്യമുണ്ടായതെന്ന് പറയുന്നു. വടകര ലോക്‌സഭാ മണ്ഡലത്തില്‍ അഡ്വ. എ.രത്‌ന സിങ്ങും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഡോ. കെ.മാധവന്‍കുട്ടിയും സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ലെന്നായിരുന്നു ആരോപണം. എന്നാല്‍, മറ്റെല്ലാവരും ഒന്നിച്ച് നിന്നപ്പോഴും വടകരയിലും ബേപ്പൂരിലും സിപിഎം സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോ-ലീ-ബി സഖ്യത്തെ പരാജയപ്പെടുത്തിയ ചരിത്രം വടകരയിലുണ്ടെന്ന് സിപിഎം അവകാശപ്പെടുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Election news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ